Breaking NewsKeralaLead Newspolitics

‘ശബരിമല കേസുകള്‍ ജനറല്‍ സെക്രട്ടറി മറന്നോ? നൂറുകണക്കിന് ഹിന്ദുക്കളുടെ ജീവിതം ഇന്നും കോടതി വരാന്തയില്‍’ ; സുകുമാരന്‍ നായരെ വിടാന്‍ ഉദ്ദേശമില്ല, പത്തനംതിട്ടയില്‍ വീണ്ടും പോസ്റ്ററുകള്‍

പത്തനംതിട്ട: ആഗോളഅയ്യപ്പസംഗമത്തിന് പിന്തുണയും സര്‍ക്കാരിന് അനൂകൂലമായ നിലപാടും പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെ സുകുമാരന്‍ നായര്‍ക്കെതിരേ പത്തനംതിട്ടയില്‍ വീണ്ടും പോസ്റ്ററുകള്‍. ചങ്ങനാശ്ശേരിയില്‍ വരവ് ചെലവ് കണക്കുകള്‍ പാസ്സാക്കാനായി ചേര്‍ന്ന പൊതുയോഗത്തിനും പ്രതിനിധി സമ്മേളനത്തിനും ശേഷം സുകുമാരന്‍ നായര്‍ നിലപാട് ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കലഞ്ഞൂരില്‍ വീണ്ടും ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കലഞ്ഞൂരില്‍ തന്നെ ഇതോടെ രണ്ടു ഫ്്‌ളക്‌സുകളായി മാറിയിട്ടുണ്ട്. ‘മന്നത്ത് പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ വഞ്ചിച്ചു. ശബരിമല കേസുകള്‍ ജനറല്‍ സെക്രട്ടറി മറന്നോ. നൂറുകണക്കിന് ഹിന്ദുക്കളുടെ ജീവിതം ഇന്നും കോടതി വരാന്തയില്‍.’ എന്ന ഉള്ളടക്കത്തോടെയാണ് ഇരു ഫ്ളക്സുകളും ഉയര്‍ന്നിരിക്കുന്നത്. പത്തനംതിട്ടയിലേത് കൂടാതെ ഇന്ന് ശാസ്താംകോട്ട വേങ്ങയിലും എന്‍എസ്എസ് നേതൃത്വത്തിനെതിരെ വീണ്ടും ബാനര്‍ ഉയര്‍ന്നിരുന്നു.

Signature-ad

കരുനാഗപ്പള്ളി താലൂക്ക് യൂണിയന്റെ ഭാഗമായ ശാസ്താംകോട്ട വേങ്ങയിലാണ് വീണ്ടും പുതിയ ബാനര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സമുദായത്തെ ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ച നേതൃത്വം സമുദായത്തിന് തന്നെ നാണക്കേടെന്നും ബാനറില്‍ വിമര്‍ശനമുണ്ട്. ‘സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ വിശ്വാസങ്ങള്‍ക്കും സാമുദായിക കാഴ്ചപ്പാടുകള്‍ക്കും അതീതമോ’യെന്നും ഫ്ളക്സില്‍ ചോദ്യമുന്നയിക്കുന്നുണ്ട്. എന്‍ എസ് എസ് ട്രഷര്‍ അഡ്വ എന്‍ വി അയ്യപ്പന്‍ പിള്ളയുടെ താലൂക്കില്‍പ്പെട്ട കരയോഗത്തിന് മുന്നിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്.

തിരുവനന്തപുരത്ത് നരുവാക്കാട്ടെ നടുക്കാട് എന്‍എസ്എസ് കരയോഗത്തിന് മുന്നിലായിരുന്നു ഇന്നലെ പോസ്റ്റര്‍ സ്ഥാപിച്ചത്. നായര്‍ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍’ എന്നാണ് ഫ്‌ളക്‌സിലെ വാചകം. കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്ന ചിത്രവും ഫ്‌ളക്‌സ് ബോര്‍ഡിലുണ്ടായിരുന്നു. പത്തനംതിട്ടയിലും ജി സുകുമാരന്‍ നായര്‍ക്കെതിരെ ഇന്നലെ ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു. സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടാണെന്ന് കുറ്റപ്പെടുത്തുന്നതായിരുന്നു പോസ്റ്റര്‍. ‘കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേട്’ എന്ന് പോസ്റ്ററില്‍ വിമര്‍ശിച്ചിരുന്നു.

അതേസമയം ഇന്ന് പൊതുയോഗത്തിന് എത്തിയ സുകുമാരന്‍ നായരോട് പല കരയോഗങ്ങളിലും ഉയര്‍ന്നിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. ഇതിന് അതിനെന്താ തനിക്ക് ഒരു പ്രശസ്തിയായല്ലോ എന്നായിരുന്നു മറുപടി. എന്‍എസ്എസ് മന്നത്തിന്റെ കാലത്ത് സ്വീകരിച്ച സമദൂര സത്യത്തിനൊപ്പമാണ് നീങ്ങുന്നതെന്നും രാഷ്ട്രീയ നിലപാട് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതായിട്ടുമായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം.

Back to top button
error: