അമേരിക്കന്‍ കയറ്റുമതി മാത്രം 40 ശതമാനം; ട്രംപിന്റെ താരിഫില്‍ തിരുപ്പൂര്‍ തുണിമില്ലുകള്‍ പൂട്ടിക്കെട്ടലിലേക്ക്; 20,000 യൂണിറ്റുകള്‍ അടച്ചുപൂട്ടേണ്ടി വരും; 30 ലക്ഷം തൊഴില്‍ നഷ്ടമാകും; ഓഗസ്റ്റ് 27നു ശേഷം ചരക്കുവേണ്ടെന്ന് ഇടപാടുകാര്‍

തിരുപ്പൂര്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ 50% തീരുവയില്‍ ഇന്ത്യയിലെ തുണി വ്യവസായത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന തിരുപ്പൂര്‍ കടുത്ത പ്രതിസന്ധിയിലേക്ക്. കുറഞ്ഞത് 20,000 ഫാക്ടറികളും 30 ലക്ഷം തൊഴിലും ഈ മേഖലയില്‍ നഷ്ടപ്പെട്ടേക്കുമെന്നാണു മുന്നറിയിപ്പ്.
ഇന്ത്യയുടെ 68 ശതമാനം ബനിയന്‍ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് തിരുപ്പൂരില്‍നിന്നാണ്് 2500 കയറ്റുമതിക്കാരും 20,000 യൂണിറ്റുകളും ഇവിടെയുണ്ടെന്നു തിരുപ്പൂര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കുമാര്‍ ദുരൈസ്വാമി പറഞ്ഞു. കഴിഞ്ഞവര്‍ഷം 44,744 കോടിയുടെ ടേണോവറാണ് എല്ലാവര്‍ക്കുമായി ലഭിച്ചത്. കോവിഡ് ലോക്ഡൗണിനുശേഷമുണ്ടായ മികച്ച നേട്ടമാണിത്. 20 ശതമാനം വളര്‍ച്ചയുണ്ടായി.
യുഎസ്എ, യുകെ, യൂറോപ്യന്‍ രാജയങ്ങള്‍, ഓസ്‌ട്രേലിയ, യുഎഇ, സൗദി അറേബ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കെല്ലാം കയറ്റുമതിയുണ്ട്. അമേരിക്കയിലേക്കു മാത്രം 40 ശതമാനം കയറ്റുമതിയുണ്ട്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ചേര്‍ന്നു 40 ശതമാനവും. യുകെയിലേക്ക് 10 ശതമാനവും മറ്റു രാജ്യങ്ങളിലേക്കെല്ലാംകൂടി 10 ശതമാനവും കയറ്റുമതിയുണ്ട്.
അമേരിക്കന്‍ കയറ്റുമതിയെ മാത്രം ആശ്രയിച്ചിരുന്നവരാണ് ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്നത്. അണ്ടര്‍ഗാര്‍മെന്റുകള്‍, ബേബി സ്യൂട്ടുകള്‍, നിശാവസ്ത്രങ്ങള്‍ എന്നിവ കടുത്ത പ്രതിസന്ധിയിലാണ്. ഇവയ്ക്കുള്ള മാര്‍ജിനുകള്‍ ചെറുതായതിനാല്‍ തീരുവ വലിയതോതില്‍ ബാധിക്കും.
ഓഗസ്റ്റ് 27 വരെ ഫാക്ടറികളിലുള്ളതുമുഴുവന്‍ കപ്പലു കയറ്റാനാണ് ഇടപാടുകാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, വീണ്ടുമൊരു 25 ശതമാനംകൂടി പ്രഖ്യാപിച്ചതോടെ വന്‍ തിരിച്ചടിയാകും ഉണ്ടാകുക. 27നുശേഷം ചരക്കുകള്‍ അയയ്‌ക്കേണ്ടതില്ലെന്നാണ് ഇടപാടുകാര്‍ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലില്‍ നരേന്ദ്രമോദിക്കു കത്തയച്ചിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം 20 ശതമാനംവരുന്ന 433.6 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ അമേരിക്കയിലേക്കു നടത്തിയത്. ഇതില്‍ 31 ശതമാനവും തമിഴ്‌നാട്ടില്‍നിന്നാണ്. 52.1 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി തമിഴ്‌നാട്ടില്‍നിന്നുണ്ടായി. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് അമേരിക്കന്‍ വിപണിയെ കുടുതലായി ആശ്രയിക്കുന്ന തമിഴ്‌നാടിന് താരിഫ് തിരിച്ചടിയാകുമെന്നും സ്റ്റാലില്‍ കത്തില്‍ പറയുന്നു.
ഇന്ത്യന്‍ തുണി കയറ്റുമതിയുടെ 28 ശതമാനവും തമിഴ്‌നാട്ടില്‍നിന്നാണ്. 75 ലക്ഷം ആളുകളാണ് ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ജോലി ചെയ്യുന്നത്. 25 ശതമാനവും പിന്നീട് അധികമായി ചുമത്തിയ 25 ശതമാനം കൂടിയാകുമ്പോള്‍ 30 ലക്ഷം തൊഴിലുകള്‍ നഷ്ടമാകും. നിലവില്‍ ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങള്‍ കടുത്ത മത്സരമാണ് ഇന്ത്യയുമായി തുണി വ്യവസായത്തില്‍ നടത്തുന്നത്. ഇതു മുന്നില്‍കണ്ട് ബംഗ്ലാദേശില്‍നിന്നുള്ള ജൂട്ട് ഇറക്കുമതി ഇന്ത്യ വിലക്കിയിട്ടുണ്ട്. tiruppur-knitwear-crisis-trump-tariffs-threaten-jobs-tamil-nadu-mk-stalin






