ഇടത് ചക്രത്തില്‍ നിന്ന് പുക വരുന്നുണ്ടെന്ന് പറഞ്ഞ് വാഹനം നിര്‍ത്തിച്ചു ; നന്നാക്കിയെന്ന് പറഞ്ഞ് 18,000 രൂപ വാങ്ങി, തട്ടിപ്പുകാര്‍ മെക്കാനിക്കുകളായി ചമഞ്ഞ് പ്രായമായവരെ ഇരയാക്കി പണം തട്ടുന്നു

ബംഗലുരു: വാഹനം കേടായെന്ന് വിശ്വസിപ്പിച്ച് പ്രായമായവരില്‍ നിന്നും പണം തട്ടുന്ന പുതിയ തന്ത്രങ്ങളുമായി മോഷ്ടാക്കള്‍ രംഗത്ത്. ബെംഗളൂരുവിലെ ഹൊസൂര്‍ റോഡിലാണ് തട്ടിപ്പുകാരുടെ പരിപാടികള്‍. മെക്കാനിക്കുകളായി ചമഞ്ഞെത്തി യാത്രക്കാരെ, പ്രത്യേകിച്ച് പ്രായമായവരെ കബളിപ്പിക്കുകയാണ് ചെയ്യുന്നു. 70 വയസ്സുള്ള ദമ്പതികളാണ് സംഭവത്തിന്റെ ഇര.
ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് കാറില്‍ വരുന്ന വഴിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഹെണ്ണഗര മെയിന്‍ റോഡിന് സമീപം വെച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ ഇവരുടെ കാര്‍ തടഞ്ഞു. കാറിന്റെ ഇടത് ചക്രത്തില്‍ നിന്ന് പുക വരുന്നുണ്ടെന്ന് അവര്‍ ദമ്പതികളെ വിശ്വസിപ്പിച്ചു. കാര്‍ നിര്‍മ്മാതാക്കളുടെ സര്‍വീസ് മെക്കാനിക്കുകളാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇവര്‍ കാറിന്റെ ബോണറ്റ് തുറക്കാനും എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാനും അവര്‍ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തപ്പോള്‍ തീപ്പൊരി കണ്ടെന്ന് തട്ടിപ്പുകാര്‍ പറഞ്ഞു. സുരക്ഷയ്ക്കായി കേടായ ‘സെന്‍സര്‍’ ഉടന്‍ മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
അതിലൊരാള്‍ ഒരു ചെറിയ ഉപകരണം കാറില്‍ ഘടിപ്പിക്കുന്നതായി അഭിനയിക്കുകയും, പിന്നീട് നന്നാക്കിയതിന് 18,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. ഓണ്‍ലൈന്‍ പേയ്മെന്റ് സ്വീകരിക്കില്ലെന്നും പണമേ സ്വീകരിക്കൂ എന്നും അവര്‍ പറഞ്ഞു. വയോധികന്‍ അടുത്തുള്ള എടിഎമ്മില്‍ പോയി ഭാര്യയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ച് നല്‍കി. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, ആ ദമ്പതികള്‍ ഒരു അംഗീകൃത സര്‍വീസ് സെന്ററില്‍ പോയപ്പോഴാണ് തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കിയത്.
കാറില്‍ സെന്‍സറൊന്നും മാറ്റിയിട്ടില്ലെന്നും കാറിന് യാതൊരു കേടുപാടുമില്ലായിരുന്നെന്നും അവര്‍ മനസ്സിലാക്കി. തനിക്ക് പറ്റിയ അബദ്ധം മറ്റാര്‍ക്കും സംഭവിക്കാതിരിക്കാന്‍ ഇത് എല്ലാവര്‍ക്കും ഒരു മുന്നറിയിപ്പാണ് എന്ന് അദ്ദേഹം പറഞ്ഞു. സമാനമായ മറ്റൊരു സംഭവവും എക്സില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹൊസൂര്‍ റോഡില്‍ ‘സുരക്ഷാ ഫീസ്’ എന്ന പേരില്‍ 400 രൂപ തട്ടിയെടുത്ത ഒരു സംഘത്തെക്കുറിച്ച് ഒരു ഉപയോക്താവ് പരാതിപ്പെട്ടു.






