
തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി സമഗ്ര ചലച്ചിത്രനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി സിനിമാ കോണ്‍ക്ലേവിന് തുടക്കമായി. നയരൂപീകരണത്തിന്റെ കരട് രേഖ പുറത്തുവന്നു. സിനിമ മേഖലയിലെ സ്ത്രീകളും ലിംഗ ന്യൂനപക്ഷങ്ങളും നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതാണ് കരട് രേഖ.
ഇന്ത്യയില്‍ ആദ്യമായി ഇത്രയും വിശാലമായ ചലച്ചിത്രനയം രൂപീകരിക്കുന്നത് കേരളത്തിലാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഈ കോണ്‍ക്ലേവ് സിനിമാ നയമാറ്റത്തിലെ നിര്‍ണായക ചുവടുവെപ്പാണ്. സമഗ്രമായ ചലച്ചിത്രനയം രൂപീകരിക്കാനുള്ള പ്രാരംഭഘട്ടമാണിത്. ചലച്ചിത്രമേഖലയിലെ ഒന്‍പതോളം വിഷയങ്ങള്‍ ഇവിടെ സമഗ്രമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ഏറ്റവും ദൃഢമായ ചലച്ചിത്രനയം രൂപീകരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വനിതാ സിനിമാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നയം രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സിനിമ സെറ്റുകളില്‍ വിവേചനം, ലൈംഗികാതിക്രമം, അധികാര ദുര്‍വിനിയോഗം എന്നിവ നിരോധിക്കണം, ‘കാസ്റ്റിംഗ് കൗച്ച്’ പൂര്‍ണ്ണമായും ഇല്ലാതാക്കണം; ഇതിനെതിരെ സീറോ ടോളറന്‍സ് നയം ഉറപ്പാക്കണം, കുറ്റവാളികളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണം, ഓഡിഷന് കേന്ദ്രീകൃതമായ പ്രോട്ടോക്കോള്‍ നടപ്പാക്കുകയും സിനിമ മേഖലയില്‍ ഏകീകൃത പെരുമാറ്റച്ചട്ടം കൊണ്ടുവരികയും വേണം, അടിസ്ഥാന സൗകര്യങ്ങളായ ശുചിമുറി, വിശ്രമമുറി എന്നിവ ഉറപ്പാക്കണം, ‘പോഷ്’ നിയമം കര്‍ശനമായി നടപ്പാക്കണം, സൈബര്‍ പോലീസിന് കീഴില്‍ ആന്റി പൈറസിക്ക് വേണ്ടി പ്രത്യേക സെല്‍ തുടങ്ങണം, അതിക്രമങ്ങള്‍ തുറന്നുപറയുന്നവര്‍ക്ക് പൊതു പിന്തുണ ഉറപ്പാക്കണം, ചലച്ചിത്ര പ്രവര്‍ത്തകരെ ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ തടയണം, പുതിയ ആളുകള്‍ക്ക് സിനിമാ മേഖലയിലേക്ക് കടന്നുവരാന്‍ മെന്റര്‍ഷിപ്പ് പ്രോഗ്രാമുകള്‍ നടപ്പാക്കണം എന്നിവയാണു കരട് നയത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍






