ഭരണപരമായ ചുമതലകള്‍ വഹിക്കുന്ന ഡോക്ടര്‍മാര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വേണ്ട; സര്‍ക്കാരിന്റെ ഭാഗമായി നിന്ന് സംഘടയിലെ കാര്യങ്ങള്‍ അറിയേണ്ട; പുറത്താക്കി കെജിഎംസിടിഎ; വൈകാരിക കുറിപ്പുമായി ഡോ. ഹാരിസ്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ഭരണപരമായ ചുമതലകള്‍ വഹിക്കുന്ന ഡോക്ടര്‍മാരെ ഒഴിവാക്കി. ഡിഎംഇ, പ്രിന്‍സിപ്പല്‍മാര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ തുടങ്ങിയവരെയാണ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയത്. സര്‍ക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് സംഘടനയ്ക്കുള്ളിലെ കാര്യങ്ങള്‍ അറിയേണ്ടതില്ലെന്നാണ് കെജിഎംസിടിഎയുടെ തീരുമാനം.
അതേസമയം കെജിഎംസിടിഎയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഡോ. ഹാരിസ് വൈകാരിക കുറിപ്പ് പങ്കുവെച്ചിരുന്നു. മെഡിക്കല്‍ കോളേജ് അധികൃതര്‍ നടത്തിയ വാര്‍ത്ത സമ്മേളനം ഡോ. ഹാരിസ് ചിറയ്ക്കലിനെ കുരുക്കാനാണെന്ന് വ്യാപക ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വൈകാരിക സന്ദേശം. താന്‍ സംസാരിച്ചത് സാധാരണക്കാര്‍ക്ക് വേണ്ടിയാണെന്നും അത് മനസിലാക്കി തനിക്കൊപ്പം കേരളം മുഴുവന്‍ നിന്നെന്നും ഹാരിസ് പറയുന്നു. എന്നാല്‍ ചില ഡോക്ടര്‍മാര്‍ അവരെടുത്ത പ്രതിജ്ഞയ്ക്ക് വിപരീതമായി പ്രവര്‍ത്തിച്ചെന്നാണ് ഡോ. ഹാരിസിന്റെ ആരോപണം.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉടന്‍ തന്നെ അവസാനിച്ചേക്കുമെന്ന് സൂചനയുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ഡോ. ഹാരിസിനെതിരെ നടപടിയെടുക്കില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്ന അന്തിമ റിപ്പോര്‍ട്ടില്‍ ഡോ. ഹാരിസിനെതിരെ ഒരു പരാമര്‍ശവും ഇല്ല. കാണാതായ ഉപകരണം കണ്ടെത്തിയ സാഹചര്യത്തില്‍ അന്വേഷണവുമായി മുന്നോട്ട് പോകേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ഗ്രൂപ്പില്‍ കുറിപ്പുമായി ഡോ. ഹാരിസ്
അതേസമയം, സഹപ്രവര്‍ത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വൈകാരിക കുറിപ്പുമായി ഡോ. ഹാരിസ് ചിറയ്ക്കല്‍. ഒരു തെറ്റും ചെയ്യാത്ത ഡോക്ടറെ ജയിലില്‍ അടയ്ക്കാന്‍ സഹപ്രവര്‍ത്തകര്‍ വ്യഗ്രത കാട്ടിയെന്ന് ഡോ. ഹാരിസ്. സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോള്‍ ലോകം കൂടെ നിന്നു. മരണത്തിലേക്ക് വരെ എത്തിക്കാന്‍ ശ്രമിച്ചവര്‍ക്ക് കാലം മാപ്പ് നല്‍കട്ടെയെന്നും ഹാരിസിന്റെ സന്ദേശം.
തന്നെ അറിയാവുന്നവര്‍ പോലും അവസ്ഥ മനസിലാക്കിയില്ലെന്ന് ഡോ. ഹാരിസ് പറഞ്ഞു. പിന്നില്‍ നിന്ന് കുത്തുമെന്ന് കരുതിയില്ല. കീഴ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ നേരിട്ട് ചോദ്യം ചെയ്യാമായിരുന്നു. പകരം വാര്‍ത്താസമ്മേളനം നടത്തിയത് ഞെട്ടിച്ചെന്നും ഡോ. ഹാരിസ് പറഞ്ഞു. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഡോക്ടര്‍ ഹാരിസ് മെസേജ് അയച്ചത്.






