കെട്ടിപ്പിടിച്ച് ഒരുമ്മ അങ്ങോട്ട് കൊടുത്തപ്പോള്‍ അവര്‍ ഞെട്ടിപ്പോയി…ആദ്യമായിട്ടാണ് ഒരാള്‍ അങ്ങിനെ ചെയ്യുന്നത് ; മാതാ അമൃതാനന്ദമയിയെ ആശ്‌ളേഷിച്ച സംഭവത്തില്‍ വിശദീകരണവുമായി സജി ചെറിയാന്‍

പത്തനംതിട്ട: മാതാ അമൃതാനന്ദമയിയെ കെട്ടിപ്പിടിച്ച് ഒരുമ്മ അങ്ങോട്ട് കൊടുത്തുവെന്നും അതില്‍ അവര്‍ ഞെട്ടിപ്പോയെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ആദ്യമായിട്ടാണ് അമ്മയ്ക്ക് ഒരാള്‍ അങ്ങോട്ട് ഉമ്മ കൊടുക്കുന്നത്. അമ്മയുടെ നിഷ്‌കളങ്കമായ ചുംബനം തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്നും അതുകൊണ്ടാണ് താന്‍ അഭിനന്ദിക്കാന്‍ പോയതെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്.
ചെങ്ങന്നൂരിലെ ഒരു പരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം. നേരത്തേ അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യമുണ്ടെങ്കില്‍ സജി ചെറിയാനോട് തന്നെ പോയി ചോദിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
എല്‍ഡിഎഫ് യഥാര്‍ത്ഥ വിശ്വാസങ്ങളെ സ്വീകരിക്കുമെന്നും മതങ്ങളെ ഉള്‍ക്കൊള്ളുമെങ്കിലൂം മതഭ്രാന്തിനൊപ്പം നില്‍ക്കില്ലെന്നും പറഞ്ഞു. അമൃതാനന്ദമയിയെ ആദരിച്ച സംഭവത്തില്‍ സര്‍ക്കാരിനും മന്ത്രി സജി ചെറിയാനുമെതിരെ വ്യാപക വിമര്‍ശനം നേരത്തേ ഉയര്‍ന്നിരുന്നു. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്.
അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലായിരുന്നു ചടങ്ങ് നടന്നത്. അമൃതാനന്ദമയിയുടെ 72-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ആയിരുന്നു ആദരം. സംവിധായകന്‍ പ്രിയനന്ദനന്‍, മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ് അടക്കമുള്ളവര്‍വിമര്‍ശനവുമായി രംഗത്തെത്തി. മന്ത്രി സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെയും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സജിചെറിയാന്‍ മറുപടിയുമായി വന്നത്.






