ഷമീറലിക്ക് ശിഷ്ടകാലം കഷ്ടകാലമോ? ‘ഓള് റെഡി’ പീഡനക്കേസില്‍ ജയിലില്‍; 17 കാരിയെ പീഡിപ്പിച്ച കേസില്‍ 55 വര്‍ഷം വീണ്ടും കഠിനതടവ്

മലപ്പുറം: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 55 വര്‍ഷം കഠിനതടവും 4,30,000 രൂപ പിഴയും ശിക്ഷ. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് അല്‍ത്താഫ് മന്‍സിലില്‍ ഷമീറലി മന്‍സൂറിനെയാണ് (44) മഞ്ചേരി രണ്ടാം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. പ്രതി സമാനമായ മറ്റൊരു കേസില്‍ 18 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട് നിലവില്‍ തവനൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
പിഴയടച്ചില്ലെങ്കില്‍ എട്ടു മാസവും പത്തു ദിവസവും അധികതടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക അതിജീവിതയ്ക്ക് നല്‍കണം. കൂടാതെ വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം കൂടുതല്‍ നഷ്ടപരിഹാരം നല്കാന് കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിര്‍ദേശിക്കുകയും ചെയ്തു.
2024 സെപ്റ്റംബര്‍ 12-നാണ് കേസിനാസ്പദമായ സംഭവം. പ്രതി കുട്ടിയെ സ്കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ലോഡ്ജ് മുറിയിലെത്തിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.






