കുന്നംകുളത്തെ ലോക്കപ്പ് മര്‍ദനം: നാലുപേരെയും പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടക്കാന്‍ ഉത്തരമേഖല ഐജി രാജ്പാല്‍ മീണയ്ക്ക് ഡിജിപി റവാഡ ചന്ദ്രശേഖരന്റെ നിര്‍ദേശം; കുറഞ്ഞത് ഒരുമാസം സമയമെടുക്കും; കോടതിയുടെ ഇടപെടലും നിര്‍ണായകം; നടപടികള്‍ ഇങ്ങനെ
കടുത്ത നടപടി എടുക്കാമെന്ന് നിയമോപദേശം ലഭിച്ചെങ്കിലും നടപടി നേരിടാന്‍ പോകുന്ന പൊലീസുകാര്‍ക്ക് കോടതിയില്‍ പോയി ചോദ്യം ചെയ്യാനാകും. ഈ കേസ് കോടതിയുടെ പരിഗണനയിലാണെന്നും കോടതി ശിക്ഷിക്കും മുന്‍പ് വീണ്ടും ശിക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായും ആരോപിച്ച് തൃശൂര്‍ ജില്ലാ കോടതിയിലോ ഹൈക്കോടതിയിലോ ഹര്‍ജി നല്‍കാം.

തിരുവനന്തപുരം: കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനില്‍ മര്‍ദിച്ച നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ ഇവരെ പിരിച്ചുവിടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവം. സബ് ഇന്‍സ്‌പെക്ടര്‍ ന്യൂമാന്‍, സീനിയര്‍ സിപിഒ ശശിധരന്‍, സിവില്‍ പൊലീസ് ഓഫിസര്‍ സജീവന്‍, സിവില്‍ പൊലീസ് ഓഫിസര്‍ സന്ദീപ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.
തൃശൂര്‍ റേഞ്ച് ഡിഐജിയാണ് സസ്‌പെന്‍ഷന് ശുപാര്‍ശ ചെയ്തത്. ഉദ്യോഗസ്ഥരെ നാല് പേരെയും പിരിച്ചുവിടാന്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. ഒരു കുറ്റത്തിന് രണ്ട് ശിക്ഷ നല്‍കാന്‍ പറ്റില്ലെന്ന കേരള പോലീസിന്റെ ക്യാപ്‌സൂളിന് ആഭ്യന്തരവകുപ്പ് തടയിട്ടു. ദൃശ്യങ്ങള്‍ പൊതുസമൂഹത്തെ ഞെട്ടിച്ചതാണ് കാരണം. സുജിത്തിനെ മര്‍ദിച്ച അഞ്ചാമന്‍ പഴയന്നൂര്‍ പഞ്ചായത്ത് ഓഫീസിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറാണ്. സുഹൈറിനെതിരെ നിയമനടപടി തുടരും.
ഇത്ര ക്രൂരമായി മര്‍ദിച്ചിട്ടും എസ്.ഐ അടക്കം നാല് പേര്‍ക്കും ഒരു ദിവസം പോലൂം കാക്കിയൂണിഫോമും തൊപ്പിയും മാറ്റിവെക്കേണ്ടിവന്നില്ല. കാരണം സസ്‌പെന്‍ഷന്‍ ഇല്ലാതെ സംരക്ഷിച്ചിരുന്നു. മര്‍ദനത്തിന് പിന്നാലെ വകുപ്പുതല അന്വേഷണം നടത്തി പൊലീസ് സ്വീകരിച്ചത് രണ്ട് വര്‍ഷത്തെ ശമ്പള വര്‍ധന തടയുകയെന്ന നടപടി മാത്രമായിരുന്നു. അതുകൊണ്ട് ഇടികൊണ്ട സുജിത് നീതി തേടി അലയുമ്പോഴും ഇടിച്ചവര്‍ കാക്കിയിട്ട് നിയമപാലകരായി വിലസുകയായിരുന്നു.
പിരിച്ചുവിടാന്‍ പറ്റുമോ?
നാല് പേരെയും പിരിച്ചുവിടാനുള്ള നടപടിയിലേക്ക് കടക്കാനാണ് ഡി.ജി.പി റാവാഡ ചന്ദ്രശേഖര്‍ ഉത്തരമേഖല ഐ.ജി രാജ്പാല്‍ മീണയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അതുകൊണ്ട് തിങ്കളാഴ്ച ഐ.ജി ഈ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഴുവന്‍ തൃശൂരില്‍ നിന്ന് കോഴിക്കോടുള്ള അദേഹത്തിന്റെ ഓഫീസിലേക്ക് വാങ്ങും. അതിന് ശേഷം പിരിച്ചുവിടാന്‍ തീരുമാനിച്ചതായി വ്യക്തമാക്കി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. പതിനഞ്ച് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാവും നോട്ടീസില്‍ ആവശ്യപ്പെടുക. നോട്ടീസിന് മറുപടി ലഭിച്ചാല്‍ പിന്നീട് നാല് പേരെയും വിശദീകരണം നല്‍കാനായി ഐ.ജിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തും. ആ വിശദീകരണവും തള്ളിക്കൊണ്ട് വേണം പിരിച്ചുവിടല്‍ നടപടി പൂര്‍ത്തിയാക്കാന്‍. അതിന് ഒരു മാസം മുതല്‍ 40 ദിവസം വരെ സമയമെടുക്കും. അതുകഴിഞ്ഞാല്‍ മാത്രമേ ഇവരുടെ തൊപ്പി പൂര്‍ണമായി തെറിക്കു.
പിരിച്ചുവിടാന്‍ തടസമുണ്ടോ?
സുജിത്തിനെ മര്‍ദിച്ച കേസിലെ പൊലീസുകാരെ പിരിച്ചുവിടാന്‍ രണ്ട് നിയമപ്രശ്‌നങ്ങളാണുള്ളത്. ഒന്ന്, സുജിത്തിനെ മര്‍ദിച്ചെന്ന കുറ്റത്തിന് 2023ല്‍ ഈ നാല് പേര്‍ക്കെതിരെയും അന്വേഷണം നടത്തുകയും രണ്ട് വര്‍ഷത്തേക്ക് ശമ്പള വര്‍ധന വിലക്കി ശിക്ഷിക്കുകയും ചെയ്തു. ഒരു കുറ്റത്തിന് രണ്ട് തവണ ശിക്ഷിക്കാന്‍ പാടില്ലെന്നതാണ് പ്രധാന നിയമപ്രശ്‌നം. രണ്ടാമത്തേത്ഈ കേസില്‍ സുജിത്ത് കോടതിയില്‍ പോവുകയും പൊലീസുകാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ വകുപ്പുതല നടപടിയെടുക്കുന്നത് കോടതിയലക്ഷ്യമാകുമെന്നതാണ് മറ്റൊരു പ്രശ്‌നം. ഈ പ്രശ്‌നം എങ്ങിനെ മറികടക്കാമെന്നതാണ് പൊലീസ് തേടിയ നിയമോപദേശം.
പൊലീസിന് ലഭിച്ച നിയമോപദേശം ഇങ്ങിനെയാണ്ശമ്പള വര്‍ധന നടത്തിയുള്ള ആദ്യ ശിക്ഷ നല്‍കിയത് തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയാണ്. ആ ശിക്ഷ കുറഞ്ഞ് പോയെന്ന പേരില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പുനപരിശോധിക്കാം. അപ്പോള്‍ ഒരു കുറ്റത്തിന് രണ്ട് തവണ ശിക്ഷിക്കലാവില്ല. ആദ്യത്തെ ശിക്ഷ പുനപരിശോധിക്കുക മാത്രമാവും സംഭവിക്കുക. ആദ്യ ശിക്ഷ നല്‍കുമ്പോള്‍ ഈ വിഷയം കേസാവുകയോ കോടതിയുടെ പരിഗണനയിലോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആ ശിക്ഷ പുനപരിശോധിക്കുന്നത് കോടതി അലക്ഷ്യമാവില്ലെന്നുമാണ് നിയമപോദേശം. അതുപ്രകാരമാണ് ഇവരെ പിരിച്ചുവിടാനുള്ള നടപടി തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥനായ ഉത്തരമേഖല ഐ.ജി നോക്കുന്നത്.
പൊലീസുകാര്‍ക്ക് തടയാനാകുമോ?
കടുത്ത നടപടി എടുക്കാമെന്ന് നിയമോപദേശം ലഭിച്ചെങ്കിലും നടപടി നേരിടാന്‍ പോകുന്ന പൊലീസുകാര്‍ക്ക് കോടതിയില്‍ പോയി ചോദ്യം ചെയ്യാനാകും. ഈ കേസ് കോടതിയുടെ പരിഗണനയിലാണെന്നും കോടതി ശിക്ഷിക്കും മുന്‍പ് വീണ്ടും ശിക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായും ആരോപിച്ച് തൃശൂര്‍ ജില്ലാ കോടതിയിലോ ഹൈക്കോടതിയിലോ ഹര്‍ജി നല്‍കാം. അങ്ങനെയെങ്കില്‍ ഇവര്‍ വീണ്ടും കാക്കിയിട്ടു വിലസും. അങ്ങിനെ കോടതി ഇടപെട്ട് തടയുമോയെന്ന പേടി ഉന്നത പൊലീസുകാര്‍ക്കുമുണ്ട്. അതുകൊണ്ടാണ് താത്കാലികമായി പ്രതിഷേധം ശമിപ്പിക്കുന്നതിന്റെ ഭാഗമായി സസ്‌പെന്‍ഷന് ഉത്തരാവിട്ടത്.
kunnamkulam-custody-case-police-brutality






