Breaking NewsMovie

സിനിമയില്‍ നിന്ന് ‘ആത്മീയമായ ഇടവേള’യെടുത്ത നടന്‍ രജനികാന്ത് ആത്മീയ യാത്രയില്‍ ; ഭാവിയില്‍ താരവുമായി ഒന്നിക്കാനുള്ള സാധ്യതകള്‍ വ്യക്തമാക്കി ഉലകനായകന്‍

സിനിമയില്‍ നിന്ന് ‘ആത്മീയമായ ഇടവേള’യെടുത്ത നടന്‍ രജനികാന്ത് ആത്മീയ യാത്രയില്‍. അടുത്ത സുഹൃത്തുക്കളോടൊപ്പം ഋഷികേശിലേക്കും ദ്വാരഹട്ടിലേക്കും പോയ അദ്ദേഹത്തിന്റെ ഹിമാലയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണം കഴിക്കുന്നതും സ്വാമി ദയാനന്ദന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതും ചിത്രങ്ങളില്‍ കാണാം.

ഗംഗയുടെ തീരത്ത് ധ്യാനിക്കാനും ഗംഗാ ആരതിയില്‍ പങ്കെടുക്കാനും അദ്ദേഹം സമയം കണ്ടെത്തി. അമര്‍ ഉജാലയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, നടന്‍ ഞായറാഴ്ച ദ്വാരഹട്ടിലേക്ക് പോയി. ഋഷികേശില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ഇതിനിടയില്‍ രജനീകാന്തുമായി സഹകരിക്കുമെന്ന് കമല്‍ഹാസനും വ്യക്തമാക്കി.

Signature-ad

കഴിഞ്ഞ മാസം, ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കമല്‍ ഹാസന്‍ തന്റെ അടുത്ത വലിയ പ്രോജക്റ്റിനെക്കുറിച്ച് മറുപടി നല്‍കിയിരുന്നു. രജനികാന്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: ‘ഞങ്ങള്‍ മുമ്പും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്… ഭാവിയിലും പ്രവര്‍ത്തിക്കും… നമുക്കത് ചെയ്യാം.’

അതേ മാസം ദുബായില്‍ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കവെ കമല്‍ ഹാസന്‍ ഈ വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു. പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു: ‘ഞങ്ങള്‍ പണ്ടേ ഒന്നിച്ചതാണ്, പക്ഷേ ഒരു ബിസ്‌ക്കറ്റ് പകുത്തെടുത്ത് ഞങ്ങള്‍ക്ക് പകുതി വീതം തന്നപ്പോള്‍ അകന്നുനില്‍ക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും മുഴുവന്‍ ബിസ്‌ക്കറ്റ് വേണമായിരുന്നു, അത് ഞങ്ങള്‍ക്ക് കിട്ടുകയും നന്നായി ആസ്വദിക്കുകയും ചെയ്തു. ഇപ്പോള്‍ ഞങ്ങള്‍ വീണ്ടും പകുതി ബിസ്‌ക്കറ്റില്‍ സംതൃപ്തരാണ്, അതുകൊണ്ട് ഞങ്ങള്‍ ഒന്നിച്ചു.’

‘ഞങ്ങള്‍ക്ക് അത്തരം അവസരങ്ങള്‍ ലഭിച്ചത് ഒരു വലിയ കാര്യമാണ്. ഞങ്ങള്‍ ഒരുപാട് കാലം മുമ്പേ ഇങ്ങനെയാകാനും ഒരു മാതൃക വെക്കാനും തീരുമാനിച്ചിരുന്നു. അദ്ദേഹം അങ്ങനെയായിരുന്നു, ഞാനും അങ്ങനെയായിരുന്നു. അതിനാല്‍ ഈ പുനഃസമാഗമം ബിസിനസ്പരമായി ഒരു അത്ഭുതമായി തോന്നാമെങ്കിലും, ഞങ്ങള്‍ക്കതില്‍ വലിയ അതിശയമില്ല. ഒരുപാട് കാലം മുമ്പേ സംഭവിക്കേണ്ടിയിരുന്ന ഒരു കാര്യം ഇപ്പോള്‍ സംഭവിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷം മാത്രമേയുള്ളൂ,’ നടന്‍ കൂട്ടിച്ചേര്‍ത്തു.

Back to top button
error: