Breaking NewsLead NewsNEWSSports

എല്ലാം മറക്കാറായിട്ടില്ല! കൈകൊടുക്കാന്‍ കാത്തിരുന്ന് പാക് താരങ്ങള്‍; ഡ്രസ്സിങ് റൂമിന്റെ വാതിലടച്ച് ഇന്ത്യ, അഭിമുഖം റദ്ദാക്കി അഗ

ദുബായ്: ഏഷ്യാകപ്പില്‍ പാകിസ്താനെ തകര്‍ത്തതിന് പിന്നാലെ കൈകൊടുക്കാതെ ഇന്ത്യന്‍ താരങ്ങള്‍ മടങ്ങിയതില്‍ പാക് താരങ്ങള്‍ക്ക് അതൃപ്തി. പാക് നായകന്‍ സല്‍മാന്‍ അഗ മത്സരശേഷമുള്ള അഭിമുഖം റദ്ദാക്കി. വാര്‍ത്താസമ്മേളനത്തില്‍ ഹസ്തദാനത്തിനായി തങ്ങള്‍ കാത്തിരിന്നുവെന്ന് പരിശീലകന്‍ മൈക്ക് ഹെസ്സന്‍ സൂചിപ്പിക്കുകയും ചെയ്തു. മത്സരശേഷമുള്ള ദൃശ്യങ്ങള്‍ വ്യപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പാകിസ്താനെ ഏഴുവിക്കറ്റിന് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. ടോസ് സമയത്തും ഇരുടീമുകളുടെയും നായകന്മാര്‍ ഹസ്തദാനം ചെയ്തിരുന്നില്ല. മത്സരത്തിനു ശേഷവും ഹസ്തദാനം വേണ്ടെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു ടീം ഇന്ത്യ. 16-ാം ഓവറില്‍ സിക്സറടിച്ച് നായകന്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.

Signature-ad

മത്സരശേഷം പാക് താരങ്ങള്‍ ഹസ്തദാനത്തിനായി കാത്തിരുന്നെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ അത് ശ്രദ്ധിച്ചതേയില്ല. സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. എന്നാല്‍ ഇന്ത്യന്‍ താരങ്ങളും സ്റ്റാഫുകളും കൈകൊടുക്കാനായി വരുമെന്നാണ് പാക് താരങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അതുണ്ടായില്ലെന്നുമാത്രമല്ല ഡ്രസ്സിങ് റൂമിന്റെ വാതിലടക്കുകയും ചെയ്തു. അതോടെ പാക് താരങ്ങള്‍ മടങ്ങി.

മത്സരശേഷമുള്ള ബ്രോഡ്കാസ്റ്റര്‍ പ്രസന്റേഷന്‍ പാക് നായകന്‍ സല്‍മാന്‍ അഗ ഒഴിവാക്കുകയും ചെയ്തു. തങ്ങള്‍ ഹസ്തദാനത്തിനായി കാത്തിരുന്നുവെന്നും ഇന്ത്യയുടെ നടപടി നിരാശപ്പെടുത്തിയെന്നും പാക് പരിശീലകന്‍ പ്രതികരിച്ചു.

തീര്‍ച്ചയായും, കളിക്ക് ശേഷം ഹസ്തദാനം ചെയ്യാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. ഞങ്ങളുടെ എതിരാളികള്‍ അതിന് തയ്യാറാവാതിരുന്നത് ഞങ്ങളെ നിരാശരാക്കി. ഞങ്ങള്‍ ഹസ്തദാനം ചെയ്യാനായി ചെന്നപ്പോഴേക്കും അവര്‍ ഡ്രസ്സിങ് റൂമിലേക്ക് പോയിരുന്നു. – ഹെസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു. മത്സരം അവസാനിച്ചത് നിരാശയിലായിരുന്നു. ഞങ്ങള്‍ കളിച്ച രീതിയിലും നിരാശരായിരുന്നു. എങ്കിലും ഹസ്തദാനം ചെയ്യാന്‍ ഞങ്ങള്‍ തയ്യാറായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്താനെ 20 ഓവറില്‍ 127 റണ്‍സിലൊതുക്കിയ ഇന്ത്യ 25 പന്തുകള്‍ ശേഷിക്കെ, മൂന്നുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ലക്ഷ്യത്തിലെത്തിയത്. ഇന്ത്യക്കായി സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അക്‌സര്‍ പട്ടേല്‍ രണ്ടും വരുണ്‍ ചക്രവര്‍ത്തി ഒന്നും വിക്കറ്റ് നേടി. 44 പന്തില്‍ 40 റണ്‍സെടുത്ത സാഹിബ്സാദ ഫര്‍ഹാനാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ (13 പന്തില്‍ 31) നല്‍കിയ മിന്നല്‍ തുടക്കവും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ (47*) ഇന്നിങ്സും ഇന്ത്യയുടെ വിജയം അനായാസമാക്കി. ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സൂപ്പര്‍ ഫോറിലേക്ക് അടുത്തു.

 

Back to top button
error: