ബുംറയ്‌ക്കെതിരേ ഓവറില്‍ ആറ് സിക്‌സ് അടിക്കുമെന്ന് വെല്ലുവിളി; ഇന്ത്യക്കെതിരേയും ഗോള്‍ഡന്‍ ഡക്കായി സയീം അയൂബ്

ദുബായ്: ഏഷ്യാകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായി പാക്കിസ്ഥാന്‍ ഓപ്പണര്‍ സയിം അയൂബ്. ഹാര്‍ദിക്് പാണ്ഡ്യയെറിഞ്ഞ മത്സരത്തിലെ ആദ്യ പന്തില്‍ താരം പുറത്താകുകയായിരുന്നു. ആദ്യം വൈഡ് എറിഞ്ഞ ശേഷമായിരുന്നു പാണ്ഡ്യ സയിം അയൂബിനെ മടക്കിയത്. പാണ്ഡ്യയ്‌ക്കെതിരെ സ്‌ക്വയര്‍ ഡ്രൈവിനു ശ്രമിച്ച അയൂബിനെ ജസ്പ്രീത് ബുമ്ര ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.
ഒമാനെതിരായ പാക്കിസ്ഥാന്റെ ആദ്യ മത്സരത്തിലും സയിം അയൂബ് ഗോള്‍ഡന്‍ ഡക്കായിരുന്നു. ഒമാന്റെ 23 വയസ്സുകാരന്‍ താരം ഷാ ഫൈസലിന്റെ പന്ത് ആക്രമിച്ചു കളിക്കാനിറങ്ങിയ സയിം അയൂബ് എല്‍ബിഡബ്ല്യുവില്‍ കുടുങ്ങുകയായിരുന്നു. പാക്കിസ്ഥാന്‍ റിവ്യുവിനു പോയെങ്കിലും അംപയര്‍ ഔട്ട് വിളിക്കുകയായിരുന്നു.
ഏഷ്യാകപ്പിനു മുന്‍പ് പാക്കിസ്ഥാന്‍ ഓപ്പണര്‍ ഇന്ത്യയെ വിറപ്പിക്കുമെന്ന് മുന്‍ പാക്ക് ഓള്‍റൗണ്ടര്‍ തന്‍വിര്‍ അഹമ്മദ് വെല്ലുവിളിച്ചിരുന്നു. ജസ്പ്രീത് ബുമ്രയുടെ ആറ് പന്തുകളും സയിം അയൂബ് സിക്‌സര്‍ പറത്തുമെന്നായിരുന്നു തന്‍വിര്‍ അഹമ്മദിന്റെ അവകാശ വാദം. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ബാറ്റിങ്ങിനിറങ്ങിയ സയിം അയൂബ് ബുമ്ര പന്തെറിയാനെത്തുംമുന്‍പേ പുറത്തായി മടങ്ങി.






