തടയപ്പെട്ട പലസ്തീന്‍ അനുകൂല മൈം വീണ്ടും അവതരിപ്പിച്ചു ; കുമ്പള ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് ബിജെപിയുടെ പ്രതിഷേധം; പലസ്തീന്‍ പതാക കാണിച്ചെന്ന് ആക്ഷേപം

കാസര്‍ഗോഡ്: അവതരണം ഇടയ്ക്ക് വെച്ച് തടയപ്പെട്ട പലസ്തീന്‍ അനുകൂല മൈം വീണ്ടും അവതരിപ്പിച്ചതിന് പിന്നാലെ കുമ്പള ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് ബിജെപിയുടെ പ്രതിഷേധം. പലസ്തീന്‍ പതാക കാണിച്ചതിന്റെ പേരില്‍ കുട്ടികള്‍ക്കെതിരേ കേസെടുക്കണമെന്നും നേരത്തേ പരിപാടി തടഞ്ഞ അദ്ധ്യാപകര്‍ക്കെതിരേ നടപടിയെടുത്ത കാര്യത്തിലുമാണ് പ്രതിഷേധമുണ്ടായത്.
കഴിഞ്ഞദിവസം സ്‌കൂളിന്റെ കലോത്സവവുമായി ബന്ധപ്പെട്ട് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൈം തുടങ്ങിയപ്പോള്‍ തന്നെ ചില അദ്ധ്യാപകര്‍ വേദിയിലേക്ക് കയറിയ കര്‍ട്ടന്‍ ഇടുവിക്കുകയായിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് കാരണമായി മാറിയിരുന്നു. എംഎസ്എഫും എസ്എഫ്ഐ യും പോലെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുകയും ഇന്ന് പരിപാടി നടത്താന്‍ വീണ്ടും അവസരം നല്‍കുകയും ചെയ്തു.
കഴിഞ്ഞദിവസം തടയപ്പെട്ട മൈം ഇന്ന് വീണ്ടും അവതരിപ്പിക്കാന്‍ അവസരം നല്‍കി. ഇതിന് പിന്നാലെയായിരുന്നു ബിജെപി പ്രതിഷേധവുമായി സ്‌കൂളിലേക്ക് എത്തിയത്. പാലസ്തീന്റെ കൊടി കാണിക്കാന്‍ പാടില്ല എന്ന ആരോപണം ഉന്നയിച്ചാണ് ബിജെപി പ്രതിഷേധിച്ചത്. കഴിഞ്ഞദിവസം മൈം തടഞ്ഞ സംഭവത്തിനിടയില്‍ പാലസ്തീന്‍ കൊടി കാണിച്ചെന്നാണ് ബിജെപിയുടെ ചൂണ്ടിക്കാട്ടുന്നത്.





