മുറിവുണക്കാന്‍ അരമന ചര്‍ച്ച: കന്യാസ്ത്രീകള്‍ എപ്പോള്‍ പുറത്തിറങ്ങുമെന്ന് ചോദിക്കരുത്; രാജീവ് ചന്ദ്രശേഖര്‍; മുമ്പില്ലാത്ത വിധം ക്രിസ്ത്യാനികള്‍ക്ക് എതിരേ ആക്രമണം വര്‍ധിച്ചെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശൂര്‍: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു തടങ്കലിലാക്കിയ സംഭവത്തില്‍ സിബിസിഐ അധ്യക്ഷനും അതിരൂപത ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ചര്‍ച്ച നടത്തി. രാവിലെ ഒമ്പതരയോടെ സഭാ ആസ്ഥാനത്തെത്തിയ രാജീവ് ചന്ദ്രശേഖറുമായി മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ അരമണിക്കൂറോളം ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളും രാജീവ് പങ്കുവച്ചെന്നാണു വിവരം. തുടര്‍ന്ന് ഇരുവരും സംയുക്തമായി മാധ്യമങ്ങളോടും സ്ഥിതിഗതികള്‍ വിശദീകരിച്ചു.
കന്യാസ്ത്രീകള്‍ പുറത്തിറങ്ങണം
തൃശൂര്‍: കന്യാസ്ത്രീകളുടെ അറസ്റ്റില്‍ അതിയായ അമര്‍ഷവും വേദനയുമുണ്ടെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. എത്രയും വേഗം അവരെ മോചിപ്പിക്കുകയെന്നതാണ് ആവശ്യം. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുമായും ഇക്കാര്യം ചര്‍ച്ച ചെയ്തു. രാജീവ് അടിയന്തരമായി പ്രതികരിച്ചതില്‍ സന്തോഷമുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് നീതിയും സുരക്ഷിതത്വവും കിട്ടണം. ഇന്ത്യന്‍ പൗരന്‍മാരെന്ന നിലയില്‍ ജീവിക്കാന്‍ സ്വാതന്ത്ര്യമുണ്ടാകണം.
ക്രിസ്ത്യാനികള്‍ക്കെതിരേ ഇന്ത്യയില്‍ മറ്റൊരുകാലത്തും ഉണ്ടാകാത്ത വിധത്തില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചു. ഓരോ സംസ്ഥാനത്തും ഓരോതരത്തിലുള്ള വിവേചനങ്ങളാണ് അനുഭവിക്കുന്നത്. ഇക്കാര്യം ബിജെപി സംസ്ഥാന പ്രസിഡന്റിനോടും പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പറഞ്ഞ കാര്യങ്ങള്‍ വിവരിക്കാനാണ് രാജീവ് എത്തിയത്. ഞങ്ങള്‍ ആദ്യം ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടത് ഭരിക്കുന്നവരോടാണ്.
കന്യാസ്ത്രീകളുടെ വിഷയത്തില്‍ ഡല്‍ഹിയിലെ സിബിസിഐ ഓഫീസ് മുഖാന്തിരം എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. സെക്രട്ടറി ജനറലും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമാണ് ഏകോപിക്കുന്നത്. ഞങ്ങള്‍ക്കു രാഷ്ട്രീയമില്ല. ഒാരോ രാജ്യത്തെയും നിയമങ്ങള്‍ എല്ലാവരും പാലിക്കണമെന്നുതന്നെയാണു ഞങ്ങളും പറയുന്നത്. കന്യാസ്ത്രീകള്‍ക്ക് കുട്ടികളുമായി ബന്ധമില്ല. അവര്‍ പ്രായപൂര്‍ത്തിയായവരും ക്രൈസ്തവരുമാണെന്നും നിയമപരമായ സഹായം നല്‍കുന്നതില്‍ രാജീവ് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
ജാമ്യത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി ഉറപ്പുനല്‍കി
തൃശൂര്‍: കന്യാസ്ത്രീകള്‍ അറസ്റ്റിലായതു മുതല്‍ പ്രശ്‌നത്തിന്റെ പിന്നാലെയാണെന്നും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണെന്നും ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കന്യാസ്ത്രീകള്‍ അറസ്റ്റിലായപ്പോള്‍തന്നെ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വിളിച്ചിരുന്നു. ഛത്തീസ്ഗഡ് സര്‍ക്കാര്‍ കോടതിയില്‍ ജാമ്യാപേക്ഷ എതിര്‍ക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കോടതി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ എപ്പോള്‍ ജാമ്യം കിട്ടുമെന്നു ചോദിക്കരുത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. ജാമ്യം കിട്ടുമെന്ന കാര്യത്തില്‍ അദ്ദേഹം ഉറപ്പു നല്‍കി.
പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കരുത്. ബിജെപി ഇതിനെ രാഷ്ട്രീയമായി കാണുന്നില്ല. മതം നോക്കിയല്ല ആളുകളെ സഹായിക്കുന്നത്. അതു ഞങ്ങളുടെ ഡിഎന്‍എയിലുണ്ട്. കന്യാസ്ത്രീകളുടെ വിഷയത്തില്‍ പലരും ജയിലിനു മുന്നില്‍ പോയി രാഷ്ട്രീയ നാടകം കളിക്കുകയാണ്. സഭ ആവശ്യപ്പെട്ട കാര്യങ്ങള്‍ അടിയന്തരമായി ചെയ്തു കൊടുക്കുകയാണു ഞങ്ങളുടെ മുന്നിലുള്ളത്. കന്യാസ്ത്രീകള്‍ കുട്ടികളെ എന്തിന്, എങ്ങോട്ടു കൊണ്ടുപോയി എന്നത് അന്വേഷിക്കലല്ല ഞങ്ങളുടെ പണി. അത്തരം അന്വേഷണങ്ങള്‍ മാധ്യമങ്ങള്‍ നടത്തട്ടെ. അനൂപ് ആന്റണിയും ഷോണ്‍ ജോര്‍ജും കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡല്‍ഹിക്കു പോയിട്ടുണ്ട്.
ജാര്‍ഖണ്ഡും ഖത്തീസ്ഗഡും പ്രശ്‌നബാധിത സംസ്ഥാനങ്ങളാണ്. മതനിരോധന നിയമം ഛത്തീസ്ഗഡില്‍ പാസാക്കിയത് ബിജെപിയല്ല. എല്ലാവരും നിയമപരമായ നടപടി ക്രമങ്ങളില്‍ വിശ്വസിക്കണം. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ അപ്പീലിന്റെ വിചാരണ ഇതുവരെ നടന്നിട്ടില്ല. പ്രൈവറ്റ് പ്ലേസ്‌മെന്റ് ഏജന്‍സി റെഗുലേഷന്‍ നിയമപ്രകാരമുള്ള ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണു പോലീസ് പറയുന്നത്. അവിടെയുള്ള കുട്ടികള്‍ ഒരു ജില്ലയില്‍നിന്നു മറ്റു ജില്ലയില്‍ പോകാന്‍ പോലും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇക്കാര്യങ്ങളിലുണ്ടായ പിഴവാണ് പ്രശ്‌നമായതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.






