കാമുകിക്കൊപ്പം ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി; അജ്മീറില്‍ ബിജെപി നേതാവ് അറസ്റ്റില്‍

ജയ്പുര്‍: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവും കാമുകിയും പിടിയില്‍. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. ബിജെപി നേതാവ് രോഹിത് സെയ്‌നി, കാമുകി റിതു എന്നിവരാണ് പൊലീസ് പിടിയിലായത്.
ഓഗസ്റ്റ് 10നാണ് രോഹിത് സെയ്‌നിയുടെ ഭാര്യ സഞ്ജുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന നിലയിലാണ് മരണം ചിത്രീകരിച്ചത്. വീട്ടില്‍ അജ്ഞാതര്‍ കയറിയെന്നും മോഷണത്തിനിടെ ഭാര്യയെ കൊന്നതാണെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. വീട്ടില്‍ നിന്ന് പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും മോഷണം പോയതായും ഇയാള്‍ മൊഴി നല്‍കി.
അജ്ഞാതസംഘത്തിനായി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും സമീപപ്രദേശത്തെ സിസിടിവിയും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. അതിനിടെയാണ് രോഹിത് പലപ്പോഴായി നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് പോലീസിന് സംശയം തോന്നിയത്. വിശദമായ ചോദ്യംചെയ്യലില്‍, കാമുകിയ റിതുവിന്റെ താല്‍പര്യപ്രകാരമാണ് താന്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് രോഹിത് പറഞ്ഞു.
ഏറെ കാലമായി രോഹിതും റിതുവും പ്രണയത്തിലാണ്. ഒരുമിച്ച് ജീവിക്കാന്‍ ഭാര്യ സഞ്ജു തടസ്സമാകുമെന്ന് മനസ്സിലായി. സഞ്ജുവിനെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന് റിതു നിരന്തരം രോഹിതിനോട് ആവശ്യപ്പെട്ടു. വിവാഹമോചനത്തിന് ശ്രമിച്ചാല്‍ ഇവരുടെ പ്രണയം പുറംലോകമറിയുമെന്നും സഞ്ജുവിന് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും ഭയപ്പെട്ടു. ഇതോടെയാണ് കൊലപ്പെടുത്താനുള്ള തീരുമാനത്തിലെത്തിയത്. സഞ്ജുവിനെ കൊലപ്പെടുത്തിയ രോഹിത് മോഷണമായി ചിത്രീകരിച്ച് പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
പ്രധാന പ്രതിയായി രോഹിത് സൈനിയെയും ഗൂഢാലോചനാക്കുറ്റം ചുമത്തി കാമുകിയെയും പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അധികൃതര്‍ ഇപ്പോള്‍ ഇരുവരെയും ചോദ്യം ചെയ്യുകയാണ്.






