ജെയ്‌നമ്മയെ കാണാതായ ദിവസം രാത്രി ധൃതിയിലെത്തി ഫ്രിഡ്ജ് വാങ്ങി; അന്നു തന്നെ പൊട്ടിയമാല പണയംവച്ചു, സെബാറ്റിയന്‍ കുരുക്കിലേക്ക്?

ആലപ്പുഴ: ഏറ്റുമാനൂരില്‍നിന്നു കാണാതായ ജെയ്‌നമ്മ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി കോട്ടയം ക്രൈംബ്രാഞ്ച് സംഘം പ്രതി സെബാസ്റ്റ്യനുമായി ചേര്‍ത്തലയില്‍ തെളിവെടുത്തു. ജെയ്നമ്മയെ കാണാതായ 2024 ഡിസംബര്‍ 23-നു ഫ്രിഡ്ജുവാങ്ങിയതായി കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു തെളിവെടുപ്പ്. രാത്രി 7.30-ന് സെബാസ്റ്റ്യന്‍ സഹായി മനോജുമായി ധൃതിയിലെത്തിയാണ് ചേര്‍ത്തല വടക്കേ അങ്ങാടി കവലയ്ക്കുസമീപമുള്ള ഗൃഹോപകരണ ഷോറൂമില്‍നിന്നു ഫ്രിഡ്ജുവാങ്ങിയത്.
വാങ്ങിയ ഫ്രിഡ്ജ് ഏറ്റുമാനൂരിലെ ഭാര്യയുടെ വീട്ടില്‍നിന്നു കണ്ടെടുത്തു. ഏറ്റുമാനൂരിലേക്ക് ചേര്‍ത്തലയില്‍നിന്ന് ഫ്രിഡ്ജ് വാങ്ങിയതിലെ ദുരൂഹതയാണ് അന്വേഷിക്കുന്നത്. അന്നുതന്നെ ജെയ്നമ്മയുടേതെന്നു കരുതുന്ന പൊട്ടിയ മാല സമീപത്തെ സഹകരണബാങ്കിന്റെ ശാഖയില്‍ പണയംവെച്ചിരുന്നു. സഹായിയായ മനോജിന്റെ പേരിലായിരുന്നു പണയംവെച്ചത്. ഇതില്‍നിന്നു കിട്ടിയ 1,25,000 രൂപയില്‍നിന്ന് 17,500 നല്‍കിയാണ് ഫ്രിഡ്ജ് വാങ്ങിയത്.
ശനിയാഴ്ച വൈകീട്ട് 4.30-ഓടെയാണ് കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജന്‍ സേവ്യറിന്റെയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.എസ്. രാജീവിന്റെയും നേതൃത്വത്തിലാണ് സെബാസ്റ്റ്യനെ എത്തിച്ചു തെളിവെടുത്തത്. സെബാസ്റ്റ്യന്റെ സഹോദരന്‍ ക്ലമന്റിന്റെ പേരില്‍ ചേര്‍ത്തല നഗരത്തില്‍ വടക്കേ അങ്ങാടി കവലയ്ക്കു സമീപമുള്ള സ്ഥലത്തും സെബാസറ്റിയനെ എത്തിച്ചു. വര്‍ഷങ്ങളായി താമസമില്ലാതെ കാടുപിടിച്ചുകിടക്കുന്ന സ്ഥലവും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്.
കഴിഞ്ഞദിവസവും ഇവിടെ അന്വേഷണസംഘമെത്തി പരിശോധിച്ചിരുന്നു. ഇവിടെയും കുഴിച്ചു പരിശോധനയുണ്ടാകും. സഹോദരന്‍ സ്ഥലത്തില്ലാത്തതിനാല്‍ സ്ഥലം സെബാസ്റ്റ്യന്റെ നോട്ടത്തിലായിരുന്നു. ഇതു വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയായിരുന്നു. ജെയ്നമ്മ കൊല്ലപ്പെട്ടതായി ഉറപ്പാക്കിയിട്ടുണ്ടെങ്കിലും എങ്ങനെയെന്നു കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ക്രൈംബ്രാഞ്ച് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന നിലപാടിലാണ് സംഘം.
ഡിഎന്‍എ പരിശോധനാഫലം ലഭിക്കാനുള്ള കാലതാമസം അന്വേഷണത്തിനു വലിയ വെല്ലുവിളിയായിട്ടുണ്ട്. നിര്‍ണായകമായ ഡിഎന്‍എ ഫലം എത്തിയാല്‍ കേസിന്റെയും തെളിവെടുപ്പിന്റെയും ഗതിതന്നെ മാറുമെന്നാണ് വിലയിരുത്തല്‍.






