തീവ്രവാദം കയറ്റുമതി ചെയ്യുന്ന ഇറാന്‍; കടുത്ത നടപടികളുമായി ഓസ്‌ട്രേലിയ; നയതന്ത്ര പ്രതിനിധികള്‍ ഏഴു ദിവസത്തിനകം രാജ്യം വിടണമെന്ന് ഉത്തരവ്; രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള അസാധാരണ നടപടി; ടെഹ്‌റാനിലെ ഓസ്‌ട്രേലിയന്‍ എംബസിയും അടച്ചു; നടപടിയെടുക്കുന്ന 14-ാം രാജ്യം
സിഡിനിയിലെ റസ്റ്ററന്റിലും മെല്‍ബണിലെ സിനഗോഗിലും നടത്തിയ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണ്. ആര്‍ക്കും അപകടങ്ങളൊന്നും പറ്റിയില്ലെങ്കിലും അതിനു പിന്നിലെ ലക്ഷ്യങ്ങള്‍ അപകടകരമാണെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതിന് ഇസ്ലാമിക തീവ്രവാദികള്‍ക്കു പിന്തുണ നല്‍കുന്നെന്ന് ആരോപിച്ച് ഇറാന്റെ അംബാസഡറോട് ഏഴു ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. കഴിഞ്ഞവര്‍ഷം സിഡ്‌നിയിലും മെല്‍ബണിലും നടന്ന ആക്രമണങ്ങളില്‍ ഇറാന്റെ പങ്കു വ്യക്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് അസാധാരണ നടപടി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്തരമൊരു നടപടിയെന്നും റിപ്പോര്‍ട്ടുകള്‍.
ഇറാനെതിരേ കടുത്ത നടപടികളുമായി മുന്നോട്ടുവന്ന ഏറ്റവും ഒടുവിലത്തെ പാശ്ചാത്യ രാജ്യമാണ് ഓസ്‌ട്രേലിയ. നേരത്തേ, ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ് എന്നിവയടക്കം 14 രാജ്യങ്ങള്‍ കഴിഞ്ഞമാസം അവരുടെ മണ്ണില്‍ ഇറാന്‍ ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും പീഡനങ്ങളും നടത്തുന്നെന്ന ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു.
ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ ആക്രമണങ്ങള്‍ക്കു പിന്നിലെ ഇറാന്റെ പങ്കുമായി ബന്ധപ്പെട്ട വിശ്വസനീയമായ തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് വ്യക്തമാക്കി. രണ്ട് ആക്രമണങ്ങള്‍ക്കു പിന്നിലും ഇറാന്റെ കൈകളുണ്ട്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിദേശ ശക്തിയുടെ അപകടകരമായ പ്രവൃത്തിയാണെന്നു നടന്നതെന്നും സാമൂഹിക സംതുലിതാവസ്ഥ തകര്‍ക്കാനും സമൂഹത്തില്‍ ഭിന്നത വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളാണു നടന്നതെന്നും അദ്ദേഹം പറഞ്ഞു.
സിഡിനിയിലെ റസ്റ്ററന്റിലും മെല്‍ബണിലെ സിനഗോഗിലും നടത്തിയ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണ്. ആര്‍ക്കും അപകടങ്ങളൊന്നും പറ്റിയില്ലെങ്കിലും അതിനു പിന്നിലെ ലക്ഷ്യങ്ങള്‍ അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023 ഒക്‌ടോബറില്‍ ഇസ്രായേല്‍- ഹമാസ് യുദ്ധം ആരംഭിച്ചതിനുശേഷം ഓസ്‌ട്രേലിയയിലെ വീടുകളിലും സ്‌കൂളുകളിലും സിനഗോഗുകളിലും വാഹനങ്ങള്‍ക്കുനേരെയും ആക്രമണങ്ങള്‍ നടന്നു. ഇസ്ലാമിനെതിരേ ഭീതി വളര്‍ത്താനും ഈ സംഭവങ്ങള്‍ ഇടയാക്കി. ജൂതന്‍മാരോടുള്ള വിരോധത്തിന് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇടമില്ലെന്നും ആഭ്യന്തര മന്ത്രലായത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയേക്കുമെന്നു വ്യക്തമായ സാഹചര്യത്തില്‍ ടെഹ്‌റാനിലെ എംബസി പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കിയെന്നും ഉദ്യോഗസ്ഥരെ മറ്റൊരു രാജ്യത്തേക്കു മാറ്റിയെന്നും ഓസ്‌ട്രേലിയ വ്യക്തമാക്കി. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡിനെ തീവ്രവാദ സംഘടനയാക്കി ഓസ്‌ട്രേലിയ പ്രഖ്യാപിക്കുമെന്നും അമേരിക്കയും കാനഡയും ഐആര്‍ജിസിയെ തീവ്രവാദികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആല്‍ബനീസ് പറഞ്ഞു.
ഐആര്‍ജിസിയുടെ നേതൃത്വത്തിലാണ് ഇറാന്‍ ഓസ്‌ട്രേലിയയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നു സെക്യൂരിറ്റി ഏജന്‍സി ഡയറക്ടര്‍ ജനറല്‍ മൈക്ക് ബര്‍ഗെസ് പറഞ്ഞു. ക്രിമിനലുകളെ വാടകയ്ക്ക് എടുത്താണ് അവരുടെ പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ വര്‍ഷം ബ്രിട്ടനും സ്വീഡനും സമാനമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ക്രിമിനല്‍ സംഘടനകളെ പണം കൊടുത്തു സ്വാധീനിച്ച് ഈ രാജ്യങ്ങളില്‍ ആക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്നെന്നും ഇരുപതോളം ഇറാന്‍ ബന്ധമുള്ള കേന്ദ്രങ്ങള്‍ തകര്‍ത്തെന്നും ബ്രിട്ടന്‍ പറഞ്ഞു.
എന്നാല്‍, പാശ്ചാത്യ ശക്തികളുടെ ദുരാരോപണം മാത്രമാണെന്നു ചൂണ്ടിക്കാട്ടി ആരോപണങ്ങളെ തള്ളുകയാണ് ഇറാന്‍ ചെയ്തിട്ടുള്ളത്. ഓസ്‌ട്രേലിയയുടെ നീക്കങ്ങളെ ഓസ്‌ട്രേലിയയിലെ ഇസ്രായേല്‍ എംബസി സ്വാഗതം ചെയ്തു. ഇസ്ലാമിക ഭരണകൂടം ജൂതന്‍മാര്‍ക്കും ഇസ്രയേലിനും മാത്രമല്ല ലോകത്തിനാകെ ഭീഷണിയാണെന്ന് എംബസി എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിനഗോഗിനു നേരേ ഓസ്‌ട്രേലിയയില്‍ ആക്രമണം നടന്നത്. കേസുമായി ബന്ധപ്പെട്ടു രണ്ടുപേരെ ഓസ്‌ട്രേലിയന്‍ പോലീസ് പിടികൂടിയിരുന്നു. 1960ല്‍ ഹിറ്റ്‌ലറുടെ വംശഹത്യയെ അതിജീവിച്ചവര്‍ ചേര്‍ന്നാണ് ഈ സിനഗോഗ് നിര്‍മിച്ചത്. സംഭവം നടന്നതിനു പിന്നാലെ പിടിച്ചെടുത്ത ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ഇറാനിലേക്കു തുമ്പ് എത്തിച്ചത്. സിനഗോഗില്‍ കടന്നു കൂടിയവര്‍ അപ്രതീക്ഷിതമായി കെട്ടിടത്തിനു തീവയ്ക്കുകയായിരുന്നു. australia-blames-iran-antisemitic-arson-attacks-expels-envoy






