ടോള്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും തള്ളി; എന്‍എച്ച്എഐയുടെ വാദം അംഗീകരിച്ചില്ല; കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ച കാര്യങ്ങളില്‍ തീരുമാനം വരട്ടെയെന്നും ഹൈക്കോടതി

തൃശൂര്‍: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനോട് തീരുമാനം എടുക്കാന്‍ നിര്‍ദേശം നല്‍കിയതാണെന്നും തീരുമാനം വരുന്നതുവരെയാണ് ടോള്‍ പിരിവ് മരവിപ്പിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി.
സര്‍വീസ് റോഡുകളിലെ പ്രശ്നം പരിഹരിക്കുകയാണെന്നും ടോള്‍ പിരിവ് പുന:സ്ഥാപിച്ച് ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം കോടതി തള്ളി. ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്നവുമായി ബന്ധപ്പെട്ട ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. ജില്ലാ കളക്ടറോട് ഓണ്‍ലൈനായി നാളെ ഹാജരാകാനും ഹൈക്കോടതി നിര്‍ദേശം നല്കി.
പാലിയേക്കരയിലെ ടോള്‍ പിരിവ് ഇന്നു വരെയാണ് ഹൈക്കോടതി തടഞ്ഞത്. ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ പുനസ്ഥാപിക്കില്ലെന്നു കോടതി വ്യക്തമാക്കി. ജില്ലാ കളക്ടര്‍ പരിശോധന നടത്തിയോയെന്ന് ഹൈക്കോടതി ചോദിച്ചു.
നേരത്തേ, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ആര്‍ടിഒ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണു 10 വരെ ടോള്‍ പിരിവു നിര്‍ത്തലാക്കിയത്. സര്‍വീസ് റോഡിനു വീതികൂട്ടി ശാശ്വത പരിഹാരം കണ്ടില്ലെന്നും വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതു ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നെന്നുമാണ് കളക്ടര്‍ കോടതിയെ അറിയിച്ചത്. സര്‍വീസ് റോഡുകളുടെ നിര്‍മാണമടക്കം പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് 21നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. 23നു മണ്ണുത്തിക്കും ഇടപ്പള്ളിക്കുമിടയില്‍ നേരിട്ടു പരിശോധിച്ചശേഷം 25ന് കളക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സര്‍വീസ് റോഡുകളുടെ ടാറിംഗിനു മതിയായ കനമില്ലെന്നും പെട്ടെന്നു തകരുമെന്നും മൂന്നംഗ സമിതി കണ്ടെത്തി. ചിറങ്ങര, കൊരട്ടി, മുരിങ്ങൂര്‍, പേരാമ്പ്ര, ആമ്പല്ലൂര്‍, മുടിക്കോട്, താണിപ്പാടം, വാണിയമ്പാറ എന്നിവിടങ്ങളില്‍ പ്രധാന പാതയില്‍നിന്നു വഴിതിരിച്ചുവിടുമ്പോള്‍ ടാറിംഗ് മതിയാകില്ല. സര്‍വീസ് റോഡില്‍ കുഴികളുണ്ടാകാനും റോഡപകടങ്ങള്‍ക്കും കാരണമാകും. ഇവിടങ്ങളില്‍ എന്‍എച്ച്എഐയുടെ കര്‍ശന നിരീക്ഷണം ആവശ്യമാണ്.
അടിപ്പാതകളുടെ നിര്‍മാണം മന്ദഗതിയിലാണ്. ആവശ്യത്തിനു തൊഴിലാളികളോ യന്ത്രസാമഗ്രികളോ ഇല്ല. യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം നടത്തണം. നിലവിലെ ഗതാഗത ക്രമീകരണം താത്കാലിക ആശ്വാസം മാത്രമാണ്. മുരിങ്ങൂരിലടക്കം ഓടകളുടെ നിര്‍മാണം അപര്യാപ്തമാണ്. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറുന്നു. ഗതാഗതം തിരിച്ചുവിടുന്ന സ്ഥലങ്ങളില്‍ ആവശ്യത്തിനു ദിശാ ബോര്‍ഡുകളില്ല. മുന്നറിയിപ്പുകളില്ലാത്തത് ആശയക്കുഴപ്പത്തിനും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ട പഞ്ചായത്തു റോഡുകളടക്കം തകര്‍ന്നു. ഇവിടെ ആവശ്യത്തിന് അറ്റകുറ്റപ്പണികളില്ല. സുരക്ഷിത യാത്ര ബുദ്ധിമുട്ടാകുന്നതിനൊപ്പം ഗതാഗതം ഞെരുങ്ങുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ആര്‍ടി ഓഫീസ് കണക്ക് അനുസരിച്ച ദേശീയപാതയില്‍ 74,000 വാഹനങ്ങള്‍ പ്രതിദിനം സഞ്ചരിക്കുന്നു. ഒരു വരിയുടെ പരമാവധി ശേഷി 54,782 വാഹനങ്ങളാണ്. അതിനാല്‍, പ്രതിദിനം 19,218 വാഹനങ്ങളുടെ അധികഭാരമുണ്ടാകുന്നു. സമാന്തര പാതകള്‍ തകര്‍ന്നതിനാല്‍ വാഹനം വഴിതിരിച്ചു വിടുന്നതിനു കഴിയില്ല. പൊങ്ങം, പോട്ട, കൊടകര എന്നിവിടങ്ങളിലൂടെ ചെറു വാഹനങ്ങള്‍ വഴിതിരിച്ചു വിടാം. എന്നാല്‍, ഭാരവാഹനങ്ങള്‍ തടയേണ്ടിവരും. ഇതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പരിഹാര മാര്‍ഗമായി സമിതി നിര്‍ദേശിക്കുന്നു.
പ്രശ്നം ഗുരുതരമായ മേഖലകളില്‍ പോലീസിനെ സഹായിക്കാന്‍ എന്‍എച്ച്എഐ ആളുകളെ നിയോഗിക്കണം. ബ്ലിങ്കര്‍ ലൈറ്റുകളും വിവിധ ഭാഷകളില്‍ ദിശാബോര്‍ഡുകളും സ്ഥാപിക്കണം. ആഴത്തില്‍ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ മുന്നറിയിപ്പു നല്‍കണം. അപകടങ്ങളില്‍ സഹായത്തിന് ഹെവി റിക്കവറി വാഹനങ്ങള്‍ ഒരുക്കണം.
സര്‍വീസ് റോഡുകളടക്കം സ്ഥിരമായി ഭാരം കൈകാര്യം ചെയ്യാനുള്ള ഘടനാപരമായ ശേഷിയില്ല. സാങ്കേതിക സാധ്യതയും സുരക്ഷാ മാനദണ്ഡങ്ങളും അനുവദിക്കുന്നിടത്തെല്ലാം സര്‍വീസ് റോഡുകള്‍ രണ്ടുവരികളായി വീതി കൂട്ടണമെന്നും സമിതി ശിപാര്‍ശ ചെയ്തിരുന്നു.






