ഗണേശ്കുമാറിന്റെ ഉന്നം എന്‍എസ്എസിന്റെ അടുത്ത ജനറല്‍ സെക്രട്ടറി പദം ; അതിനാണ് സുകുമാരന്‍നായരുടെ മൂട് താങ്ങുന്നതെന്ന് പത്തനംതിട്ട മയിലാടുപ്പാറയിലെ എന്‍എസ്എസ് കരയോഗം

പത്തനംതിട്ട: എന്‍എസ്എസിന്റെ അടുത്ത ജനറല്‍ സെക്രട്ടറി ആകാനാണ് മന്ത്രി ഗണേശ് കുമാറിന്റെ നീക്കമെന്നും അതിനാണ് അദ്ദേഹം സുകുമാരന്‍ നായരുടെ മൂടു താങ്ങുന്നതെന്നും ആക്ഷേപിച്ച് എന്‍എസ്എസ് കരയോഗം. മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നത് പത്തനംതിട്ട മയിലാടുപ്പാറയിലെ എന്‍എസ്എസ് കരയോഗമാണ്.
കരയോഗം വൈസ് പ്രസിഡന്റ് ഹരീഷാണ് വിമര്‍ശനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ പിന്തുണച്ചു മന്ത്രി കെ ബി ഗണേഷ് കുമാര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് വിമര്‍ശനം. സുകുമാരന്‍ നായര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരസ്യ പ്രതികരണത്തിന് പുറമേ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെയും മന്ത്രിക്കെതിരെയും പ്രദേശത്ത് ഫ്‌ലക്‌സുകളും ഉയര്‍ന്നിട്ടുണ്ട്. തിരുവല്ല കായ്ക്കലിലും സുകുമാരന്‍ നായര്‍ക്കെതിരെ ഇന്നും ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അയ്യപ്പഭക്തരെയും സമുദായത്തെയും ഒന്നടങ്കം അധിക്ഷേപിച്ച സുകുമാരന്‍ നായര്‍ രാജിവെക്കണമെന്നാണ് ആവശ്യം.
സേവ് നായര്‍ സൊസൈറ്റിയുടെ പേരിലായിരുന്നു പ്രതിഷേധ ഫ്‌ലക്‌സുകള്‍. ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സ്വീകരിച്ച സര്‍ക്കാര്‍ അനുകൂല നിലപാടില്‍ താഴെത്തട്ടില്‍ വലിയ പ്രതിഷേധം പുകയുകയാണ്.






