കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും; കേസ് എന്‍ഐഎ കോടതിയിലേക്ക്; ആഘോഷവുമായി ബജ്റങ്ദള്‍

റായ്പുര്‍: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ 5 ദിവസമായി ജയില്‍ കഴിയുന്ന കന്യാസ്ത്രീകളായ പ്രീതി മേരിയുടെയും വന്ദന ഫ്രാന്‍സിസിന്റെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചു. ജാമ്യാപേക്ഷ തള്ളിയതോടെ കന്യാസ്ത്രീകള്‍ക്ക് ജയിലില്‍ തുടരേണ്ടിവരും.
പ്രീതി മേരിയുടെയും വന്ദന ഫ്രാന്‍സിസിന്റെയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു. കേസില്‍ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെ തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ഈ കോടതിയിലാണ് പരിഗണിക്കുക. മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ നടന്നിട്ടില്ലെന്നും, ജോലി ചെയ്തു ജീവിക്കാനായി ഭരണഘടന നല്‍കുന്ന അവകാശമാണു യുവതികള്‍ ഉപയോഗിച്ചതെന്നും ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ തന്നെ, തങ്ങള്‍ക്ക് ഈ കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് അപേക്ഷ തള്ളുകയായിരുന്നു.
അതേസമയം, കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചില്ലെന്ന് അറിഞ്ഞതോടെ കോടതിക്ക് പുറത്ത് ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ വന്‍ ആഘോഷപ്രകടനം അരങ്ങേറി. ജാമ്യാപേക്ഷ പരിഗണിക്കുമെന്ന വിവരമറിഞ്ഞ് ബുധനാഴ്ച രാവിലെ മുതല്‍തന്നെ ജ്യോതിശര്‍മ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ കോടതിക്ക് മുന്നില്‍ തടിച്ചുകൂടിയിരുന്നു.
കന്യാസ്ത്രീകള്‍ക്ക് ജാമ്യംനല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ മുദ്രാവാക്യവും മുഴക്കി. തുടര്‍ന്ന് കേസ് പരിഗണിച്ചതിന് പിന്നാലെ ജാമ്യം കിട്ടിയില്ലെന്ന് ബജ്റങ്ദളിന്റെ അഭിഭാഷകര്‍ പുറത്തെത്തി അറിയിച്ചു. ഇതോടെയാണ് പ്രവര്‍ത്തകര്‍ കരഘോഷം മുഴക്കി മുദ്രാവാക്യം വിളികളുമായി ആഘോഷങ്ങള്‍ ആരംഭിച്ചത്.






