ചാരപ്പണിയുടെ ആഴമേറുന്നു; സിആര്‍പിഎഫ് ജവാനു പിന്നാലെ 14 സൈനിക, അര്‍ധ സൈനിക ഉദ്യോഗസ്ഥരും പാകിസ്താന്റെ വലയില്‍ വീണു; വിവരങ്ങള്‍ കൈമാറിയത് തുച്ഛമായ തുകയ്ക്ക്; തുമ്പായി സാങ്കേതിക വിദഗ്ധര്‍ നല്‍കിയ വിവരങ്ങള്‍

ന്യൂഡല്‍ഹി: സിആര്‍പിഎഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മോത്തിറാം ജാട്ടിനു പുറമേ പതിനഞ്ചോളം സൈനിക ഉദ്യോഗസ്ഥര്‍ പാകിസ്താനുവേണ്ടി ചാരപ്പണിയെടുത്തെന്നു കണ്ടെത്തല്‍. ഇന്ത്യന്‍ ആര്‍മി, പാരാമിലിട്ടറി, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ പാക് ഇന്റലിജന്‍സ് ഉദേ്യാഗസ്ഥര്‍ സ്വാധീനിച്ചെന്നാണു കണ്ടെത്തല്‍.
കഴിഞ്ഞ മേയ് 27ന് ആണ ജാട്ട് അറസ്റ്റിലായത്. 2023 മുതല്‍ ഇയാള്‍ പാകിസ്താന്‍ ഇന്റലിജന്‍സിനു വിവരങ്ങള്‍ ചോര്‍ത്തി നല്‍കി. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ കണ്ണികളാണെന്നു കണ്ടെത്തിയെന്നു ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. സലിം അഹമ്മദ് എന്നു പേരുള്ള പാക് ഉദ്യോഗസ്ഥരുമായാണ് ഇവര്‍ ആശയവിനിമയം നടത്തിയതെന്നും പറയുന്നു.
കോള്‍ വിവരങ്ങള്‍, കമ്പ്യൂട്ടറുകളുടെ ഐപി വിലാസങ്ങള്‍ എന്നിവ പരിശോധിച്ചാണ് കൂടുതല്‍ പേരിലേക്ക് അന്വേഷണം എത്തിയത്. നാലുപേര്‍ പാരാമിലിട്ടറി ഉദ്യോഗസ്ഥരാണ്. മറ്റുള്ളവര്‍ സൈന്യമടക്കം വിവിധ മേഖലകളിലുള്ളവരാണ്. കൊല്‍ക്കത്ത സ്വദേശിയായ വ്യക്തിയാണ് പാകിസ്താന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനുമായി സംസാരിക്കാനുള്ള സിം ആക്ടിവേറ്റ് ചെയ്തുകൊടുത്തത്. ഈ സിം കാര്‍ഡ് ഉപയോഗിച്ചാണ് ജാട്ട് ആശയവിനിമയം നടത്തിയത്. പാക് വനിതയെ വിവാഹം കഴിച്ച കൊല്‍ക്കത്ത സ്വദേശി 2014ല്‍ പാകിസ്താനിലേക്കു താമസം മാറ്റി. പിന്നീടു വര്‍ഷത്തില്‍ രണ്ടുവട്ടം കൊല്‍ക്കത്തയിലെത്തിയിരുന്നു.
നിരവധി നിര്‍ണായക വിവരങ്ങള്‍ പ്രതിമാസം 12,000 രൂപയ്ക്കു കൈമാറിയെന്നാണു വിവരം. ജാട്ടിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും അക്കൗണ്ടിലേക്കാണ് വിവിധയിടങ്ങളില്‍നിന്ന് പണം കൈമാറിയത്. ഡല്‍ഹി, മഹാരാഷ്ട്ര, ഹരിയാന, യുപി, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം പണമെത്തി.
ഷെഹ്‌സാദ് എന്നയാളാണ് ഒരിക്കല്‍ പണം കൈമാറിയതെന്നു കണ്ടെത്തിയതോടെ യുപി പോലീസ് ഇയാളെ കഴിഞ്ഞ മേയില്‍ അറസ്റ്റ് ചെയ്തു. ഇയാള്‍ അതിര്‍ത്തിയിലൂടെ വസ്ത്രങ്ങളും സുഗന്ധവ്യഞ്ജനങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും കൈമാറിയിരുന്നു. ഒരു ട്രെയിനില്‍ കണ്ടുമുട്ടിയ വ്യക്തി പറഞ്ഞത് അനുസരിച്ചാണ് ജാട്ടിനു 3500 രൂപ നല്‍കിയതെന്നാണു ഷെഹ്‌സാദിന്റെ വാദം. ബന്ധുവിന് അടിയന്തരമായി പണത്തിന്റെ ആവശ്യമുണ്ടെന്നു പറഞ്ഞാണ് പണം അയപ്പിച്ചത്. ഇതിനു പകരമായി 3500 രൂപ പണമായി നല്‍കി.
ജാട്ട് നല്‍കിയ മൊഴി അനുസരിച്ച്, ഛണ്ഡിഗഡില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകയാണ് താനുമായി ആദ്യമായി ബന്ധപ്പെട്ടതെന്നും ഇവര്‍ മുഖന്തരമായ ഡോക്കുമെന്റുകളും വീഡിയോകളും കൈമാറിയതെന്നും പറയുന്നു. ഇതിനുശേഷം പാക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനുമായി നേരിട്ടു സംസാരിച്ചു. ഇയാളും മാധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേനയാണു സംസാരിച്ചതെന്നും ജാട്ട് മൊഴി നല്‍കി. pakistani-spy-in-touch-with-crpf-official-contacted-15-other-army-govt-officials-report






