Breaking NewsCrimeLead NewsNEWS

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! അങ്കണവാടിയില്‍നിന്ന് 5 ലിറ്റര്‍ വെളിച്ചെണ്ണ മോഷണം പോയി, അമൃതം പൊടിയും നുറുക്കുഗോതമ്പും കളളന് വേണ്ട!

കോട്ടയം: അങ്കണവാടിയില്‍ ഭക്ഷണം പാചകം ചെയ്യാനായി സൂക്ഷിച്ച 5 ലിറ്റര്‍ വെളിച്ചെണ്ണ മോഷണം പോയി. ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്തില്‍ പെരുമ്പനച്ചിയിലെ 32ാം നമ്പര്‍ അങ്കണവാടിയിലാണ് മോഷണം. ഓരോ ലീറ്ററിന്റെ 5 പാക്കറ്റ് ബ്രാന്‍ഡഡ് വെളിച്ചെണ്ണയാണ് മോഷ്ടാവ് കവര്‍ന്നത്. ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും വിതരണത്തിന് എത്തിച്ച 2.5 കിലോ റാഗിപ്പൊടിയും 4 കിലോ ശര്‍ക്കരയും മോഷണംപോയി. എന്നാല്‍, അമൃതം പൊടിയും നുറുക്കുഗോതമ്പും പയറും ഉഴുന്നും അടക്കം മറ്റു സാധനങ്ങളില്‍ കള്ളന്‍ തൊട്ടതുമില്ല.

അങ്കണവാടിക്കുള്ളില്‍ പ്രത്യേകമുറിയിലാണ് സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് സാധനങ്ങള്‍ സ്റ്റോക്ക് എത്തിച്ചത്. ഇന്നലെ രാവിലെ അങ്കണവാടിയിലെത്തിയ ജീവനക്കാരാണ് പൂട്ട് തകര്‍ന്നുകിടക്കുന്നത് കണ്ടത്. അങ്കണവാടിവളപ്പിലുള്ള ഗവ. എല്‍പി സ്‌കൂളിലെ അടുക്കളയിലും കള്ളന്‍ കയറി. ഇവിടെനിന്നു വെട്ടുകത്തിയെടുത്താണ് അങ്കണവാടിയുടെ പൂട്ട് തകര്‍ത്തതെന്നു കരുതുന്നു. തൃക്കൊടിത്താനം പൊലീസ് പരിശോധന നടത്തി.

Signature-ad

സ്‌കൂളില്‍നിന്നു സാധനങ്ങള്‍ മോഷണം പോയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. അങ്കണവാടിയിലെ മറ്റു ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കേണ്ടന്നാണ് തീരുമാനം. പകരം സാധനങ്ങള്‍ എത്തിക്കും. മറ്റ് അങ്കണവാടികളിലെ വെളിച്ചെണ്ണയ്ക്കും സാധനങ്ങള്‍ക്കും സുരക്ഷ കൂട്ടാനാണ് ജീവനക്കാരുടെ അനൗദ്യോഗിക തീരുമാനം. ദിവസങ്ങള്‍ക്ക് മുന്‍പ് വെളിച്ചെണ്ണവില ലിറ്ററിന് 500 കടന്നിരുന്നു.

Back to top button
error: