എന്റെ മകളെക്കുറിച്ച് ഇവര്‍ ഓര്‍ക്കുന്നുണ്ടോ എന്ന് ചോദിച്ച് പൊട്ടിക്കരഞ്ഞു; ശ്വേതയ്ക്കും സാന്ദ്രയ്ക്കും പിന്തുണയുമായി മേജര്‍ രവി

നടി ശ്വേതാ മേനോനെതിരായ കേസില്‍ ശ്വേതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ മേജര്‍ രവി. ‘അമ്മ’ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു കൊണ്ട് ശ്വേതയ്‌ക്കെതിരെ നടക്കുന്ന നീക്കമാണിതെന്ന് മേജര്‍ രവി പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് വിഡിയോയിലാണ് താരത്തിന്റെ പ്രതികരണം.
മേജര്‍ രവിയുടെ വാക്കുകള്‍ ‘വിഷയം അറിഞ്ഞപ്പോള്‍ ശ്വേതയെ വിളിച്ച് തമാശയായാണ് ചോദിച്ചത്, എന്താണിതെന്ന്. എന്നാല്‍ ശ്വേത കരയുകയായിരുന്നു. എനിക്ക് 13 വയസുള്ള മകളുണ്ട്. ഈ ചെയ്യുന്നവര്‍ അവളുടെ കാര്യം ഓര്‍ക്കുന്നുണ്ടോ എന്നാണ് ശ്വേത എന്നോട് ചോദിച്ചത്. ആ കരച്ചില്‍ കേട്ടപ്പോഴാണ് എനിക്കീ വിഷയത്തിന്റെ ഗൗരവം മനസിലായത്.
ശ്വേത തിരഞ്ഞെടുപ്പിന് അപേക്ഷ കൊടുത്തതിന് പിന്നാലെയാണ് കേസ് വന്നത്. ആര്‍ക്കോ വേണ്ടി ഏതോ ഗുണ്ട ചെയ്ത പണിയാണിത്. സെന്‍സര്‍ ബോര്‍ഡ് ക്ലിയര്‍ ചെയ്ത സിനിമകളിലാണ് ശ്വേത അഭിനയിച്ചത്. അതും പത്ത് കൊല്ലം മുമ്പ് അഭിനയിച്ച സിനിമയുടെ പേരിലാണ് ഇപ്പോള്‍ പരാതി കൊടുത്തിരിക്കുന്നത്. ഇത് വ്യക്തിപരമായ വിദ്വേഷം കൊണ്ടാണെന്ന് വ്യക്തമാണ്.
എന്നാല്‍ നീതിപീഠം ഇതെല്ലാം കാണുന്നുണ്ട്. കേസില്‍ യാതൊരു തെളിവുമില്ലെന്ന് കാണുന്ന ഘട്ടത്തില്‍, ഒരു പെണ്‍കുട്ടിയുടെ ജീവിതം തുലയ്ക്കാന്‍ ശ്രമിച്ച ആളുകള്‍ക്ക് ശക്തമായ ശിക്ഷ നല്‍കണം. ഇല്ലെങ്കില്‍ ആര്‍ക്കോ വേണ്ടി കേസ് നല്‍കാന്‍ ഇതുപോലെ ആള്‍ക്കാര്‍ വരും.
പോണോഗ്രാഫി തെരഞ്ഞപ്പോഴാണ് അയാള്‍ ഇതൊക്കെയും കണ്ടത്. എന്തിനാണ് അയാള്‍ തെരയാന്‍ പോയത്. അയാളാണ് യഥാര്‍ഥത്തില്‍ ശിക്ഷിക്കപ്പെടേണ്ടത്. കോടതിയില്‍ ഇതിനൊക്കെ മറുപടി നല്‍കേണ്ടി വരും. ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്ക് എന്താണ് ഇത്ര അസ്വസ്ഥത? ശ്വേത ആരുടെയും മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കാന്‍ പോകുന്നില്ല. പൊതു സമൂഹം ശ്വേതയോടൊപ്പമുണ്ട്.’
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിനുള്ള പത്രിക തള്ളപ്പെട്ട സാന്ദ്ര തോമസിനും മേജര്‍ രവി പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിനെ എന്തിനാണ് ഇങ്ങനെ ഭയക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. അധികാരക്കസേരയില്‍ ഇരിക്കുന്നവരൊക്കെയും അവിടെ നിന്ന് ഇറങ്ങേണ്ട സമയം അതിക്രമിച്ചു എന്നും മേജര്‍ രവി പറഞ്ഞു. അധികാരത്തിലിരിക്കുന്നവര്‍ നെപ്പോട്ടിസം കാണിക്കുന്ന സമയത്ത് ഒരു സ്ത്രീ ചോദ്യം ചോദിക്കാന്‍ മുന്നോട്ടു വരുമ്പോള്‍ അവര്‍ക്ക് ഉത്തരം നല്‍കേണ്ടി വരും. ഇവരെ കേള്‍ക്കണം. പറയുന്നതില്‍ കാര്യമുണ്ടെങ്കില്‍ അത് പരിഗണിക്കണം എന്നും മേജര്‍ രവി ആവശ്യപ്പെട്ടു.
സിനിമാ കോണ്‍ക്ലേവില്‍ സ്ത്രീകളെയും ദലിതരെയും അധിക്ഷേപിച്ച അടൂര്‍ ഗോപാലകൃഷ്ണനെയും മേജര്‍ രവി വിമര്‍ശിച്ചു. എന്തിനാണ് ആ സ്ത്രീയോട് അടൂര്‍ കോപിച്ചത് എന്ന് മേജര്‍ രവി ചോദിച്ചു. ഞാന്‍ സംസാരിക്കുമ്പോള്‍ വേറാരും സംസാരിക്കരുത് എന്ന് പറയുന്നത് മാടമ്പിത്തരമാണ്. ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഉത്തരങ്ങള്‍ നല്‍കണം. അടൂര്‍ ഗോപാലകൃഷ്ണന്‍ കുറച്ചുകൂടി പക്വതയോടെ പെരുമാറണമായിരുന്നു എന്നും മേജര്‍ രവി പറഞ്ഞു. ചെയ്ത തെറ്റ് തിരുത്താതെയിരിക്കുന്ന അടൂര്‍ മൂഢസ്വര്‍ഗത്തിലാണെന്നും മേജര്‍ രവി വിമര്‍ശിച്ചു.
റാപ്പര്‍ വേടന്‍ കഴിഞ്ഞുപോയ കാലത്തുണ്ടായ ജാതി വിവേചനത്തെ പറ്റിയാണ് പാടുന്നതെന്നും അത് ഇന്നത്തെ കാലത്ത് പാടി നടക്കേണ്ട ആവശ്യമില്ലെന്നും മേജര്‍ രവി അഭിപ്രായപ്പെട്ടു. ഇന്ന് സമൂഹത്തിലില്ലാത്ത വിവേചനം ഉണ്ടെന്നു പറഞ്ഞ് വേടന്‍ വിദ്വേഷം കുത്തിനിറയ്ക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒടുവില്‍ വേടനിപ്പോള്‍ സ്ത്രീ പീഡന കേസിലാണ് അകപ്പെട്ടിരിക്കുന്നത്. ജനങ്ങള്‍ കയ്യടിക്കുന്നതിനു മുമ്പ്, ഇവിടെ നീതിയും ന്യായവും നിലനില്‍ക്കുന്നുണ്ട് എന്ന് ഓര്‍ക്കണമെന്നും മേജര്‍ രവി പറഞ്ഞു.






