Breaking NewsKeralaLead NewsNEWS

‘ചെവിയുടെ ഡയഫ്രം അടിച്ചുപൊട്ടിച്ചു, കണ്ണില്‍ മുളക് സ്‌പ്രേ ചെയ്തു’; പൊലീസ് ക്രൂരത വിവരിച്ച് മുന്‍ SFI നേതാവ്

പത്തനംതിട്ട: കുന്നംകുളം, പീച്ചി സ്റ്റേഷനുകളിലെ കസ്റ്റഡി മര്‍ദന ക്രൂരതകള്‍ പുറത്തുവന്നതിന് പിന്നാലെ പൊലീസ് ക്രൂരത വെളിപ്പെടുത്തി മുന്‍ എസ്എഫ്‌ഐ നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. യുഡിഎഫ് ഭരണകാലത്ത് തന്നെ ലോക്കപ്പ് മര്‍ദ്ദനത്തിന് വിധേയമാക്കിയെന്ന് എസ്എഫ്ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ആയിരുന്ന ജയകൃഷ്ണന്‍ തണ്ണിത്തോട് പറയുന്നു. മര്‍ദ്ദനവും മൂന്നാം മുറയും കാടത്തവും കൊണ്ടുനടക്കുന്ന പൊലീസ് ഓഫീസര്‍മാര്‍ ഇപ്പോഴും കേരള പൊലീസ് സേനയിലെ തലപ്പത്ത് മാന്യന്‍മാര്‍ ചമഞ്ഞ് നടക്കന്നുണ്ട്.
യുഡിഎഫ് ഭരണകാലത്ത് അന്നത്തെ കോന്നി സി ഐ മധുബാബു തന്നെ ലോക്കപ്പ് മര്‍ദ്ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കി. കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്തുവെന്നും ജയകൃഷ്ണന്‍ കുറിപ്പില്‍ പറയുന്നുണ്ട്.

പാര്‍ട്ടിയുടെ സംരക്ഷണമാണ് ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്തിന്റെ കാരണമെന്നും പൊലീസ് മര്‍ദനത്തിന് പിന്നാലെ ആറ് മാസം മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി അന്നത്തെ ഭരണകൂടം തന്നെ മൂന്ന് മാസത്തില്‍ അധികം ജയിലില്‍ അടച്ചുവെന്നും ജയകൃഷ്ണന്‍ പറയുന്നു. പത്തൊമ്പതാമത്തെ വയസിലാണ് സംഭവം. ഒരു ചെറിയ കേസ് പോലും തനിക്കെതിരെ ഉണ്ടായിരുന്നില്ല. രാത്രി വീട്ടിലെത്തി അമ്മയുടെ മുന്നില്‍വെച്ച് മര്‍ദ്ദിച്ചാണ് തന്നെ കോന്നി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് ജയകൃഷ്ണന്‍ തണ്ണിത്തോട് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Signature-ad

സ്റ്റേഷനിലെത്തിച്ചതോടെ ചൂരല്‍ കൊണ്ട് കാല്‍വെള്ള അടിച്ചുപൊട്ടിച്ചു. ഇപ്പോഴും അതിന്റെ പാടുകള്‍ കാലിലുണ്ട്. ചെവി രണ്ടും പൊത്തി അടിച്ചു. ഷൂ ഇട്ട് മുഖത്ത് ചവിട്ടി. മര്‍ദ്ദനത്തിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെട്ടു. കേസില്ലാത്തതിനാല്‍ തന്നെ പറഞ്ഞുവിടുകയായിരുന്നുവെന്നും ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരമാണ് അന്ന് തന്നെ വെറുതെ വിട്ടതെന്നും ജയകൃഷ്ണന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. നിലവില്‍ ആലപ്പുഴ ഡിവൈഎസ്പിയായ മധുബാബു പൊലീസിലെ മോശപ്പെട്ട ക്രിമിനലാണെന്നും നിരവധി കേസുകളില്‍ അദ്ദേഹം പ്രതിയാണെന്നും ജയകൃഷ്ണന്‍ പറഞ്ഞു. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ജയകൃഷ്ണന്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

മര്‍ദ്ദനവും മൂന്നാം മുറയും കാടത്തവും കൊണ്ടുനടക്കുന്ന പോലീസ് ഓഫീസര്‍മാര്‍ ഇപ്പോഴും കേരള പോലീസ് സേനയിലെ തലപ്പത്ത് മാന്യന്‍മാര്‍ ചമഞ്ഞ് നടക്കുന്നു.അല്പം പഴയൊരു കഥ പറയട്ടെ. ….. ഞാന്‍ sfi ഭാരവാഹി ആയിരിക്കുമ്പോഴാണ് (udf ഭരണകാലത്ത് )അന്നത്തെ കോന്നി CI മധുബാബു എന്നെ ലോക്കപ്പ് മര്‍ദ്ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കിയത് ഇത് പറഞ്ഞാല്‍ ഒരു പക്ഷെ പുതിയ തലമുറക്ക് അവിശ്വസനീയമായി തോന്നും….കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു ,കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്തതടക്കം പറഞ്ഞാല്‍ 10 പേജില്‍ അധികം വരും. ..എന്റെ പാര്‍ട്ടിയുടെ സംരക്ഷണമാണ് ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്തിന്റെ കാരണം 6 മാസം ഞാന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി അന്നത്തെ ഭരണകൂടം എന്നെ 3മാസത്തില്‍ അധികം ജയിലില്‍ അടച്ചു.ഒറ്റ രാത്രി കൊണ്ടാണ് എനിക്കെതിരെ നിരവധി കേസുകള്‍ എടുത്തത്…എടുത്ത കേസുകള്‍ എല്ലാം ഇന്ന് വെറുതെ വിട്ടു…ഞാന്‍ അന്ന്മുതല്‍ തുടങ്ങിയ പോരാട്ടമാണ് പോലീസിലെ ക്രിമിനലായ മധുബാബുവിനെതിരെ ….കഴിഞ്ഞ 14 വര്‍ഷമായി കേസ് നടത്തുന്നു അന്നത്തെ പത്തനംതിട്ട എസ് പി ഹരിശങ്കര്‍ ഇന്നത്തെ ഐജി മാതൃകാപരമായി കേസ് അനേഷിച്ചു കുറ്റക്കാരനായ മധു ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തു. പോലീസ് സേനക്ക് തന്നെ മധുബാബു അപമാനം ആണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
എന്നാല്‍ ആ റിപ്പോര്‍ട്ട് ഇതുവരെ നടപ്പിലാക്കിയില്ല ????നിരവധി കേസുകളില്‍ ശിക്ഷിച്ച മധുബാബുവിനെ നേരത്തെ തന്നെ സര്‍വീസില്‍ നിന്ന് കളയേണ്ടിയിരുന്നു. എന്നാല്‍ മധു ബാബു ഇന്നും പോലീസ് സേനയില്‍ ശക്തമായി തന്നെ തുടര്‍ന്നുപോകുന്നു ഇനി പരാതി പറയാന്‍ ആളില്ല..എന്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാത്തത്, ആരാണ് ഇതിന്റ പിന്നില്‍ എനിക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം. ഞാന്‍ പോലീസ് ക്രിമിനല്‍സിനെതിരായ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും ഇനി ഹൈകോടതിയില്‍ കേസ് നടത്താനുള്ള തയാറെടുപ്പിലാണ് മരണം വരെയും പോരാടും കാശു തന്നാല്‍ എല്ലാവരെയും വിലക്ക് എടുക്കാന്‍ കഴിയില്ലെന്ന് ഈ ക്രിമിനല്‍ പോലീസുകാര്‍ അറിയണം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: