Breaking NewsKeralaLead NewsNEWSNewsthen SpecialPravasi

അടിമുടി ദുരൂഹത: പെരിയയിലെ കുഞ്ഞഹമ്മദ് മുസ്ലിയാര്‍ മെമ്മോറിയല്‍ ട്രസ്റ്റില്‍ ഗള്‍ഫില്‍നിന്ന് കണക്കില്ലാതെ ഒഴുകിയെത്തിയത് 220 കോടി; ഈടില്ലാത്ത വായ്പകള്‍ എന്ന പേരില്‍ ഇടപാടുകള്‍; കുരുക്കിട്ട് ഇഡി

കാസര്‍ഗോഡ്: പെരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുഞ്ഞഹമ്മദ് മുസ്ലിയാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് നിയമങ്ങള്‍ പാലിക്കാതെ കോടികളുടെ വിദേശ സംഭാവന സ്വീകരിച്ചതായി തെളിഞ്ഞു. ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് ദുരൂഹമായ സാമ്പത്തികയിടപാടുകളുടെ നിര്‍ണായക വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചത്. പ്രവാസി മലയാളി ഇബ്രാഹിം അഹമ്മദ് അലി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിലെ അംഗങ്ങള്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ തന്നെയാണെന്നാണ് വിവരം.

200 ഏക്കറിലേറെ വരുന്ന പ്രദേശത്താണ് ട്രസ്റ്റും ട്രസ്റ്റിന്റെ കീഴിലുള്ള കുനിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സും പ്രവര്‍ത്തിക്കുന്നത്. സ്ഥാപനം ഫെമ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇഡി കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കഴിഞ്ഞ ദിവസം കാസര്‍ഗോഡ് പെരിയയിലെ ആസ്ഥാനത്തടക്കം റെയ്ഡ് നടന്നത്.

Signature-ad

രാവിലെ പത്തിന് ആരംഭിച്ച റെയ്ഡ് അര്‍ധരാത്രിയോടെയാണ് അവസാനിച്ചത്. 2021 മുതല്‍ ഇന്നുവരെയുള്ള കാലയളവില്‍ ട്രസ്റ്റിന് വിദേശഫണ്ടായി ലഭിച്ചത് 220 കോടി രൂപയാണ്. എന്‍ആര്‍ഐ കൂടിയായ ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദ് അലിയില്‍ നിന്നാണ് ട്രസ്റ്റിലേക്ക് ഈ തുക എത്തിയിട്ടുള്ളത്.

ഈടില്ലാത്ത വായ്പകളെന്ന പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ ഇടപാടുകള്‍. വായ്പകളെന്നാണ് പറയുന്നതെങ്കിലും വായ്പ കരാര്‍, പലിശ നിരക്ക്, തിരിച്ചടവിന്റെ രേഖകള്‍ ഒന്നും തന്നെ സ്ഥാപനത്തിന് ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഒരു തവണപോലും തിരിച്ചടവ് നടത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ ഇഡി കണ്ടെത്തി.

ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദ് അലിയ്ക്ക് ഈ തുക (220 കോടി) ലഭിച്ചിട്ടുള്ളത് യുഎഇയിലെ യൂണിവേഴ്‌സല്‍ ലൂബ്രിക്കന്‍ഡ് എല്‍എല്‍സി എന്ന സ്ഥാപനത്തില്‍ നിന്നാണ്. നിയമപരമായാണ് ഫണ്ടുകള്‍ സ്വീകരിച്ചതെന്ന് തെളിയിക്കുന്ന ഒരു രേഖകള്‍ ഹാജരാക്കാനും ട്രസ്റ്റിന്റെ അധികാരികള്‍ക്ക് കഴിഞ്ഞില്ല.

ട്രസ്റ്റുകള്‍ക്ക് വിദേശവായ്പകളോ ഫണ്ടോ സ്വീകരിക്കാന്‍ എഫ്ആര്‍സിഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) രജിസ്‌ട്രേഷന്‍ അനിവാര്യമാണ്. കുഞ്ഞഹമ്മദ് മുസ്ലിയാര്‍ മെമ്മോറിയല്‍ ട്രസ്റ്റിന് അങ്ങനെയൊരു രജിസ്‌ട്രേഷന്‍ ഈ ദിവസം വരെ ഇല്ല. കൂടാതെ വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിന് എഫ്സിആര്‍എ ബാങ്ക് അക്കൗണ്ടും അനിവാര്യമാണ്. ഇതൊന്നും ഇല്ലാതെയാണ് 220 കോടിയിലേറെ രൂപ ട്രസ്റ്റ് സ്വീകരിച്ചത്. ഇതിന് പുറമെ ഇത്തരത്തില്‍ ലഭിച്ച പണത്തിന്റെ വലിയ വിഹിതം കൃഷിഭൂമി വാങ്ങാനാണ് പ്രയോജനപ്പെടുത്തിയതെന്നും ഇഡി അന്വേഷണത്തില്‍ കണ്ടെത്തി. ഇതും കടുത്ത നിയമലംഘനമാണ്. 1999 ലെ വിദേശ നാണയ വിനിമയ ചട്ടത്തിന്റെ (ഫെമ) ലംഘനവും ഇഡി റെയ്ഡില്‍ കണ്ടെത്തി. ഫെമയുടെ വ്യവസ്ഥകള്‍ ലംഘിച്ച് പ്രവാസി മലയാളിയായ ഇബ്രാഹിം അഹമ്മദ് അലിയില്‍ നിന്ന് ട്രസ്റ്റ് 2.49 കോടി രൂപ പണമായി സ്വീകരിച്ചതായും പരിശോധനയില്‍ കണ്ടെത്തി.

പ്രവാസിയില്‍നിന്ന് പണം നേരിട്ട് കൈപ്പറ്റാന്‍ നിയമം അനുവദിക്കുന്നില്ല. പതിനാല് മണിക്കൂറിലേറെ നീണ്ട പരിശോധനയില്‍ 220 കോടി രൂപയുടെ ഈടില്ലാത്ത വായ്പകള്‍ വ്യക്തമാക്കുന്ന ലെഡ്ജര്‍ അക്കൗണ്ടുകള്‍, ട്രസ്റ്റിന്റെ ക്യാഷ് ബുക്ക്, സാമ്പത്തിക വിവരങ്ങള്‍ അടങ്ങിയ ഒരു ഹാര്‍ഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Back to top button
error: