Breaking NewsKeralaLead NewsLIFENEWSNewsthen SpecialpoliticsReligion

ആള്‍ക്കൂട്ട വിചാരണയും അക്രമവും നടത്തുന്ന തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്; എടുത്ത കള്ളക്കേസ് റദ്ദാക്കണം; കന്യാസ്ത്രീകളുടെ മോചനത്തിനു പിന്നാലെ കടുത്ത നിലപാടുമായി സിബിസിഐ പ്രസിഡന്റ്

തൃശൂർ: ഛത്തീസ്ഗഡിൽ കണ്ടതു പോലെ ആൾക്കൂട്ട വിചാരണയും അക്രമണവും നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന ഗ്രൂപ്പുകളെ ഇല്ലാതാക്കാനും നിയന്ത്രിക്കാനും നടപടികൾ സ്വീകരിക്കണമെന്ന് സിബിസിഐ പ്രസിഡന്‍റും തൃശൂർ അതിരൂപത ആർച്ച് ബിഷപുമായ മാർ ആൻഡ്രൂസ് താഴത്ത്.

ഛത്തീസ്ഗഡിൽ കന്യാസ്ത്രികൾക്ക് ജാമ്യം കിട്ടിയ ശേഷം തൃശൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മാർ ആൻഡ്രൂസ് താഴത്ത്.
തെറ്റായ കാരണങ്ങളാൽ നിരപരാധികളായ രണ്ടു സിസ്റ്റർാരെ അറസ്റ്റു ചെയ്ത കേസ് തുടരുന്നതിനാൽ അത് എത്രയും വേഗം റദ്ദാക്കാൻ നടപടികളെടുക്കണമെന്നും ആർച്ച് ബിഷപ് ആവശ്യപ്പെട്ടു.

Signature-ad

ഇപ്രകാരമുള്ള കള്ളക്കേസുകൾ ഉണ്ടാകാതിരിക്കാൻ നടപടികളെടുക്കണം. ക്രൈസ്തവർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ കഴിഞ്ഞ കുറേ വർഷങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾ വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും ഉറപ്പുവരുത്തണം. ഇന്ന് ക്രൈസ്തവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ക്രൈസ്തവർക്കെതിരായുള്ള പലവിധത്തിലുള്ള വിവേചനങ്ങളും ഇല്ലാതാക്കാൻ സംവിധാനങ്ങളുണ്ടാകണമെന്നും ആർച്ച് ബിഷപ് പറഞ്ഞു.

ഛത്തീസ്ഗഡിൽ പ്രായപൂർത്തിയായ, ക്രിസ്ത്യാനികളായ മൂന്നു യുവതികളെ അവരുടെ തീരുമാനത്തോടെയും മാതാപിതാക്കളുടെ അനുവാദത്തോടെയും ജോലിസ്ഥലമായ ആഗ്രയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വന്ന, അതിനു മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത നിരപരാധികളായ സിസ്റ്റർമാരെയാണ് മനുഷ്യക്കടത്തെന്നും മതപരിവർത്തനമെന്നതിന്‍റെയും പേരിൽ അറസ്റ്റു ചെയ്തതെന്നും ഇത്തരം പ്രവൃത്തികൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

ജാമ്യം ലഭ്യമാക്കി ജയിലിൽ നിന്ന് രണ്ടു കന്യാസ്ത്രീകളേയും പുറത്തിറക്കാൻ സഹായിച്ച സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ ജാതിമതകക്ഷി ഭേദമന്യേ എല്ലാവർക്കും നന്ദി പറഞ്ഞ ആർച്ച് ബിഷപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പ്രത്യേക നന്ദി പറഞ്ഞു.

Back to top button
error: