തൃശൂരില്‍ സ്വയം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്നു; സന്ദീപ് വാരിയര്‍ക്കെതിരെ ഡിസിസിയില്‍ വിമര്‍ശനം

തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ക്കെതിരെ ഡിസിസി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. സന്ദീപ് വാരിയര്‍ തൃശൂരില്‍ സ്വയം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുകയാണെന്നും ഇതിനാണ് ബിജെപി നേതാവ് കെ.സുരേന്ദ്രനെ ഇവിടെ മത്സരിക്കാന്‍ വെല്ലുവിളിച്ചതെന്നും ഈ പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്നും പല നേതാക്കന്മാരും വിമര്‍ശനമുന്നയിച്ചു. തൃശൂരിലെ പരിപാടികളില്‍ ഇനി പങ്കെടുപ്പിക്കരുതെന്നും ആവശ്യമുയര്‍ന്നു. ഇന്നലെ ഡിസിസിയില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന പ്രധാന നേതാക്കളുടെ യോഗത്തിലായിരുന്നു വിമര്‍ശനം.
തനിക്കെതിരെ പരസ്യപ്രസ്താവന നടത്തിയതിന് കെപിസിസി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളിയെ ബഹിഷ്‌ക്കരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. എന്നാല്‍, കോണ്‍ഗ്രസ് ഭരണഘടനപ്രകാരം കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയ ആളെ ബഹിഷ്‌കരിക്കാന്‍ കഴിയുമോ എന്ന ചോദ്യം ഉയര്‍ന്നതോടെ വിഷയത്തില്‍ ഇന്ന് തീരുമാനം അറിയിക്കാമെന്ന് ജില്ലയുടെ ചുമതലയുള്ള രാഷ്ട്രീയകാര്യസമിതി അംഗം ടി.സിദ്ദീഖ് എംഎല്‍എ അറിയിച്ചു.
സുന്ദരന്‍ കുന്നത്തുള്ളി നടത്തിയതിന് സമാനമായ പ്രസംഗമാണ് എം.ഒ.ജോണ്‍ അനുസ്മരണത്തില്‍ കെ.മുരളീധരന്‍ നടത്തിയതെന്നും അതിനെതിരെ ആര് നടപടിയെടുക്കുമെന്നും ചിലര്‍ ചോദ്യമുന്നയിച്ചു. ഡിസിസി ഓഫിസില്‍ ദലിത് കോണ്‍ഗ്രസ് നേതാക്കന്മാരെ ജാതി പറഞ്ഞ് അധിക്ഷേപിച്ച ജനറല്‍ സെക്രട്ടറിക്കെതിരായ പരാതിയില്‍ നടപടിയെടുത്തില്ലെന്ന വിമര്‍ശനത്തിലും അന്വേഷണം നടത്താമെന്ന് ടി.സിദ്ദീഖ് അറിയിച്ചു. ഇരിങ്ങാലക്കുട, മാള ഉള്‍പ്പെടെ ജില്ലയിലെ കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കമ്മിറ്റിയെയും നിയോഗിച്ചു.






