അമിത കൂലി ചോദിച്ച് സിഐടിയു; രാത്രി ഒറ്റയ്ക്ക് തറയോടുകള്‍ ഇറക്കി അധ്യാപിക; ലോഡ് ഇറക്കി തീരും വരെ കാവല്‍

തിരുവനന്തപുരം: കൂലി സംബന്ധിച്ചു സിഐടിയു തൊഴിലാളികളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വീട്ടുടമയായ മുന്‍ കേന്ദ്രീയ വിദ്യാലയ അധ്യാപിക സ്വന്തമായി വാഹനത്തില്‍ നിന്നു തറയോടുകള്‍ ഇറക്കി. കല്ലറ കുമ്മിള്‍ തച്ചോണം പ്രിയ നിവാസില്‍ പ്രിയ വിനോദ് (48) ആണ് കഴിഞ്ഞ രാത്രി ഒറ്റയ്ക്ക് വാഹനത്തില്‍ നിന്നു ഭാരമുള്ള 150 തറയോടുകള്‍ ഇറക്കിയത്. വീട് നിര്‍മാണത്തിന് കൊണ്ടു വന്ന തറയോടുകള്‍ ഇറക്കുന്നതിന് സിഐടിയു തൊഴിലാളികള്‍ അമിത കൂലി ചോദിച്ചെന്ന് പ്രിയ പറയുന്നു.
തച്ചോണം മുസ്ലിം പള്ളിക്ക് സമീപത്തു നിന്നു കിളിമാന്നൂര്‍ റോഡിലാണ് പ്രിയ നിര്‍മിക്കുന്ന വീട്. വെഞ്ഞാറമൂട്ടില്‍ നിന്നാണ് തറയോടുകള്‍ കൊണ്ട് വന്നത്. രാത്രി വീടിനു മുന്നില്‍ ടൈല്‍സുമായി ലോറി എത്തിയപ്പോള്‍ ഇറക്കുന്നതിന് തൊഴിലാളികള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു തര്‍ക്കമായി. മൂന്ന് തവണ വീടിന്റെ കോംപൗണ്ടില്‍ വാഹനം കയറ്റിയെങ്കിലും തൊഴിലാളികള്‍ ലോഡ് ഇറക്കാന്‍ സമ്മതിച്ചില്ല. വീടിന്റെ കോംപൗണ്ടില്‍ വാഹനം കയറ്റി പ്രിയയും ഭര്‍ത്താവും ലോഡ് ഇറക്കണമെന്നും മറ്റാരെയും ലോഡ് ഇറക്കാന്‍ പാടില്ലെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. വീടിന്റെ കോംപൗണ്ടില്‍ കയറ്റിയ വാഹനത്തില്‍ നിന്നു പ്രിയ ഒറ്റയ്ക്ക് തറയോടുകള്‍ ഇറക്കുക ആയിരുന്നു.
പ്രിയ സ്വന്തമായി ലോഡ് ഇറക്കി തീരുന്നത് വരെ തൊഴിലാളികള്‍ വീടിനു മുന്നില്‍ നിന്നു. വനിതാ പഞ്ചായത്ത് അംഗവും സ്ഥലത്ത് ഉണ്ടായിരുന്നു. പ്രിയ അറിയിച്ചത് പ്രകാരം പാങ്ങോട് പൊലീസ് സ്റ്റേഷനില്‍ നിന്നു പൊലീസുകാരും എത്തിയിരുന്നു. കടയ്ക്കല്‍ പൊലീസ് പരിധിയിലാണ് സ്ഥലം എങ്കിലും എളുപ്പം ഇവിടെ എത്താന്‍ കഴിയുന്നത് പാങ്ങോട് പൊലീസിന് ആണ്. ഇറക്കിയ തറയോടുകള്‍ മാറ്റിയിടാന്‍ ജോലിക്കാര്‍ തയാറായെങ്കിലും അവരെയും തൊഴിലാളികള്‍ തടഞ്ഞതായി പ്രിയ പറയുന്നു. വെഞ്ഞാറമൂട്ടില്‍ നിന്ന് ആണ് ടൈല്‍സ് എത്തിച്ചത്. വെഞ്ഞാറമൂട്ടില്‍ കയറ്റാന്‍ നല്‍കിയ കൂലിയെക്കാള്‍ കൂടുതലാണ് തൊഴിലാളികള്‍ ചോദിച്ചതെന്നാണ് പ്രിയയയുടെ ആരോപണം. പ്രിയയുടെ ഭര്‍ത്താവ് ഐ.വി.വിനോദ് മലപ്പുറത്ത് എസ്‌ഐ ആണ്.
നേരത്തെയും ഇവിടെ വീട് നിര്‍മാണത്തിന് സാധനങ്ങള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിട്ടുണ്ട്. നേരത്തെ കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപിക ആയിരുന്ന പ്രിയ ഇപ്പോള്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയും കെപിസിസി മീഡിയ സെല്‍ അംഗവും ആണ്. എന്നാല്‍ പ്രിയയുടെ ആരോപണം നിഷേധിക്കുകയാണ് സിഐടിയു. അമിത കൂലി ചോദിച്ചെന്നു ആരോപണം ശരിയല്ലെന്നു സിഐടിയു കണ്‍വീനര്‍ ഹര്‍ഷകുമാര്‍ പറഞ്ഞു. വല്ലപ്പോഴും മാത്രമാണ് ഇവിടെ ഇത്തരം ലോഡ് വരുന്നത്. ഇവിടെ ഉള്ളവരില്‍ കൂടുതലും പാവപ്പെട്ട തൊഴിലാളികള്‍ ആണ്. തൊഴിലാളികള്‍ക്ക് നേരെ മോശമായ ആരോപണം ഉന്നയിക്കുക ആണ് പ്രിയ ചെയ്യുന്നത് എന്ന് ഹര്‍ഷ കുമാര്‍ പറഞ്ഞു.






