കുറുപ്പ് ‘കുടുംതുറന്നുവിട്ട’ ക്യാപിറ്റല്‍ പണിഷ്‌മെന്റ്! വിവാദത്തില്‍ മുന്‍ എം.പിയെ തള്ളി കടകംപള്ളിയും ശിവന്‍കുട്ടിയും; വിഎസിന് കൊടുക്കാന്‍ കഴിയുന്ന എല്ലാ സ്നേഹവും ആദരവും ബഹുമാനവും കൊടുത്തു തന്നെ വിടനല്‍കി

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെതിരായ ക്യാപിറ്റല്‍ പണിഷ്മെന്റ് പരാമര്‍ശ വിവാദത്തില്‍ സിപിഎം നേതാവും മുന്‍ എം.പിയുമായ സുരേഷ് കുറുപ്പിനെ തള്ളി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും മരന്തി വി. ശിവന്‍കുട്ടിയും. വി.എസിനെതിരേ ക്യാപിറ്റല്‍ പണിഷ്മെന്റ് പരാമര്‍ശം ഉണ്ടായിട്ടില്ലെന്ന് കടകംപളളി സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സിപിഎമ്മില്‍ വിഭാഗീയത കടുത്ത നാളുകളില്‍ വി.എസ്.അച്യുതാനന്ദനെ ക്യാപിറ്റല്‍ പണിഷ്മെന്റിന് വിധേയമാക്കണമെന്ന മട്ടില്‍ 2012-ലെ തിരുവനന്തപുരം സിപിഎം സംസ്ഥാന സമ്മേളനത്തില്‍ എം.സ്വരാജ് പ്രസംഗിച്ചതായി സിപിഎം നേതാവ് പിരപ്പന്‍കോട് മുരളിയും നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, അങ്ങനെ പറഞ്ഞിട്ടില്ലെന്ന് എം.സ്വരാജ് തന്നെ പലകുറി വ്യക്തമാക്കിയിട്ടുണ്ടെന്ന് കടകംപള്ളി പറഞ്ഞു. അങ്ങനെ ഒരു പരാമര്‍ശം ഉണ്ടതായി താന്‍ കേട്ടിട്ടില്ലെന്നും തിരുവനന്തപുരം സമ്മേളനത്തിലും ആലപ്പുഴ സമ്മേളനത്തിലും താന്‍ പങ്കെടുത്തിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കാപിറ്റല്‍ പണിഷ്മെന്റ് വിവാദത്തില്‍ സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി ശിവന്‍കുട്ടി. സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ താന്‍ പങ്കെടുത്തതാണ്. ആ സമ്മേളനത്തില്‍ ഒരു വനിതാ നേതാവും ചര്‍ച്ചയില്‍ പങ്കെടുത്ത് അങ്ങനെ പറഞ്ഞിട്ടില്ല. വി എസ് അച്യുതാനന്ദന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേരളത്തിലെ സമസ്ത ജനങ്ങളും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിലയിരുത്തിയിട്ടുണ്ട്. അദ്ദേഹം നമ്മെ വിട്ടുപോയി. അദ്ദേഹം വേര്‍പെട്ടു പോയശേഷവും അദ്ദേഹത്തിന്റെ പേരില്‍ ചര്‍ച്ച നടത്തുന്നത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നതിന് വേണ്ടിയാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
ഇത്തരം ചര്‍ച്ച നടത്തുന്നവരെല്ലാം പാര്‍ട്ടിയുടെ വളര്‍ച്ചയിലും, പാര്‍ട്ടിയുടെ സ്വാധീനത്തിലും ഉത്കണ്ഠയുള്ളവരാണ്. വിഎസിന് കൊടുക്കാന്‍ കഴിയുന്ന എല്ലാ സ്നേഹവും ആദരവും ബഹുമാനവും കൊടുത്തുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന് വിടനല്‍കിയതെന്നും ശിവന്‍കുട്ടി പറഞ്ഞു.
വി.എസിന്റെ തട്ടകമായ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഒരു കൊച്ചുപെണ്‍കുട്ടി അദ്ദേഹത്തിന് ക്യാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞുവെന്നായിരുന്നു സുരേഷ് കുറുപ്പ് മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ എഴുതിയ വി.എസ് അനുസ്മരണ ലേഖനത്തില്‍ പറഞ്ഞത്. ഈ അധിക്ഷേപം സഹിക്കാന്‍പറ്റാതെ വി.എസ് വേദിവിട്ടു പുറത്തേക്കിറങ്ങിയെന്നും അദ്ദേഹം ലേഖനത്തില്‍ പറഞ്ഞിരുന്നു. ലേഖനം ചര്‍ച്ചയായതിന് പിന്നാലെയാണ് സുരേഷ് കുറുപ്പിനെ തള്ളി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയത്.






