മുറിവുണക്കാന്‍ അനുനയ നീക്കം; ഭാരതീയ മെത്രാന് സമിതി അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ സന്ദര്‍ശിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍; അമിത് ഷായുടെ ഉറപ്പിനു പിന്നാലെ ചടുല നീക്കങ്ങള്‍; പ്രതിഷേധം നീളുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാകുമെന്നും വിലയിരുത്തല്‍

ന്യൂഡല്‍ഹി/തിരുവനന്തപുരം: കന്യാസ്ത്രീകളുടെ മോചനത്തിനായി ഇടപെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സൂചന നല്‍കിയതിനു പിന്നാലെ കേരളത്തില്‍ അനുനയ നീക്കവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്കു ഭാരതീയ കത്തോലിക്കാ മെത്രാന് സമിതി അധ്യക്ഷനും തൃശൂര്‍ അതിരൂപത മെത്രാപ്പൊലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി ചര്‍ച്ച നടത്തുമെന്നാണു വിവരം.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഒരുപോലെ ബിജെപി കണ്ണുവയ്ക്കുന്ന ജില്ലകളിലൊന്നാണു തൃശൂര്‍. സുരേഷ് ഗോപിയുടെ വിജയത്തിലൂടെ ക്രിസ്ത്യന്‍ സഭയെ കൈയിലെടുക്കാമെന്നു തിരിച്ചറിഞ്ഞ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു കന്യാസ്ത്രീകളുടെ അറസ്റ്റ്. കേരളത്തില്‍ ആദ്യമായി ശക്തമായ പ്രതിഷേധമാണ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയത്. അതില്‍ പ്രസംഗിച്ചവരെല്ലാം ഭരണഘടനയുടെ പ്രധാന്യത്തിനൊപ്പം ക്രിസ്ത്യാനികള്‍ രാഷ്ട്ര നിര്‍മിതിക്കു നല്കിയ പങ്കിനെക്കുറിച്ചും ചൂണ്ടിക്കാട്ടിയിരുന്നു.
കേരളത്തില്‍ ബിജെപി നേതൃത്വവുമായി ഏറ്റവും കൂടുതല്‍ അടുപ്പം സൂക്ഷിക്കുന്നതും മാര്‍ ആന്‍ഡ്രൂസ് താഴത്താണ്. ഇന്ത്യയിലെ മെത്രാന്മാരുടെ കൂട്ടായ്മയുടെ പ്രസിഡന്റ് എന്ന നിലയിലും താഴത്തിന്റെ നിലപാടുകള്‍ക്കു വലിയ പ്രധാന്യമുണ്ട്. ഈ സാഹചര്യത്തിലാണ് അനുനയ നീക്കവുമായി രാജീവ് രംഗത്തിറങ്ങുന്നത് എന്നതാണു സൂചന.
ബിജെപിയുടെ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന് ജേക്കബിലൂടെ ക്രിസ്ത്യാനികള്ക്കിടയിലേക്കു പാലമിടാമെന്ന സ്വപ്നത്തിനാണ് കന്യാസ്ത്രീ വിഷയത്തില്‍ തിരിച്ചടി നേരിട്ടത്. ഇതു തുടരുന്നത് ബിജെപി വലിയ പ്രതീക്ഷ വയ്ക്കുന്ന തൃശൂര്‍ കോര്‍പറേഷനിലും തിരിച്ചടിയാകുമെന്നാണു വിലയിരുത്തുന്നത്. അടുത്തിടെ സംസ്ഥാന നേതാക്കളായ ശോഭ സുരേന്ദ്രനും ഷോണ്‍ ജോര്‍ജുമടക്കം തൃശൂരില്‍ ക്യാമ്പ് ചെയ്തു വലിയ പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നു. ഇതെല്ലാം കന്യാസ്ത്രീകളുടെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ മുങ്ങിപ്പോയി. പരസ്യമായി കന്യാസ്ത്രീകള്‍ക്കു പിന്തുണ കൊടുത്ത രാജീവ് ചന്ദ്രശേഖറിനുള്ള അവസാന പിടിവള്ളികൂടിയാണ് കൂടിക്കാഴ്ച. വിശ്വഹിന്ദു പരിഷത്ത് നേതാവ് ആര്.വി. ബാബുവടക്കം രാജീവിനെതിരേ രംഗത്തു വന്നിരുന്നു.
അതേസമയം, കന്യാസ്ത്രികളുടെ ജാമ്യത്തിന് വിചാരണക്കോടതിയെ വീണ്ടും സമീപിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശം നല്കി. ജാമ്യാപേക്ഷയെ ഛത്തിസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലന്ന് അമിത് ഷാ ഉറപ്പു നല്കി. എന്‍ഐഎ കോടതിക്ക് വിട്ട സെഷന്‍സ് കോടതി നടപടി തെറ്റാണെന്നും ആഭ്യന്തരമന്ത്രി കേരള എംപിമാരോട് പറഞ്ഞു.
സെഷന്‍സ് ഉത്തരവിനെതിരെ ഛത്തിസ്ഗഡ് സര്‍ക്കാര്‍ ഹൈകോടതിയെ സമീപിക്കും. വിചാരണക്കോടതിയില്‍ നിന്ന് ഇന്നോ നാളെയോ ജാമ്യം ലഭിക്കുമെന്ന് അമിത് ഷാ സൂചിപ്പിച്ചു. കന്യാസ്ത്രികള്‍ക്കെതിരായ കേസില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളില്ലെന്നും തന്നെ കണ്ട യുഡിഎഫ്- എല്‍ഡിഎഫ് എംപി മാരോട് അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം കേസ് റദ്ദാക്കാന്‍ ശ്രമിക്കാമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. കന്യസ്ത്രീമാര്‍ക്ക് ജാമ്യം ലഭിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി നല്കിയ സൂചനയെന്ന് എന്‍.കെ. പ്രമേചന്ദ്രന് എം.പി പറഞ്ഞു.
അതേസമയം, കേസില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ നാളെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. ഇതിനിടെ കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായി വീണ്ടും രംഗത്തെത്തി. പൊലീസ് ചെയ്യുന്നത് അവരുടെ ജോലിയാണെന്നാണ് നടപടികളെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ന്യായീകരിച്ചത്. ഇതിനിടെ സിബിസിഐ സംഘം ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ എത്തി. സിബിസിഐയുടെ വിമന്‍ കൗണ്‍സില്‍ സെക്രട്ടറി ആശാ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലില്‍ എത്തിയത്. കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് യുവതികളെയും മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ സംരക്ഷണ ആലയത്തിലായിരുന്നു ഇവരെ പാര്‍പ്പിച്ചിരുന്നത്.






