Breaking NewsCrimeLead NewsNEWS

30 വര്‍ഷം മുമ്പ് മകളുടെ ദുരൂഹമരണം, പരാതിയുമായി പാലക്കാട്ടെ സ്ത്രീയും; ധര്‍മസ്ഥലയിലെ മണ്ണും ഹാജരാക്കിയ തലയോട്ടിയിലെ മണ്ണും പരിശോധിക്കും

ബംഗളുരു: കര്‍ണാടക ധര്‍മസ്ഥലയിലെ വിവിധയിടങ്ങളില്‍ നൂറോളം സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണത്തൊഴിലാളി, സംഭവം അന്വേഷിക്കാന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിനുമുന്‍പാകെ പരാതിനല്‍കി. രണ്ട് അഭിഭാഷകര്‍ക്കൊപ്പമെത്തിയ തൊഴിലാളി മൃതദേഹാവശിഷ്ടങ്ങളുടെ രേഖകളും കൈമാറി.

അന്വേഷണനടപടിയുടെ ഭാഗമായി സംഘം മംഗളൂരു സര്‍ക്യൂട്ട് ഹൗസിലും ഐജി ഓഫീസിലും രഹസ്യമായി രണ്ട് യോഗങ്ങള്‍ ചേര്‍ന്നു. ഡിജിപി പ്രണവ് മൊഹന്ദിയുടെ മേല്‍നോട്ടത്തില്‍ ഡിഐജി എം.എന്‍. അനുചേത്, എസ്പി ജിതേന്ദ്ര കുമാര്‍ ദയാമ എന്നിവരുള്‍പ്പെടെ 20 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.

Signature-ad

കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ തലയോട്ടിയിലെ മണ്ണും ധര്‍മസ്ഥലയിലെ മണ്ണും അന്വേഷണസംഘം പരിശോധിക്കും. മൃതദേഹങ്ങള്‍ കുഴിച്ചിട്ടതിനെ സംബന്ധിച്ച് അന്വേഷണസംഘത്തിന് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലെ വനമേഖലയിലും മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് മുന്‍ശുചീകരണത്തൊഴിലാളി വെളിപ്പെടുത്തി. 2003-ല്‍ ധര്‍മസ്ഥലയില്‍ വെച്ച് കാണാതായ അനന്യാ ഭട്ടിന്റെ തിരോധാനക്കേസും പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും.

ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ധര്‍മസ്ഥല പോലീസ് സ്റ്റേഷനിലെത്തി രേഖകള്‍ കൈപ്പറ്റിയിരുന്നു. നൂറിലധികം മൃതദേഹങ്ങള്‍ നേത്രാവതി പുഴയോടു ചേര്‍ന്ന വനമേഖലയില്‍ അടക്കംചെയ്തിട്ടുണ്ടെന്നാണ് ശുചീകരണത്തൊഴിലാളിയുടെ പരാതിയിലുള്ളത്.

സാക്ഷിയായ ശുചീകരണത്തൊഴിലാളി ജീവന് ഭീഷണിയെത്തുടര്‍ന്ന് 11 വര്‍ഷം ധര്‍മസ്ഥലയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഈ അടുത്താണ് അഭിഭാഷകരായ ഓജസ്വി ഗൗഡയെയും ധീരജിനെയും ബന്ധപ്പെട്ട് കൊലപാതകവിവരം കൈമാറിയത്. അതിനിടെ, 30 വര്‍ഷം മുന്‍പുണ്ടായ മകളുടെ ദുരൂഹമരണത്തില്‍ സംശയം പ്രകടിപ്പിച്ച് പാലക്കാട് സ്വദേശിയായ സ്ത്രീ അന്വേഷണസംഘത്തെ സമീപിച്ചിട്ടുണ്ട്.

Back to top button
error: