കേരളബ്‌ളാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ; മഞ്ഞപ്പട സൂപ്പര്‍കപ്പില്‍ കളിക്കാനിറങ്ങുന്നു ; മുംബൈസിറ്റിയും ഹൈദരാബാദ് എഫ്‌സിയും രാജസ്ഥാന്‍ യുണൈറ്റഡും കൊമ്പന്മാരുടെ ഗ്രൂപ്പില്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ ഭാവി ആശങ്കയിലായിരിക്കെ മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് വീണ്ടും ആവേശം സമ്മാനിച്ചുകൊണ്ട് സൂപ്പര്‍കപ്പില്‍ കേരളബ്‌ളാസ്‌റ്റേഴ്‌സ് പന്തു തട്ടാനിറങ്ങുന്നു. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിടുന്ന സൂപ്പര്‍ കപ്പ് 2025 നുള്ള മത്സരക്രമമായി. ഗോവയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ബ്‌ളാസ്‌റ്റേഴ്‌സ് കരുത്തന്മാരുടെ ഗ്രൂപ്പില്‍.
രണ്ട് ഐഎസ്എല്‍ ചാംപ്യന്മാര്‍ക്കൊപ്പം കളിക്കാനിറങ്ങുന്ന ബ്‌ളാസ്‌റ്റേഴ്‌സിനൊപ്പം ഡി ഗ്രൂപ്പില്‍ മുംബൈ സിറ്റിയും ഹൈദരാബാദും ഐ-ലീഗ് ക്ലബ്ബായ രാജസ്ഥാന്‍ യുണൈറ്റഡ് എഫ്സിയുമാണ് ഉള്ളത്. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം ഒക്ടോബര്‍ 30-ന് രാജസ്ഥാന്‍ യുണൈറ്റഡ് എഫ്സിക്കെതിരെയാണ്. രണ്ടാമത്തെ മത്സരം നവംബര്‍ 3-ന് ഹൈദരാബാദ് എഫ്സിയുമായി നടക്കും.
ഈ ആദ്യ രണ്ട് മത്സരങ്ങള്‍ക്കും ബാംബോലിം സ്റ്റേഡിയമാണ് വേദിയാകുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍, നവംബര്‍ 6-ന് ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ വെച്ച് മുംബൈ സിറ്റി എഫ്സിയെയും മഞ്ഞപ്പട നേരിടും.
നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്നതില്‍ ഈ മത്സരം നിര്‍ണായകമായേക്കാം. ഹെഡ് കോച്ച് ഡേവിഡ് കാറ്റാലയുടെ കീഴില്‍ പൂര്‍ണ ആത്മവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയും ആയിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിനെ സമീപിക്കുക .






