ജി.എസ്.ടി. ഒഴിവാക്കിയ സാഹചര്യത്തില്‍ മില്‍മ പാല് വില വര്‍ധിപ്പിക്കില്ലെന്ന് ചെയര്മാന്; കടുത്ത വിയോജിപ്പുമായി എറണാകുളം മേഖലാ യൂണിയന്; ജനുവരിയില്‍ വില വര്‍ധിപ്പിച്ചേക്കും

തിരുവനന്തപുരം: മില്‍മ പാല് വില വര്‍ധിപ്പിക്കില്ല. ജി.എസ്.എടി ഒഴിവാക്കിയ പശ്ചാത്തലത്തില്‍ തല്ക്കാലം വിലവര്‍ധന വേണ്ടെന്ന ഡയറക്ടര്‍ ബോര്‍ഡില്‍ തീരുമാനം. വില വര്‍ധന വേണമോയെന്ന കാര്യം അടുത്ത വര്‍ഷം ആദ്യം വീണ്ടും പരിശോധിക്കുമെന്ന് ചെയര്മാന് കെ.എസ് മണി അറിയിച്ചു. തീരുമാനത്തില്‍ പ്രതിഷേധിച്ച് മില്‍മ എറണാകുളം മേഖല പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
കൊഴുപ്പ് കൂടിയ പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും ജി.എസ്.ടി ഒഴിവാക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇത് ഈ മാസം 22ന് പ്രാബല്യത്തില്‍ വരും. ഇതേസമയത്ത് തന്നെ പാല് വില വര്‍ധിപ്പിക്കുന്നത് വലിയ പ്രതിഷേധത്തിന് കാരണമാകുമെന്ന് കണ്ടാണ് വില വര്‍ധന വേണ്ടെന്ന തീരുമാനത്തിലേക്ക് മില്‍മ ഡയറക്ടര്‍ ബോര്‍ഡ് എത്തിയത്. ഇതേ ശുപാര്‍ശയാണ് വില വര്‍ധന പഠിക്കാന്‍ നിയോഗിച്ച വിദഗ്ദ സമിതി നല്‍കിയതെന്നും ഭൂരിഭാഗം അംഗങ്ങളും അതിനോട് യോജിച്ചുവെന്നും ചെയര്മാന് കെ.എസ് മണി അറിയിച്ചു.
അതേസമയം തീരുമാനത്തോട് കടുത്ത വിയോജിപ്പ് പ്രകടപ്പിച്ച് മില്‍മ എറണാകും മേഖല പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. വില വര്‍ധന വേണ്ടെന്ന തീരുമാനം താല്‍ക്കാലികം മാത്രമാണെന്നാണ് അറിയുന്നത്. അടുത്ത വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വില വര്‍ധന വേണമോയെന്ന കാര്യം വീണ്ടും പരിഗണിക്കാന്‍ വിദഗ്ദ വിഗ്ദ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അപ്പോഴത്തെ സാഹചര്യം പരിഗണിച്ച് അക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മില്‍മ ചെയര്മാന് അറിയിച്ചു.






