എനിക്കു വാട്‌സ് ആപ്പ് ഇല്ല; സ്വകാര്യ ചിത്രങ്ങള്‍ പങ്കുവയ്ക്കാനും താത്പര്യമില്ല; ഫഹദ് ഫാസില്‍; ഉപയോഗിക്കുന്നത് കീപാഡ് ഫോണ്‍; വില കേട്ടാല്‍ ഞെട്ടും; ‘രണ്ടു വര്‍ഷത്തിനുള്ളില്‍ ഇ-മെയിലൂടെ മാത്രം ബന്ധപ്പെടാന്‍ കഴിയുന്ന വ്യക്തിയാകും’

കൊച്ചി: കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാറില്ലെന്ന് സൂപ്പര്‍താരം ഫഹദ് ഫാസില്‍. ‘ദ് ഹോളിവുഡ് റിപ്പോര്‍ട്ടറി’ന് നല്‍കിയ അഭിമുഖത്തിലാണ് സോഷ്യല്‍ മീഡിയ ഉപയോഗത്തെ കുറിച്ച് ഫഹദ് മനസ് തുറന്നത്. സ്മാര്‍ട്‌ഫോണ്‍ അപ്രധാനമാണെന്നല്ല താന്‍ പറയുന്നതെന്നും ഫോണില്‍ കിട്ടുന്നതെല്ലാം കംപ്യൂട്ടറിലും ഐപാഡിലും കിട്ടുമെന്നും താരം വിശദീകരിച്ചു. മുന്‍പ് സ്ഥിരമായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നു. പക്ഷേ കമന്റുകള്‍ക്ക് എങ്ങനെ മറുപടി കൊടുക്കുമെന്നോ പോസ്റ്റ് ചെയ്യുന്നതോ കാര്യമായി അറിയില്ലായിരുന്നു. പക്ഷേ അന്നും ഇന്നും തന്റെ വീട്ടില്‍ നിന്ന് ഒരു ചിത്രം പുറത്ത് പോകാതിരിക്കാന്‍, വ്യക്തി ജീവിതം സ്വകാര്യമായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി. കരിയറില്‍ താന്‍ എന്ത് ചെയ്യുന്നുവെന്ന് അറിയിക്കാന്‍ മാത്രമാണ് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.
‘രണ്ടു വര്‍ഷത്തിനുള്ളില്‍ ആളുകള്‍ക്ക് ഇമെയില്‍ വഴി മാത്രം ബന്ധപ്പെടാന്‍ പറ്റുന്ന ആളായി മാറണമെന്നാണ് എന്റെ സ്വപ്നമെന്ന് ഞാന്‍ നസ്രിയയോട് പറയാറുണ്ട്’. കൈവശമുള്ള ചെറിയ ഫോണ്‍ ഇത്ര വലിയ ചര്‍ച്ചയാകുമെന്ന് കരുതിയില്ലെന്നും താരം അഭിമുഖത്തില്‍ വെളിപ്പെടുത്തി. കണ്ടിരിക്കേണ്ട റീല്‍സ് അല്ലെങ്കില്‍ മറ്റ് വിഡിയോകളുണ്ടെങ്കില്‍ ഒപ്പമുള്ളവര്‍ കാണിച്ച് തരാറുണ്ടെന്നും താരം പറയുന്നു.നിരന്തരം സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാത്തത് കൊണ്ട് എന്തെങ്കിലും നഷ്ടമാകുന്നുവെന്ന് താന്‍ കരുതുന്നില്ലെന്നും ഫഹദ് കൂട്ടിച്ചേര്‍ക്കുന്നു. വാട്‌സാപ്പ് ഉപയോഗിക്കാറില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് ‘എനിക്ക് വാട്‌സാപ്പ് ഇല്ലെ’ന്നായിരുന്നു ഫഹദിന്റെ മറുപടി.
സമൂഹമാധ്യമങ്ങളെ ഇത്തരത്തില്‍ ഒഴിവാക്കുമ്പോള്‍ പുതിയ തലമുറയില്‍ നിന്ന് അകന്ന് പോകുന്നില്ലേയെന്ന അല്ലെങ്കില്‍ ഒഴിവാക്കപ്പെടുമെന്ന തോന്നിലില്ലേ എന്ന ചോദ്യത്തിന് മോശം സിനിമകള്‍ ചെയ്യുന്ന കാലത്ത് മാത്രമാകും താന്‍ ഒഴിവാക്കപ്പെടുകയെന്നും മറ്റൊന്നിനും തന്നെ ഒഴിവാക്കാന്‍ കഴിയുകയില്ലെന്നും ഫഹദ് പറയുന്നു.
ആഗോള ബ്രാന്‍ഡ് ആയ വെര്‍ടുവിന്റെ ഫോണാണ് ഫഹദ് ഫാസില്‍ ഉപയോഗിക്കുന്നത്. വെര്‍ടുവും ഫെരാരിയും ചേര്‍ന്ന് പുറത്തിറക്കിയ Vertu Ascent – 4 GB – Black ഫോണാണ് ഇത്. ഈ ഫോണിന് Ebay സൈറ്റില്‍ 1199 ഡോളറാണ് വില. ഇന്ത്യന്‍ രൂപ ഏകദേശം ഒരു ലക്ഷം രൂപയോളം വരും. 2 ഇഞ്ച് QVGA സഫയര്‍ ക്രിസ്റ്റല്‍ ഡിസ്പ്ലേ ആണ് ഫോണിന് ഉള്ളത്. ടൈറ്റാനിയവും ഫെരാരി സ്പോര്‍ട്സ് കാറുകളില്‍ ഉപയോഗിക്കുന്ന തുകലും ഫോണില്‍ ഉപയോഗിക്കുന്നുണ്ട്. 3G/ക്വാഡ്-ബാന്‍ഡ് GSM പിന്തുണയുള്ള ഫോണില്‍ ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി കണക്റ്റിവിറ്റി, ഫ്ലാഷോടുകൂടിയ 3-മെഗാപിക്സല്‍ ഓട്ടോഫോക്കസ് ക്യാമറ, 4GB ഓണ്‍ബോര്‍ഡ് മെമ്മറി എന്നിവയും ഉണ്ട്.






