Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDINGWorld

യുഎഇക്കെതിരേ സിക്‌സര്‍ അഭിഷേകം! 27 പന്തില്‍ കളി തീര്‍ത്ത് ഇന്ത്യ; തുടക്കം കസറി; ഒമ്പതു വിക്കറ്റിന്റെ ഗംഭീര ജയം

ദുബായ്: എത്ര ബോളില്‍ ജയിക്കാന്‍ കഴിയും? മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യന്‍ ടീമിനോടുള്ള ആരാധകരുടെ ചോദ്യം ഇതുമാത്രമായിരുന്നു. ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ പോരാട്ടത്തില്‍ യുഎഇയ്‌ക്കെതിരെ 58 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, 27 ബോളില്‍ കളി തീര്‍ത്തു. ഒന്‍പതു വിക്കറ്റിന്റെ ഗംഭീര വിജയം. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും (9 പന്തില്‍ 20*), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (2 പന്തില്‍ 7*) എന്നിവര്‍ ചേര്‍ന്നാണ് വിജയ റണ്‍ നേടിയത്.

ഓപ്പണര്‍ അഭിഷേക് ശര്‍മ 16 പന്തില്‍ 30 റണ്‍സുമായി തിളങ്ങി. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ സിക്‌സറുമായി തുടങ്ങിയ ട്വന്റി20യിലെ ഒന്നാം നമ്പര്‍ ബാറ്ററായ അഭിഷേക് ശര്‍മ മൂന്നു സിക്‌സും രണ്ടു ഫോറും അടിച്ചു. ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 1 സിക്‌സും രണ്ടു ഫോറുമായി പുറത്താകാതെ നിന്നു. സൂര്യകുമാര്‍ യാദവ് ഒരു സിക്‌സ് നേടി.

Signature-ad

ആദ്യം ബാറ്റു ചെയ്ത് യുഎഇ 13.1 ഓവറില്‍ 57 റണ്‍സിന് പുറത്താക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവ്, മൂന്നു വിക്കറ്റെടുത്ത ശിവം ദുബെ എന്നിവരാണ് യുഎഇയെ ചുരുട്ടിക്കെട്ടിയത്. ജസ്പ്രീത് ബുമ്ര, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. യുഎഇ നിരയില്‍ രണ്ടു ബാറ്റര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

ടോസ് നേടിയ ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ തീരുമാനം അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ ബോളിങ്. പവര്‍പ്ലേയില്‍, നാലാം ഓവറില്‍ തന്നെ യുഎഇയുടെ ആദ്യ വിക്കറ്റ് വീണു. ഓപ്പണറും മലയാളിയുമായ അലിഷന്‍ ഷറഫുവിനെ (22) ജസ്പ്രീത് ബുമ്രയാണ് കിടിലന്‍ യോര്‍ക്കറില്‍ വീഴ്ത്തിയത്. തൊട്ടടുത്ത ഓവറില്‍ മുഹമ്മദ് സൊഹൈബിനെ (2) വരുണ്‍ ചക്രവര്‍ത്തി വീഴ്ത്തി. ഒന്‍പതാം ഓവറില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയാണ് കുല്‍ദീപ് യാദവ് യുഎഇയുടെ നടുവൊടിച്ചത്.

ക്യാപ്റ്റന്‍ മുഹമ്മദ് വസീം (19), രാഹുല്‍ ചോപ്ര (3), ഹര്‍ഷിത് കൗശിക് (2) എന്നിവരുടെ വിക്കറ്റാണ് കുല്‍ദീപ് ആ ഓവറില്‍ വീഴ്ത്തിയത്. 2024 ട്വന്റി20 ലോകകപ്പിനു ശേഷം ആദ്യമായി ട്വന്റി20 കളിക്കുന്ന കുല്‍ദീപ്, ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി. 9 ഓവറില്‍ 50ന് 5 എന്ന നിലയിലായിരുന്നു യുഎഇക്ക്, പിന്നീട് 7 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ബാക്കിയുള്ള 5 വിക്കറ്റുകളും നഷ്ടമായി. ശിവം ദുബെ മൂന്നു വിക്കറ്റു നേടി. രണ്ടു കിടിലന്‍ ക്യാച്ചുകളുമായി സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പിങ്ങിലും തിളങ്ങി.

തിരിച്ചെത്തി ടോസ് ഭാഗ്യംടോസ് നേടിയ ഇന്ത്യ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് യുഎഇയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 16 രാജ്യാന്തര മത്സരത്തിനു ശേഷമാണ് ഇന്ത്യയ്ക്ക് ടോസ് ലഭിക്കുന്നത്. പ്ലേയിങ് ഇലവനില്‍ ശുഭ്മാന്‍ ഗില്‍ ഓപ്പണറായി എത്തിയപ്പോള്‍ സഞ്ജു സാംസണ്‍ ആണ് വിക്കറ്റ് കീപ്പര്‍. പേസ് യൂണിറ്റില്‍ ബുമ്രയെ ഉള്‍പ്പെടുത്തിയപ്പോള്‍ അര്‍ഷ്ദീപ് സിങ് പുറത്തായി. മൂന്ന് ഓള്‍റൗണ്ടര്‍മാരും രണ്ടു സ്ന്നിര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്.

സഞ്ജു ഇന്‍ഇന്ത്യ അവസാനമായി ട്വന്റി20 പരമ്പര കളിച്ചപ്പോള്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായിരുന്നു സഞ്ജു. എന്നാല്‍ ശുഭ്മന്‍ ഗില്‍ ടീമിലേക്കു തിരിച്ചെത്തിയതോടെയാണ് ഓപ്പണിങ് സ്ഥാനം സഞ്ജുവിനു നഷ്ടപ്പെട്ടത്. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവ്, നാലാം നമ്പറില്‍ തിലക് വര്‍മ എന്നിവര്‍ കളിക്കും. മികച്ച ഫോമില്‍ കളിക്കുന്ന സഞ്ജുവിനെ അഞ്ചാം സ്ഥാനത്തേയ്ക്കു പരിഗണിക്കുകയായിരുന്നു.

ബോളിങ്6,7 സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരായ ശിവം ദുബെയും ഹാര്‍ദിക് പാണ്ഡ്യയും കളിക്കും. സ്‌പെഷലിസ്റ്റ് പേസറായി ജസ്പ്രീ ബുമ്രയെ ഇലവനില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയും പുറത്തായി. രണ്ടു സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് സ്‌പെഷലിസ്റ്റ് സ്പിന്നര്‍മാര്‍. 2024 ട്വന്റി20 ലോകകപ്പിനു ശേഷം ആദ്യമായാണ് കുല്‍ദീപ് യാദവ് ട്വന്റി20യില്‍ കളിക്കുന്നത്.

പ്ലേയിങ് ഇലവന്‍

ഇന്ത്യ: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി

യുഎഇ: മുഹമ്മദ് വസീം (ക്യാപ്റ്റന്‍), അലിഷാന്‍ ഷറഫു, മുഹമ്മദ് സൊഹൈബ്, രാഹുല്‍ ചോപ്ര (വിക്കറ്റ് കീപ്പര്‍), ആസിഫ് ഖാന്‍, ഹര്‍ഷിത് കൗശിക്, ഹൈദര്‍ അലി, ധ്രുവ് പരാശര്‍, മുഹമ്മദ് രോഹിത് ഖാന്‍, ജുനൈദ് സിദ്ദിഖ്, സിമ്രന്‍ജീത് സിങ്

Back to top button
error: