Breaking NewsLead NewsNewsthen SpecialSportsTRENDING

വിദേശ പിച്ചുകളില്‍ പരിചയ സമ്പന്നരില്ലാതെ ഇന്ത്യയുടെ കളി പാളി; അടുത്ത പരമ്പരയില്‍ ഇതാകില്ല ടീം; നാലുപേരെ തിരികെ വിളിക്കാന്‍ സാധ്യത; ഗൗതംഗംഭീറിനും അഗാര്‍ക്കറിനും ഇവരെ മാറ്റി നിര്‍ത്തുന്നതിനെ കുറിച്ച് രണ്ടുവട്ടം ആലോചിക്കേണ്ടിവരും

ന്യൂഡല്‍ഹി: ഒന്നാം ഇന്നിംഗ്‌സില്‍ 300 റണ്‍സിനു മുകളിലെത്തുമെന്നു കരുതിയ ഇന്ത്യന്‍ ടീം ഏകദിനത്തില്‍ പോലും വിജയിക്കാന്‍ സാധ്യതയില്ലാത്ത റണ്‍സിലേക്കു ചുരുങ്ങിയതോടെ ഭാവിയില്‍ ടെസ്റ്റ് ടീമില്‍ അടിമുടി പൊളിച്ചെഴുത്ത് ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. വലിയൊരു ലീഡ് വഴങ്ങേണ്ടിവരുമെന്ന ഭയത്തിലാണ് ശുഭ്മാന്‍ ഗില്ലും സംഘവും. ആറിന് 204 റണ്‍സ് എന്ന നിലയില്‍ കളി പുനരാരംഭിച്ച ഇന്ത്യക്കു വെറും 20 റണ്‍സിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായത്. 141 റണ്‍സ് നേടുന്നതിനിടെ എട്ടു വിക്കറ്റുകളാണ് കളഞ്ഞു കുളിച്ചത്. ക്യാപ്റ്റന്‍ ഗില്ലിന്റെ റൗണ്‍ ഔട്ടില്‍ തുടങ്ങിയ പിഴവാണ് ഇന്ത്യയെ അടിമുടി തകര്‍ത്തത്.

എന്നാല്‍, ഇനി പിഴവുകള്‍ പരിഹരിക്കാനുള്ള നീക്കങ്ങളാണ് വേണ്ടത്. പരിചയ സമ്പന്നരായ കോലിയും രോഹിതുമടക്കം വലിയ താരനിരയൊന്നുമില്ലാതെ താരതമ്യേന പുതു മുഖമായ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ പരമാവധി കളി പുറത്തെടുത്തിട്ടുണ്ട്. വിദേശ പിച്ചില്‍ ആദ്യമായി ക്യാപ്റ്റന്‍ പദവിയില്‍ തന്നെ കളിക്കേണ്ടിവന്ന ഗില്ലിന്റെ സമ്മര്‍ദവും മനസിലാക്കാം. ഈ പരമ്പര 2-2 എന്ന സമനിലയില്‍ അവസാനിച്ചാല്‍തന്നെ ഇന്ത്യക്ക് വലിയൊരു നേട്ടം തന്നെയാണ്.

Signature-ad

എന്നാല്‍, ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ അഴിച്ചു പണിയുണ്ടാകുമെന്ന് ഉറപ്പാണ്. ഒക്‌ടോബറില്‍ വെസ്റ്റ് ഇന്‍ഡീസുമായി ഇന്ത്യയില്‍തന്നെയാണ് ടെസ്റ്റ് പരമ്പര. രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യയും വിന്‍ഡീസും കൊമ്പുകോര്‍ക്കും. ട്വന്റി 20യിലും ഏകദിനത്തിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടും മികച്ച പ്രകടനം കാഴ്ച വയ്ക്കാതെ പോയ ചില താരങ്ങളെ തിരിച്ചു വിളിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവര്‍ ആരൊക്കെയെന്നതാണ് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ആര്‍ക്കെല്ലാം വിളിയെത്തും?

വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ പ്രധാനമായും നാലു പേര്‍ക്കാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വിളിയെത്താന്‍ സാധ്യത. ഇതില്‍ രണ്ടുപേര്‍ സ്പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍മാര്‍ ആണെങ്കില്‍ രണ്ടുപേര്‍ ഫാസ്റ്റ് ബൗളര്‍മാരാണ്.

സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍, യുവതാരം സര്‍ഫറാസ് ഖാന്‍, ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി, ബംഗാള്‍ പേസര്‍ മുകേഷ് കുമാര്‍ എന്നിവരെയാകും മുഖ്യ കോച്ച് ഗൗതം ഗംഭീര്‍ ടീമിലേക്കു തിരികെ വിളിക്കുക.

ഠ ശ്രേയസ് അയ്യര്‍

ടെസ്റ്റ് ടീമിലേക്കു മടങ്ങിയെത്തുകയെന്ന ലക്ഷ്യത്തോടെ ഈ മാസം ആരംഭിക്കുന്ന ദുലീപ് ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കാനുള്ള തയാറെടുപ്പിലാണു ശ്രേയസും സര്‍ഫറാസും. ഈ മാസം 28ന് തുടങ്ങുന്ന ടൂര്‍ണമെന്റില്‍ വെസ്റ്റ് സോണ്‍ ടീമിനു വേണ്ടിയാണ് ഇരുവരുമിറങ്ങുക. ഇതില്‍ മിന്നിച്ചാല്‍ ടീമിലേക്ക് എളുപ്പത്തില്‍ മടങ്ങാമെന്ന് ഇരുവര്‍ക്കുമറിയാം.

കഴിഞ്ഞ സീസണില്‍ എല്ലാ ഫോര്‍മാറ്റുകളിലും ഒരുപോലെ തിളങ്ങിയ ബാറ്റ്‌സ്മാനാണ് ശ്രേയസ്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി മിന്നിച്ച അദ്ദേഹം സയ്ദ് മുഷ്താഖ് അലി ടി20 ട്രോഫിയിലും തിളങ്ങി. ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയ ശ്രേയസ്, ഐപിഎല്ലില്‍ പഞ്ചാബിനുവേണ്ടി റണ്‍വേട്ടയിലും മുന്നിലായിരുന്നു.

കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കവെ ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലേക്കു ശ്രേയസിനു വിളിയെത്തുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ കണ്ടില്ലെന്നു നടിച്ചു. എങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്ന ആര്‍ക്കും ടെസ്റ്റ് ടീമിലേക്കു തിരികെ വരാന്‍ സാധിക്കുമെന്നു അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

2021ല്‍ ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയ ശ്രേയസ് നാലു വര്‍ഷത്തിനിടെ കളിച്ചത് വെറും 14 ടെസ്റ്റുകള്‍ മാത്രമാണ്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കം 1287 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. ടെസ്റ്റില്‍ നാട്ടിലും പുറത്തും ടീമിനു മുതല്‍ക്കൂട്ടാവുന്ന താരമാണ് ശ്രേയസ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ ടെസ്റ്റ് കളിച്ച ശേഷം അദ്ദേഹത്തിനു പിന്നീട് ടീമിലേക്കു വിളി വന്നിട്ടില്ല. ടെസ്റ്റ് ടീമിലേക്കു വിളിക്കാതിരുന്നത് ക്രിക്കറ്റ് പ്രേമികള്‍ അമ്പരപ്പോടെയാണു നോക്കിക്കണ്ടത്.

ഠ സര്‍ഫറാസ് ഖാന്‍

ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീനെന്നു വിളിക്കുന്ന സര്‍ഫറാസ് ഇന്ത്യക്കായി ആറു ടെസ്റ്റുകളില്‍നിന്ന് ഒരു സെഞ്ചുറിയും മൂന്നു ഫിഫ്റ്റിയുമടക്കം 371 റണ്‍സെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമവസാനം ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ കളിച്ചതിനു ശേഷം സര്‍ഫറാസും ടീമിനു പുറത്താണ്.

ഠ മുഹമ്മദ് ഷമി

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് ഏറ്റവും വലിയ കുറവായത് ബുംറയെപ്പോലെ പരിയച സമ്പന്നനായ ഫാസ്റ്റ് ബൗളറുടെ കുറവാണ്. കളമറിഞ്ഞു കളിക്കാന്‍ അറിയാവുന്ന ഷമി കൂടിയുണ്ടായിരുന്നെങ്കില്‍ ബുംറയുടെ ജോലിഭാരവും അല്‍പം കുറയുമായിരുന്നു. 64 ടെസ്റ്റുകളിലായി 229 വിക്കറ്റുകള്‍ നേടിയ അനുഭവസമ്പത്തും ഷമിക്കുണ്ട്.

മുകേഷിന്റെ കാര്യമെടുത്താല്‍ വെറും മൂന്നു ടെസ്റ്റുകളില്‍ മാത്രമേ അദ്ദേഹത്തെ ഇന്ത്യ പരീക്ഷിച്ചിട്ടുള്ളൂ. ഈ ഫോര്‍മാറ്റിനു ഏറെ അനുയോജ്യനായ താരമാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റില്‍ ഒരുപാട് വിക്കറ്റുകളും മുകേഷ് വീഴ്ത്തിയിട്ടുണ്ട്. 52 കളികളില്‍നിന്ന് 210 വിക്കറ്റാണു വീഴ്ത്തിയത്. ഇംഗ്ലണ്ടിലെ പേസ് ലൈനപ്പ് പ്രതീക്ഷിച്ച ഇംപാക്ടുണ്ടാക്കിയില്ലെന്നതിനാല്‍ വിന്‍ഡീസിനെതിരേ അദ്ദേഹത്തെയും ടീമിലേക്കു തിരിച്ചു വിളിക്കാന്‍ സാധ്യതയുണ്ട്.

Back to top button
error: