ഏക ബലഹീനത ഏക മകന്‍! കോടികള്‍ കൊണ്ടു നടന്നത് ബിഗ്‌ഷോപ്പറിലും കവറിലും! ചോദ്യംചെയ്യലില്‍ കുലുങ്ങാതെ സെബാസ്റ്റിയന്‍, കുഴങ്ങി പോലീസ്

കോട്ടയം: ജെയ്‌നമ്മ തിരോധാന കേസിലെ പ്രതി സെബാസ്റ്റ്യന്‍ പൊലീസിനെ കുഴപ്പിക്കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പലരീതിയില്‍ ചോദ്യം ചെയ്തിട്ടും ഒരുകുലുക്കവുമില്ലാത്ത രീതിയിലാണ് സെബാസ്റ്റ്യന്‍ പെരുമാറുന്നത്. പ്രതിയുടെ പ്രായവും ആരോഗ്യസ്ഥിതിയും ചോദ്യംചെയ്യലിന് തടസമാണ്. പിടിയിലായതു മുതല്‍ അന്വേഷണത്തോട് തീര്‍ത്തും നിസ്സഹകരിക്കുന്ന രീതിയാണ് ഇയാള്‍ സ്വീകരിക്കുന്നത്. സെബാസ്റ്റ്യന്റെ പലമൊഴികളും വിശ്വസിക്കാവുന്നതല്ലെന്നും ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഇയാളുടെ ചില ബലഹീനതകള്‍ ചോദ്യംചെയ്യലില്‍ വെളിപ്പെട്ടതായി സൂചനയുണ്ട്. അതിലൊന്ന് ഏകമകനോടുള്ള അമിതമായ സ്‌നേഹവും കരുതലുമാണ്. അന്‍പതു പിന്നിട്ടശേഷം വിവാഹിതനായ സെബാസ്റ്റിയനും ഭാര്യയ്ക്കും നാലു വര്‍ഷത്തിനുശേഷമാണ് കുട്ടിയുണ്ടായതെന്നും വിവരമുണ്ട്. മറ്റൊന്ന് ഇയാള്‍ കൈയിലുണ്ടായിരുന്ന കോടികളുടെ സമ്പാദ്യം ബാങ്കിലിടാതെ കൈയിലാണ് സൂക്ഷിച്ചിരുന്നതെന്നും പറയപ്പെടുന്നു. ഡെപ്പോസിറ്റ് വിവരങ്ങള്‍ ഭാവിയില്‍ തെളിവാകാതിരിക്കാനുള്ള മുന്‍കരുതലായി വേണം ഇതിനെ കരുതാന്‍. ചില ബെനാമി അക്കൗണ്ടുകള്‍ വഴി ഇയാള്‍ ഇടപാടുകള്‍ നടത്തിയിരുന്നതായും സൂചനയുണ്ട്. ബിഗ്‌ഷോപ്പറിലോ കവറിലോ ആക്കിയാണ് ഇയാള്‍ കോടികളുടെ ഇടപാടുകള്‍ നടത്തിയിരുന്നതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദമായ ചോദ്യംചെയ്യലിലേ ഇതെല്ലാം സംബന്ധിച്ച് സ്ഥിരീകരണമുണ്ടാകൂ.
അതിനിടെ, അന്വേഷണത്തില്‍ തെളിവുകള്‍ ഒന്നൊന്നായി കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. സെബാസ്റ്റ്യന്റെ ഭാര്യവീട്ടില്‍ ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കത്തി, ചുറ്റിക, ഡീസല്‍ മണമുള്ള കന്നാസ്, പഴ്‌സ് എന്നിവ കണ്ടെടുത്തു. വീട്ടില്‍ നിറുത്തിയിട്ടിരുന്ന സെബാസ്റ്റ്യന്റെകാറില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. കേസില്‍ അതി നിര്‍ണായകമായേക്കാവുന്നവയാണ് ഇപ്പോള്‍ ലഭിച്ച തെളിവുകള്‍ എന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. ഇരുപതുലിറ്ററോളം കൊള്ളുന്ന കന്നാസില്‍ ഡീസല്‍ വാങ്ങിയിരുന്നു എന്നും വ്യക്തമായിട്ടുണ്ട്. ഇത് എന്തിനാണെന്നാണ് ഇനി കണ്ടെത്തേണ്ടത്.
കഴിഞ്ഞദിവസം സെബാസ്റ്റ്യന്റെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ വാച്ച് ഡയലും ചെരിപ്പുകളും കണ്ടെടുത്തിരുന്നു. ഇവയും ആരുടേതാണെന്ന് കണ്ടെത്തേണ്ടതുണ്ട്. ചേര്‍ത്തലയില്‍ സെബാസ്റ്റ്യന്റെവീട്ടുവളപ്പില്‍ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ ഒരു സ്ത്രീയുടേത് ആണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇത് ജെയ്‌നമ്മയുടേതാണോ എന്ന് വ്യക്തമല്ല. ഡിഎന്‍എ പരിശോധനാഫലവും മറ്റ് രാസപരിശോധനാ ഫലങ്ങളും ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.






