വില്ലനുക്കും വില്ലന്‍, ഇമോഷണലിലും മന്നന്‍! മുരളിയ്ക്ക് പകരം മുരളി മാത്രം; അതുല്യ നടന്റെ ഓര്‍മകള്‍ക്ക് 16 വയസ്

‘കാരിരുമ്പിന്റെ കരുത്തുള്ള’ കഥാപാത്രങ്ങള്‍, കരിയറിലെ ഒരു ചിത്രത്തിന്റെ പോസ്റ്ററില്‍ വന്ന വിശേഷണം എങ്ങനെ താനെന്ന നടനെക്കുറിച്ച് തന്നെയുള്ള വിശേഷണമായി മാറിയെന്ന് മുരളി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതെന്തായാലും പരുക്കന്‍ കഥാപാത്രങ്ങള്‍ മാത്രം വഴങ്ങുന്ന അഭിനേതാവായിരുന്നില്ല അദ്ദേഹം. മറിച്ച് കോമഡിയും റൊമാന്‍സും ആക്ഷനുമൊക്കെ ഏറെ ആഴമുള്ള കഥാപാത്രങ്ങള്‍ക്കൊപ്പം അദ്ദേഹം സ്‌ക്രീനില്‍ പകര്‍ന്നാടിയിട്ടുണ്ട്. സ്‌ക്രീനിലെ ഈ പരുക്കന്‍ ഇമേജ് പലപ്പോഴും ഇനിയും വൈവിധ്യമുള്ള കഥാപാത്രങ്ങള്‍ ലഭിക്കാന്‍ തടസം നിന്നിട്ടുണ്ടെന്ന് മാത്രം. ബിഗ് സ്‌ക്രീനില്‍ മലയാളത്തിന്റെ അഭിനയമുദ്രയായി മാറിയ മഹാനടന്റെ വിയോഗത്തിന് ഇന്നേയ്ക്ക് 16 വര്‍ഷങ്ങള്‍.
കൊല്ലം ജില്ലയിലെ കുടവട്ടൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ത്തന്നെ നാടകവേദിയില്‍ എത്തി. പിന്നീട് സര്‍ക്കാര്‍ ജീവനക്കാരനായപ്പോഴും അഭിനയവേദി തന്നെയായിരുന്നു മനസില്‍. ജോലി രാജിവച്ച് അഭിനയത്തില്‍ സജീവമായി. നരേന്ദ്ര പ്രസാദ് ആരംഭിച്ച നാട്യഗൃഹത്തില്‍ ഏറെ സജീവമായിരുന്ന മുരളിയുടേതായി എണ്ണമറ്റ മികവാര്‍ന്ന പ്രകടനങ്ങള്‍ വേദിയില്‍ ഉണ്ടായിട്ടുണ്ട്. സി എന്‍ ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മിയിലെ രാവണന്‍ ആയിരുന്നു മുരളിയുടെ സ്റ്റേജ് പെര്‍ഫോമന്‍സുമായി ചേര്‍ത്ത് എപ്പോഴും അനുസ്മരിക്കപ്പെടുന്ന ഒരു കഥാപാത്രം.
ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടിയിലൂടെ ആയിരുന്നു സിനിമയിലെ അരങ്ങേറ്റം. പിന്നീട് ചിദംബരം, പഞ്ചാഗ്‌നി, നീയെത്ര ധന്യ തുടങ്ങി ശ്രദ്ധേയ വേഷങ്ങള്‍ തൊട്ടുപിന്നാലെ എത്തി. സൂക്ഷ്മാഭിനയത്തിലൂടെ മറ്റ് അഭിനേതാക്കളില്‍ നിന്ന് എന്നും വേറിട്ടുനിന്നും മുരളിയുടെ കഥാപാത്രങ്ങള്‍. മലയാളി ആഘോഷിച്ച മുരളിയുടെ പല ബിഗ് സ്‌ക്രീന്‍ പെര്‍ഫോമന്‍സുകളും തൊണ്ണൂറുകളിലാണ് സംഭവിച്ചത്. വെങ്കലത്തിലെ ഗോപാലന്‍ മൂശാരിയും ആകാശദൂതിലെ ജോണിയും അമരത്തിലെ കൊച്ചുരാമനും ആധാരത്തിലെ ബാപ്പൂട്ടിയും അടക്കം ഉള്ളുപൊളിച്ച കഥാപാത്രങ്ങളുടെ നിരയുണ്ട് അക്കൂട്ടത്തില്‍. നായകനൊപ്പം ഗാംഭീര്യമുള്ള പ്രതിനായകനായി മുരളി തിളങ്ങി. ഏയ് ഓട്ടോ, കളിക്കളം, ദി കിംഗ്, ദി ട്രൂത്ത് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ചില ഉദാഹരണങ്ങള്‍ മാത്രമാണ്.
നെയ്ത്തുകാരനിലെ പ്രകടനത്തിന് 2002 ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. നാല് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും രണ്ട് തവണ സഹനടനുള്ള പുരസ്‌കാരവും മുരളിയെ തേടിയെത്തി. രണ്ടായിരത്തിന് ശേഷം അദ്ദേഹത്തിലെ നടനെ മതിക്കുന്ന സിനിമകള്‍ കുറവായിരുന്നു മുരളിയ തേടിയെത്തിയത്. സിനിമാ അഭിനയത്തോടുള്ള മതിപ്പില്ലായ്മയിലേക്കും അത് അദ്ദേഹത്തെ എത്തിച്ചിരുന്നു. സ്റ്റേജില്‍ നിന്നെത്തിയ പല വലിയ നടന്മാരെയും പോലെ നാടകമാണ് സിനിമയേക്കാള്‍ അദ്ദേഹത്തെ ഭ്രമിപ്പിച്ചിരുന്നത്. മുരളിയെന്ന അഭിനേതാവിനെ മലയാള സിനിമ അതിന്റെ എല്ലാ സാധ്യതകളോടെയും ഉപയോഗിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് പറയേണ്ടിവരും.’






