ചത്തോന്നറിയാന്‍ വന്നതാണ്! ട്രംപിനെ തള്ളി മെറ്റയും ജെമിനിയും ഗ്രോക്കും കോപൈലറ്റും ചാറ്റ് ജിപിടിയും; ‘ഇന്ത്യന്‍ സമ്പദ്രംഗം കൂള്‍, ഇനിയും മുന്നോട്ടുപോകു’മെന്ന് ഒറ്റക്കെട്ടായി ഐഐ പ്ലാറ്റ്ഫോമുകള്; തര്‍ക്കം തുടര്‍ന്ന് രാഹുലും മോദിയും

ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തികരംഗം ചത്തുപോയെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം ഉണ്ടാക്കിയ വിവാദം ചില്ലറയല്ല. ഇന്ത്യയില്‍ മോദിക്കെതിരേയും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേയും രൂക്ഷ വിമര്‍ശനവും പരിഹാസവുമായി പ്രതിപക്ഷവും രംഗത്തുവന്നു. ഇന്ത്യയിലെ വിദേശ നിക്ഷേപം പത്തുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെന്ന ആര്‍ബിഐ റിപ്പോര്‍ട്ടുകള്‍കൂടി ഉയര്‍ത്തിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.
എന്നാല്‍, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശരിക്കും ചത്തോയെന്ന ചോദ്യത്തിന് ട്രംപിന്റെ ഉത്തരമല്ല യുഎസിലെ പ്രമുഖ എഐ സംവിധാനങ്ങള്‍ നല്‍കുന്നത്. ട്രംപിന്റെ അവകാശവാദവും ഇന്ത്യന്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്താനുള്ള വ്യാപകമായ പ്രഖ്യാപനവും വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കേയാണ് അമേരിക്കയിലെ തന്നെ നിര്‍മ്മിത ബുദ്ധി പ്ലാറ്റ്ഫോമുകളുടെ പ്രതികരണം. അഞ്ച് പ്രമുഖ അമേരിക്കന്‍ എഐ പ്ലാറ്റ്ഫോമുകളായ ചാറ്റ്ജിപിടി, ഗ്രോക്ക്, ജെമിനി, മെറ്റ എഐ, കോപൈലറ്റ് എന്നിവയോട് എന്‍ഡിടിവി ചോദിച്ച ചോദ്യത്തിനുള്ള മറുപടികളാണ് ട്രംപിന്റെ പ്രസ്താവനകളെ അടപടലം നിഷേധിക്കുന്നത്.
‘ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മരിച്ചോ?’ എന്ന ചോദ്യമായിരുന്നു ഈ അഞ്ചു പ്ലാറ്റ്ഫോമുകളിലും ചോദിച്ചത്. അവയുടെ പ്രതികരണങ്ങള്‍ ട്രംപിന്റെ വാദത്തെ ഒരേപോലെ നിഷേധിക്കുന്നതായിരുന്നു. ‘ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ മരിച്ചില്ലെന്നു മാത്രമല്ല. അത് ചലനാത്മകമാണ്. അത് അഭിലാഷപൂര്ണമാണ് എന്നായിരുന്നു ചാറ്റ് ജിപിടിയുടെ മറുപടി. ‘ഇല്ല, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മരിച്ചില്ല. ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളില് ഒന്നായി അത് തുടരുകയാണ്എന്നായിരുന്നു ഗ്രോക്കിന്റെ മറുപടി.
‘ശക്തമായ വളര്‍ച്ചയാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സവിശേഷത’ എന്ന കൂള്‍ മറുപടിയാണ് ജെമിനി നല്‍കിയത്. ‘ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മരിച്ചിട്ടില്ല. ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളില് ഒന്നാണ് എന്ന് മെറ്റാ എഐ സമ്മതിച്ചു. കോപൈലറ്റ് കാര്യങ്ങള്‍ കൂടുതല്‍ തുറന്നുപറഞ്ഞു, ‘മരിക്കാനോ? അതിനോട് അടുത്തുപോലുമില്ല. വാസ്തവത്തില്‍, ഇത് തികച്ചും വിപരീതമാണ്’ എന്ന് കോപൈലറ്റ് നിസംശയം പറഞ്ഞു.
ട്രംപ് ഇന്ത്യയെക്കുറിച്ചുള്ള വിമര്‍ശനം കടുപ്പിക്കുകയും മോസ്കോയുമായുള്ള ഡല്‍ഹിയുടെ വ്യാപാരബന്ധത്തെ ലക്ഷ്യമിടുകയും ചെയ്തപ്പോഴാണ് എഐ വിധികള്‍ പുറത്തുവന്നത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ വര്‍ദ്ധിപ്പിക്കുന്നതും റഷ്യന്‍ ക്രൂഡ് ഓയിലും പ്രതിരോധ ഉപകരണങ്ങളും ഇന്ത്യ വാങ്ങുന്നതുമായി ബന്ധപ്പെട്ട പിഴയും പ്രഖ്യാപിച്ച് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റിട്ടിരുന്നു. ‘ഇന്ത്യ റഷ്യയുമായി എന്തുചെയ്യുന്നു എന്നത് എനിക്കൊരു പ്രശ്നമല്ല. എന്നെ സംബന്ധിച്ചിടത്തോളം, അവര്‍ക്ക് അവരുടെ മരിച്ച സമ്പദ്വ്യവസ്ഥകളെ ഒരുമിച്ച് താഴ്ത്താം. ഞങ്ങള്‍ ഇന്ത്യയുമായി വളരെ കുറഞ്ഞ വ്യാപാരം മാത്രമേ ചെയ്തിട്ടുള്ളൂ, അവരുടെ തീരുവകള്‍ വളരെ കൂടുതലാണ്, ലോകത്തില്‍ ഏറ്റവും ഉയര്‍ന്നവയില്‍ ഒന്നാണ്’ ഇതായിരുന്നു ട്രംപിന്റെ പോസ്റ്റ്.
കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അടക്കമുള്ളവര്‍ ട്രംപിന്റെ വാദം തള്ളി രംഗത്തെത്തി, ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണെന്നും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥ ആകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ട്രംപിന്റെ പരാമര്‍ശത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പിന്തുണച്ചു, ഈ അവസരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്പദ് രീതിക്കെതിരെയാക്കി മാറ്റാനാണ് രാഹുല്‍ ശ്രമിച്ചത്. ട്രംപ് പറഞ്ഞത് ശരിയാണെന്നും പ്രധാനമന്ത്രിയും ധനമന്ത്രിയും ഒഴികെ എല്ലാവര്ക്കും ഇത് അറിയാമെന്നും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഒരു മരിച്ച സമ്പദ്വ്യവസ്ഥയാണും ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരേയും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
indian-economy-dead-statement-by-trump-reply-by-ai-team






