Breaking NewsIndiaLead NewsLIFEMovieNEWSNewsthen SpecialSocial MediaTRENDING

‘എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ’: ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡിനു പിന്നാലെ ആദ്യ പ്രതികരണവുമായി മോഹന്‍ലാല്‍; ‘ഉള്‍പ്പുളകത്തോടെ ഏറ്റുവാങ്ങുന്നു; അവാര്‍ഡ് ദാനച്ചടങ്ങില്‍ എന്തുവന്നാലും പങ്കെടുക്കും’

ചെന്നെ: ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതിനു പിന്നാലെ ആദ്യ പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍. ഈ നേട്ടം സാധ്യമാക്കിത്തന്ന എല്ലാവര്‍ക്കും നന്ദിയെന്നും അത്യപൂര്‍വമായ കാര്യം, വലിയ സന്തോഷമെന്നും അദ്ദേഹം പ്രതികരിച്ചു. 48 വര്‍ഷത്തെ സിനിമ ജീവിതത്തിലെ വലിയ ബഹുമതി. ഉള്‍പുളകത്തോടെ ഏറ്റുവാങ്ങുന്നു. ഒരുപാടുപേര്‍ക്കുള്ള പ്രചോദനമാണ്. ഈ സന്തോഷം എല്ലാവര്‍ക്കുമായും പങ്കുവയ്ക്കുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു. പുരസ്‌കാരം വൈകിയോ എന്ന ചോദ്യത്തിന് എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ എന്നായിരുന്നു മലയാളത്തിന്റെ പ്രിയ താരത്തിന്റെ മറുപടി.

ചെന്നൈയില്‍ ഷൂട്ടിങിനിടയില്‍ നിന്നാണ് മോഹന്‍ലാല്‍ സംസാരിച്ചത്. കിട്ടാവുന്ന വലിയൊരു അംഗീകാരമാണ് ഫാല്‍ക്കെ പുരസ്‌കാരമെന്നും തിരഞ്ഞെടുത്ത ജൂറിക്കും സര്‍ക്കാറിനും നന്ദിയെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. ഈ നേട്ടത്തില്‍ തന്റെ കൂടെ സഞ്ചരിച്ചിരുന്ന, ഇപ്പോള്‍ സഞ്ചരിക്കുന്ന, ഇനി സഞ്ചരിക്കാന്‍ പോകുന്ന എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബത്തിനും സിനിമാ കുടുംബത്തിലുള്ള ഓരോരുത്തര്‍ക്കും അദ്ദേഹം നന്ദി പറയുകയായിരുന്നു.

Signature-ad

ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്നും ഈ ഒഴുക്കിനോടൊപ്പം സഞ്ചരിക്കാം അത് എവിടെക്കൊണ്ട് അവസാനിക്കുന്നുവോ അതുവരെ ഈ ജോലിയോട് സത്യസന്ധമായും കൂറ് പുലര്‍ത്തിയും ബഹുമാനപൂര്‍വവും താന്‍ മുന്നോട്ട് പോകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചടങ്ങില്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കിട്ടേണ്ടിയിരുന്നതായിരുന്നില്ലേ എന്ന ചോദ്യത്തിന് അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല എല്ലാറ്റിനും അതിന്റേതായ സമയമില്ലേ ദാസാ എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. ‘വളരെ അധികം സന്തോഷമുണ്ട്. എനിക്ക് ഇങ്ങനെ പറയാനേ അറിയുള്ളൂ. എന്നെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കുമായി ഈ സന്തോഷം മുഴുവനും ഞാന്‍ പങ്കിടുന്നു’ മോഹന്‍ലാല്‍ പറഞ്ഞു.

ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല് 2023 ലെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരത്തിന് അര്‍ഹനായത്. ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയാണ് ഫാല്‍ക്കെ. വാര്‍ത്താ വിജ്ഞാപന മന്ത്രാലയമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അഭിനയം, സംവിധാനം, നിര്‍മ്മാണം തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് മോഹന്‍ലാലിന് പുരസ്‌കാരം നല്‍കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ഈ മാസം 23, ചൊവ്വാഴ്ച നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. 2004-ല്‍ മലയാളിയായ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ലഭിച്ചിരുന്നു. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മലയാളിയാണ് മോഹന്‍ലാല്‍. കഴിഞ്ഞ വര്‍ഷം ഈ പുരസ്‌കാരം ലഭിച്ചത് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു.

mohanlal-reacts-after-winning-dadasaheb-phalke-award-greatest-honour-in-my-48-year-journey

Back to top button
error: