Breaking NewsLead NewsSportsTRENDING

കത്തിക്കല്‍ കഴിഞ്ഞോ? ടെസ്റ്റിലെ പ്രകടനത്തിനു പിന്നാലെ ഐപിഎല്ലിലും കെ.എല്‍. രാഹുലിനു വന്‍ ഡിമാന്‍ഡ്; സഞ്ജുവിനു പകരം നോട്ടമിട്ടു ചെന്നൈയും; കൊല്‍ക്കത്തയ്ക്കും കണ്ണ്; ഓപ്പണിംഗ് മുതല്‍ അഞ്ചാം വിക്കറ്റ് വരെ സ്ഥിരതയുള്ള പ്രകടനവും വിക്കറ്റ് കീപ്പിംഗും രാഹുലിന് നേട്ടം

ബംഗളുരു: ഐപിഎല്ലില്‍ രാജസ്ഥാനില്‍നിന്ന് ചെന്നൈയിലേക്കുള്ള സഞ്ജു സാംസണിന്റെ മാറ്റം ചര്‍ച്ചയാകുന്നതിനിടെ അപ്രതീക്ഷിത നീക്കങ്ങള്‍. സഞ്ജുവിനു പകരം ഡല്‍ഹി ക്യാപിറ്റല്‍സില്‍നിന്ന് കെ.എല്‍. രാഹുലിനെ റാഞ്ചാനാണു ചെന്നൈ പദ്ധതിയിടുന്നതെന്ന വാര്‍ത്തയാണ് ഐപിഎല്‍ ചര്‍ച്ചകളില്‍ ഉയരുന്നത്. മൂന്നുവട്ടം ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയും കരുക്കള്‍ നീക്കുന്നു. ചെന്നൈ ടീം രാഹുലിനെയാണ് ട്രേഡ് വിന്‍ഡോയില്‍ വാങ്ങുന്നതെങ്കില്‍ അടുത്ത സീസണിലും സഞ്ജു രാജസ്ഥാനില്‍ തുടരും.

എന്തുകൊണ്ട് രാഹുല്‍?

സഞ്ജുവിനെ വേണ്ടെന്നു വച്ച് കെഎല്‍ രാഹുലിനായി ചെന്നൈ സൂപ്പര്‍ കിങ്സ് ശ്രമം നടത്തുന്നുണ്ടെങ്കില്‍ അതു ചില പ്രധാനപ്പെട്ട കാരണങ്ങള്‍ കൂടിയുണ്ട്. ഏതു ടീമിനും മുതല്‍ക്കൂട്ടായി മാറുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് അദ്ദേഹം. രാഹുലിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ബാറ്റിങില്‍ പുലര്‍ത്തുന്ന സ്ഥിരതയാണ്. അക്കാര്യത്തില്‍ സഞ്ജു അദ്ദേഹത്തിനു താഴെ മാത്രമേ വരികയുള്ളൂ.

Signature-ad

ചില ദിവസങ്ങളില്‍ സ്ഫോടനാത്മക ഇന്നിങ്സുകളിലൂടെ മല്‍സരം തനിച്ചു ജയിപ്പിക്കാന്‍ സഞ്ജുവിനു കഴിയും. പക്ഷെ ബാറ്റിങ്ങില്‍ രാഹുലിനോളം സ്ഥിരത പുലര്‍ത്താറില്ല. നേതൃമികവാണ് രാഹുലിന്റെ ഡിമാന്റ് വര്‍ധിപ്പിക്കുന്ന കാര്യം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ വിവിധ ഫോര്‍മാറ്റുകളില്‍ അദ്ദേഹം നയിച്ചു കഴിഞ്ഞു.

കൂടാതെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സുള്‍പ്പെടെയുള്ള ടീമുകളെ രാഹുല്‍ ഇതിനകം നയികക്കുകയും ചെയ്തു. വിക്കറ്റിനു പിന്നില്‍ അദ്ദേഹം പുലര്‍ത്തുന്ന കണിശതയും എടുത്തു പറയേണ്ട കാര്യം തന്നെയാണ്. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ പോലെ റിവ്യുകള്‍ എടുക്കുന്ന കാര്യത്തില്‍ രാഹുല്‍ വേറെ ലെവലാണെന്നു തന്നെ പറയാം.

ബാറ്റിങിലാവട്ടെ ഓപ്പണിംഗ് മുതല്‍ അഞ്ചാം നമ്പറില്‍ വരെ എവിടെയും കളിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. ഈ മികവുകളെല്ലാം കൂട്ടി വായിക്കുമ്പോള്‍ രാഹുലിനെ വേണ്ടെന്നു വയ്ക്കാന്‍ ഒരു ഫ്രാഞ്ചൈസിയും തയ്യാറാവില്ല. ചെന്നൈ ഇപ്പോള്‍ സഞ്ജുവിനേക്കാള്‍ മുന്‍തൂക്കം രാഹുലിനു നല്‍കുന്നതിനും ഈ കാരണങ്ങളൊക്കെ തന്നെയാവാം.

വന്‍ ഡിമാന്റ്

ഐപിഎല്ലിന്റെ ഇത്തവണത്തെ ട്രേഡിങ് വിന്‍ഡോയില്‍ ഏറ്റവുമധികം ഡിമാന്റുള്ള താരമായി കെഎല്‍ രാഹുല്‍ മാറിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈ സൂപ്പര്‍ കിങ്സിനെ കൂടാതെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളും അദ്ദേഹത്തെ സ്വന്തമാക്കാന്‍ താല്‍പ്പര്യമുണ്ട്. കെകെആറിനെ സംബന്ധിച്ച് അവര്‍ക്കു ഏറ്റവും അനുയോജ്യനായ താരമാണ് അദ്ദേഹം.

പുതിയ സീസണില്‍ ക്യാപ്റ്റനാവാന്‍ ശേഷിയപുള്ള മുന്‍നിര ഇന്ത്യന്‍ വിക്കറ്റ് കീപ്പറെയാണ് കൊല്‍ക്കത്തയ്ക്കു ആവശ്യം. അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിയില്‍ കഴിഞ്ഞ തവണ പ്ലേഓഫില്‍ പോലും കടക്കാന്‍ കെകെആറിനായില്ല.

കൂടാതെ വിക്കറ്റ് കീപ്പര്‍മാരായ ക്വിന്റണ്‍ ഡികോക്ക്, റഹ്‌മാനുള്ള ഗുര്‍ബാസ് എന്നിവര്‍ ബാറ്റിങില്‍ ദയനീയ പരാജയമാവുകയും ചെയ്തു. രാഹുലിനെ സ്വന്തമാക്കാനായാല്‍ ക്യാപ്റ്റന്‍സിക്കൊപ്പം വിക്കറ്റ് കീപ്പിങും കെകെആറിനു ധൈര്യമായി ഏല്‍പ്പിക്കാം.

നിലവില്‍ രാഹുലിനെ റോയല്‍സിനു ആവശ്യമില്ല. എന്നാല്‍ ട്രേഡിങ് വിന്‍ഡോയില്‍ തങ്ങളുടെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ സിഎസ്‌കെയ്ക്കുു വിട്ടുനല്‍കേണ്ടി വന്നാല്‍ പകരക്കാരക്കാരനായി രാഹുലിനെ റോയല്‍സ് നോട്ടമിടുന്നു.

Back to top button
error: