Breaking NewsIndiaLead NewsNEWS

ജിഎസ്ടി 2.0: ഇന്നു മുതല്‍ 413 ഉത്പന്നങ്ങള്‍ക്ക് വിലകുറയും; രാജ്യത്തെ ഏറ്റവും വലിയ കാല്‍വെപ്പ്

ന്യൂഡല്‍ഹി: ചരക്ക്-സേവന നികുതിയിലെ (ജിഎസ്ടി) ഏറ്റവുംവലിയ പരിഷ്‌കരണം പ്രാബല്യത്തിലായി. 12, 28 സ്ലാബുകള്‍ ഒഴിവാക്കി അഞ്ച്, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുന്നതോടെ 90 ശതമാനം വസ്തുക്കളുടെയും വിലകുറയും. കൂടാതെ ആഡംബര ഉത്പന്നങ്ങള്‍ക്കും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനിയുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്കും ലോട്ടറിക്കും 40 ശതമാനം എന്ന ഉയര്‍ന്നനിരക്കും നടപ്പാക്കുകയാണ്.

ഇടത്തരം വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമാക്കിയതോടെയുള്ള വിലക്കുറവ് ഉപഭോക്താക്കളിലേക്ക് പൂര്‍ണമായി കൈമാറാന്‍ വാഹനനിര്‍മാതാക്കള്‍ തയ്യാറായിട്ടുണ്ട്. തിങ്കളാഴ്ചമുതല്‍ വിലയിലുള്ള കുറവ് ഓരോ ഉത്പന്നത്തിലും പ്രദര്‍ശിപ്പിക്കും. ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍, 33 ജീവന്‍ സുരക്ഷാമരുന്നുകള്‍ എന്നിവയുടെയും ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കുന്ന റെയില്‍നീര്‍ കുപ്പിവെള്ളത്തിന്റെ വിലയില്‍ ഒരുരൂപയുടെ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Signature-ad

413 ഉത്പന്നങ്ങളുടെ വിലകുറയും. 48,000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

വിലകുറയും (പുതിയ നിരക്ക് %)

5% ഫീഡിങ് ബോട്ടില്‍, കുട്ടികള്‍ക്കുള്ള നാപ്കിന്‍, ക്‌ളിനിക്കല്‍ ഡയപ്പര്‍, തുന്നല്‍യന്ത്രവും ഭാഗങ്ങളും, വസ്ത്രങ്ങള്‍,(2500 രൂപയില്‍ താഴെ), ജൈവകീടനാശിനികള്‍

0% – മാപ്പ്, ചാര്‍ട്ട്, ഗ്ലോബ്, പെന്‍സില്‍, ഷാര്‍പ്പര്‍, നോട്ടുബുക്കുകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ്

18% – എസി, എല്‍ഇഡി, എല്‍സിഡി ടിവികള്‍(32ഇഞ്ചിന് മുകളില്‍), മോണിറ്റര്‍, ഡിഷ് വാഷര്‍, ഗ്രാനൈറ്റ്, സിമന്റ്, 1200 സിസി വരെയുള്ള പെട്രോള്‍, സിഎന്‍ജി കാറുകള്‍, ഡീസല്‍ കാറുകള്‍ (1500 സിസിവരെ), മുച്ചക്ര വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍ (350സിസിക്ക് താഴെ)

വില കൂടും

40% – പുകയില, പാന്‍മസാല, ആഡംബര വാഹനങ്ങള്‍, 20 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെ വിലയുള്ള നാലുചക്ര ഇലക്ട്രിക് വാഹനങ്ങള്‍

അതേസമയം, ജിഎസ്ടി പരിഷ്‌കരണം രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ മാറ്റിമറിക്കുമെന്നും സര്‍വതോമുഖ പുരോഗതിയിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കുതിപ്പേകും. സ്വദേശി ഉത്പന്നങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിക്കണം. പരിഷ്‌കരിച്ച ജിഎസ്ടി നിരക്കുകള്‍ തിങ്കളാഴ്ച നിലവില്‍വരാനിരിക്കേ ഞായറാഴ്ച വൈകീട്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.

നവരാത്രിയുടെ ആദ്യദിനത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന കാഴ്ചപ്പാടില്‍ രാജ്യം വലിയ കാല്‍വെപ്പ് നടത്തുകയാണ്. ജിഎസ്ടി ബചത് ഉത്സവ് (ജിഎസ്ടി സമ്പാദ്യ ഉത്സവം) നവരാത്രിയുടെ ആദ്യദിനം ആരംഭിക്കും. -പ്രധാനമന്ത്രി പറഞ്ഞു. നാഗരിക് ദേവോ ഭവ ( പൗരന്‍മാര്‍ ദൈവത്തിന് സമാനം ) എന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനെന്നും ഇന്ത്യയില്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളേ ഉപയോഗിക്കുകയോ വില്‍ക്കുകയോ ചെയ്യുകയുള്ളു എന്ന് പറയുന്ന ചിന്താഗതി ഓരോ പൗരനും ഉണ്ടാകണമെന്നും മോദി പറഞ്ഞു.

Back to top button
error: