പരാക്രമം പശുക്കളോടല്ല വേണ്ടും!!! ഒറ്റപ്പാലത്ത് പശുക്കള്‍ക്ക് നേരെ ആക്രമണം; ജനനേന്ദ്രിയത്തിലടക്കം മുറിവ്

പാലക്കാട്: ഒറ്റപ്പാലത്ത് പശുക്കള്‍ക്കുനേരെ ആക്രമണം. മൂന്ന് പശുക്കളുടെ ജനനേന്ദ്രിയത്തിലടക്കം മുറിവേറ്റു. ഒറ്റപ്പാലം വരോട് കോലോത്ത് പറമ്പ് കരിമ്പനത്തോട്ടത്തില്‍ ഹരിദാസന്റെ പശുക്കള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. സമീപത്തെ പറമ്പില്‍ മേയാന്‍ വിട്ട പശുക്കളാണ് ആക്രമിക്കപ്പെട്ടത്.
ഉച്ചയ്ക്ക് വീട്ടില്‍ ആഹാരം കഴിക്കാന്‍ വന്ന ഹരിദാസന്‍ തിരികെ പോയപ്പോള്‍ പശുക്കളെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പറമ്പിന് സമീപത്തെ തേക്കില്‍ കെട്ടിയിട്ട നിലയില്‍ ഒരു പശുവിനെ കണ്ടു. മറ്റൊരു പശുവിനെ സമീപത്തെ കാട്ടില്‍ നിന്നും കണ്ടെത്തി. ഒരു പശു കയര്‍ പൊട്ടിച്ച് തനിയെ വീട്ടിലെത്തിയിരുന്നു.
പിന്നീട് തൊഴുത്തില്‍ കെട്ടിയ പശുക്കള്‍ പിടയുന്നതുകണ്ട് നോക്കിയപ്പോഴാണ് രക്തം വന്നതായി കണ്ടത്. തുടര്‍ന്ന് മൃഗഡോക്ടറെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാള്‍ ആന്തരിക അവയവങ്ങള്‍ക്കടക്കം മുറിവേറ്റതായി കണ്ടെത്തുകയായിരുന്നു. പശുക്കള്‍ക്ക് ചികിത്സ നല്‍കി. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഹരിദാസന്‍.






