Breaking NewsIndiaLead NewsNEWS

ഗവര്‍ണറുടെ നിഷ്‌ക്രിയത്വം; ബില്ലുകളിലെ ആറ് മാസ കാലതാമസം അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആറ് മാസം ബില്ലുകളില്‍ തീരുമാനം എടുക്കാതിരിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാനാവില്ലെന്ന് കേന്ദ്രം വാദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ നിര്‍ണായക പരാമര്‍ശം ഉണ്ടായത്.

ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയക്രമം നിശ്ചയിച്ച തമിഴ്നാട് കേസിന്റെ വിധിയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തമിഴ്നാട് വിധിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഉന്നയിച്ച റഫറന്‍സിന്മേല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ വാദം തുടരുകയാണ്.

Signature-ad

അതേസമയം നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണറോ രാഷ്ട്രപതിയോ കൈകാര്യം ചെയ്തതില്‍ മൗലികാവകാശ ലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് റിട്ട് ഹര്‍ജി നല്‍കാനാവില്ലെന്ന് കേന്ദ്രത്തിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ അഭിപ്രായം അറിയാന്‍ രാഷ്ട്രപതി ആഗ്രഹിക്കുന്നുണ്ട്. രാഷ്ട്രപതിയോ ഗവര്‍ണറോ കോടതിയില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരല്ലെന്ന ഭരണഘടനയുടെ 361-ാം അനുച്ഛേദത്തിന്റെ വ്യാപ്തിയെക്കുറിച്ചും നിലപാട് അറിയിക്കണം. ഭാവിയിലും ഉയര്‍ന്നുവരാവുന്ന പ്രശ്‌നമാണിതെന്ന് തുഷാര്‍ മേത്ത വ്യക്തമാക്കി.

Back to top button
error: