അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ ദളിത് വിരുദ്ധതയില്ല ; നടത്തിയ പരാമര്‍ശം ഈ വിഭാഗത്തെ അപമാനിക്കുന്നതായിരുന്നില്ലെന്ന് നിയമോപദേശം ; കേസെടുക്കില്ല

തിരുവനന്തപുരം: പട്ടികജാതി വിരുദ്ധത ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ ദിനുവെയില്‍ നല്‍കിയ പരാതിയില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരേ കേസെടുത്തേക്കില്ല. അടൂര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തിലെ മുഴുവന്‍ അംഗങ്ങളെയും കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാന്‍ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്ന് കാണിച്ച് ദിനുവെയില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ ഫിലിം കോണ്‍ക്ലേവിന്റെ വേദിയില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശം ഈ വിഭാഗത്തെ അപമാനിക്കുന്നതായിരുന്നില്ല എന്നാണ് കിട്ടിയിരിക്കുന്ന നിയമോപദേശം. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കഴിയുന്ന വിധത്തിലുള്ള പരാമര്‍ശം അടൂര്‍ നടത്തിയിട്ടില്ലെന്നും അതുകൊണ്ട് കേസെടുക്കാന്‍ കഴിയില്ലെന്നുമാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം.
അടൂരിന്റെ പരാമര്‍ശത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എസ്സി/എസ്ടി കമ്മീഷനും തിരുവനന്തപുരം മ്യൂസിയം പൊലീസിനും ഇ മെയില്‍ വഴി ദിനു വെയില്‍ പരാതി നല്‍കുകയായിരുന്നു. അടൂരിന്റെ പ്രസ്താവന ഗുരുതരമാണെന്നും പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിനെതിരേ അനിഷ്ടം വളരാന്‍ സാധ്യതയുള്ള തരം പരാമര്‍ശമായിരുന്നെന്നും ദിനുവെയില്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു പ്രത്യേക വ്യക്തിയെ പരാമര്‍ശിക്കുന്നില്ലെങ്കിലും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തെ അറിവില്ലാത്തവരും ഉത്തരവാദിത്തമില്ലാത്തവരുമായി ചിത്രീകരിക്കുന്ന പ്രസ്താവനയാണ് ഇതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സമൂഹ മാധ്യമങ്ങളും ടിവി ചാനലും വഴി ഇത് പ്രക്ഷേപണം ചെയ്തതുവഴി ഇത് കാണുന്ന എസ്സി/എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെട്ട താനടക്കമുള്ള വ്യക്തികളെയും അടൂരിന്റെ പ്രസ്താവന അപമാനിക്കുന്നുവെന്നും പറഞ്ഞു.






