തമിഴില്‍ സജീവം, ദിലീപ് ചിത്രത്തിലും നായിക; തട്ടിക്കൊണ്ടുപോകല്‍ കേസില്‍ കുരുക്ക്, നടി ലക്ഷ്മി മേനോനെ തേടി പോലീസ്

കൊച്ചി: നഗരത്തില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ തിരഞ്ഞ് പോലീസ്. ബാറില്‍വെച്ചുണ്ടായ തര്‍ക്കത്തെത്തുതുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതെന്നാണ് കേസ്. നടിക്കൊപ്പമുണ്ടായിരുന്ന മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നടിയെ മൂന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
തട്ടിക്കൊണ്ടുപോയ യുവാവിനൊപ്പമുള്ളവരുമായി ലക്ഷ്മിക്കൊപ്പമുള്ള യുവതി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കാറിലിരിക്കുന്ന യുവാവിനോട് ലക്ഷ്മിക്കൊപ്പമുണ്ടായിരുന്ന യുവതി തര്‍ക്കിക്കുന്നതായി വീഡിയോയില്‍ കാണാം. പിടിയിലായവര്‍ ആലുവ, പറവൂര്‍ സ്വദേശികളാണ്. ആലുവ സ്വദേശി അലിയാര്‍ ഷാ സലീമാണു തന്നെ കടത്തിക്കൊണ്ടുപോയി മര്‍ദിച്ചെന്ന് പരാതി നല്‍കിയിരിക്കുന്നത്. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ലക്ഷ്മിയും ഉണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. അതേസമയം, നടി ഒളിവിലാണെന്നും സൂചനകളുണ്ട്.
ഞായറാഴ്ച കൊച്ചിയിലെ ബാനര്‍ജി റോഡിലുള്ള ബാറില്‍ വച്ചായിരുന്നു തര്‍ക്കവും കയ്യാങ്കളിയുമുണ്ടായത്. ലക്ഷ്മി മേനോനും സുഹൃത്തുക്കളും ഒരു ഭാഗത്തും മറ്റൊരു സംഘം മറുഭാഗത്തുമായുണ്ടായ തര്‍ക്കം പിന്നീട് റോഡിലേക്കു നീങ്ങി. പരാതിക്കാരനും സുഹൃത്തുക്കളും ബാറില്‍നിന്നു മടങ്ങിയതിനു പിന്നാലെ പ്രതികള്‍ ഇവരുടെ കാറിനെ പിന്തുടര്‍ന്നു. രാത്രി 11.45ഓടെ നോര്‍ത്ത് റെയില്‍വേ പാലത്തിനു മുകളില്‍ വച്ച് പ്രതികള്‍ കാര്‍ തടഞ്ഞ് പരാതിക്കാരനെ കാറില്‍നിന്ന് വലിച്ചിറക്കി കൊണ്ടുപോയെന്നു പരാതിയില്‍ പറയുന്നു.
കാറില്‍ വച്ച് മുഖത്തും ദേഹത്തുമെല്ലാം മര്‍ദ്ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും അലിയാര്‍ ഷാ സലീം പറയുന്നു. പിന്നീട് ഇയാളെ ആലുവ പറവൂര്‍ കവലയില്‍ ഇറക്കിവിടുകയായിരുന്നു. തിങ്കളാഴ്ച നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ യുവാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതികളിലെത്തുകയായിരുന്നു.
തൃപ്പൂണിത്തുറ സ്വദേശിയായ ലക്ഷ്മി 2011 ല്‍ വിനയന്‍ ചിത്രം രഘുവിന്റെ സ്വന്തം റസിയയിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ കുംകിയില്‍ വിക്രം പ്രഭുവിന്റെ നായികയായി. സുന്ദരപാണ്ഡ്യനിലടക്കം തമിഴില്‍ ശ്രദ്ധേയമായ ചിത്രങ്ങളും ചെയ്തിട്ടുണ്ട്. ദിലീപിനെ നായകനാക്കി ജോഷി സംവിധാനംചെയ്ത ‘അവതാര’ത്തിലൂടെയാണ് നടി വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയത്. ചിത്രവും ലക്ഷ്മിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴ് ചിത്രം ‘ശബ്ദ’മാണ് നടിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.






