
ഗാസിയാബാദ്: ലോകത്തെ ഒരു രാഷ്ട്രവും അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്റ്റ് ആർക്ടിക്ക’ എന്ന സങ്കല്പ രാജ്യത്തിൻ്റെ പേരിൽ ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ വ്യാജ എംബസി നടത്തിവന്ന ഹർഷവർധൻ ജെയിൻ പിടിയിലായി. ആഡംബരപൂർണ്ണമായ ഇരുനില കെട്ടിടം വാടകയ്‌ക്കെടുത്താണ് ജെയിൻ്റെ വ്യാജ ‘എംബസി’ പ്രവർത്തിച്ചിരുന്നത്. ‘അംബാസഡർ’ ആയി ഇയാൾ വിലസിയത് 8 വർഷമാണ്. ഹർഷവർധന്റെ പ്രധാന ഉദ്ദേശ്യം, എംബസിയുടെ മറവിൽ ജോലിതട്ടിപ്പും ഹവാല റാക്കറ്റ് നടത്തിപ്പുമായിരുന്നു. വിദേശത്ത് ജോലിക്കു വേണ്ടി ശ്രമിക്കുന്ന വ്യക്തികൾക്കും വിദേശ കമ്പനികൾക്കും മധ്യസ്ഥത വഹിക്കുക, കടലാസ് കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിക്കുക എന്നാവയായിരുന്നു ഇവിടെ നടന്നുകൊണ്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വെസ്റ്റ് ആർക്ടിക്ക മാത്രമല്ല സബോർഗ, പോൾവിയ, ലോഡോണിയ എന്നിങ്ങനെ പല വ്യാജ രാജ്യങ്ങളുടെയും കോൺസുൽ അഥവാ അംബാസഡർ എന്നാണ് ഹർഷവർധൻ സ്വയം വിശേഷിപ്പിക്കുന്നത്. ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സ് പിടികൂടിയ ഇയാളുടെ ‘എംബസി’ പരിസരത്തുണ്ടായിരുന്ന വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകളുള്ള ആഡംബര കാറുകളും, ഓഫിസിൽ നിന്ന് വ്യാജ പാസ്പോർട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ അടക്കം വലിയ സാമ്പത്തിക കുറ്റകൃത്യങ്ങൾ ഇവർ നടത്തിയിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ വ്യാജ എംബസിക്ക് പിന്നിലുള്ള ‘വെസ്റ്റ് ആർക്ടിക്ക’ എന്നത് 2001ൽ യു.എസ്. നാവികസേനയിലെ ഉദ്യോഗസ്ഥനായിരുന്ന ട്രാവിസ് മക്ഹെന്റി സ്ഥാപിച്ച ഒരു ‘മൈക്രോനേഷൻ’ (ഒരു ചെറിയ സാങ്കൽപ്പിക രാജ്യം) ആണ്. അൻ്റാർട്ടിക്കയിൽ 6,20,000 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ഒരു പ്രദേശമാണിതെന്നാണ് മക്ഹെന്റി അവകാശപ്പെടുന്നത്. ഇയാൾ സ്വയം ‘ഗ്രാൻഡ് ഡ്യൂക്ക്’ ആയി പ്രഖ്യാപിക്കുകയും, തൻ്റെ രാജ്യത്ത് 2,356 പൗരന്മാരുണ്ടെന്നും പറയുന്നു. സ്വന്തമായി ഒരു പതാകയും കറൻസിയുമൊക്കെ ഈ സാങ്കൽപ്പിക രാജ്യത്തിനുണ്ടെങ്കിലും, ലോകത്തിലെ ഒരു പരമാധികാര രാജ്യവും വെസ്റ്റ് ആർക്ടിക്കയെ അംഗീകരിച്ചിട്ടില്ല. ഇങ്ങനെയൊരു സാങ്കൽപ്പിക രാജ്യത്തിൻ്റെ പേര് ഉപയോഗിച്ച് ഇന്ത്യയിൽ നടത്തിയ തട്ടിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ലണ്ടൻ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽനിന്ന് എംബിഎ ബിരുധം നേടിയ ആളാണ് ഹർഷവർധനെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗാസിയബാദിലെ വ്യവസായിയുടെ മകൻ, രാജസ്ഥാനിൽ മാർബിൾ ഖനികൾ സ്വന്തമായുള്ള സമ്പന്ന കുടുംബം. എന്നാൽ പിതാവിന്റെ മരണത്തോടെ കുടുംബത്തിന് കനത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. ഈ സമയത്താണ് ഹർഷവർധൻ ആൾദൈവമായ ചന്ദ്രസ്വാമിയെ പരിചയപ്പെടുന്നത്. ഇയാളുടെ സഹായത്തോടെ ഹർഷവർധൻ ലണ്ടനിലേക്ക് പോയി ഏതാനും കമ്പനികൾ തുടങ്ങി. കള്ളപ്പണം വെളുപ്പിക്കലായിരുന്നു കമ്പനികള്‍ രൂപീകരിച്ചതിനു പിന്നിലെ ലക്ഷ്യം. രാജ്യാന്തര ആയുധ വ്യാപാരിയായ അദ്നാൻ ഖഷോഗ്ജിയുമായും ഹർഷവർധന് ബന്ധമുണ്ടത്രേ.
ചന്ദ്രസ്വാമിയുടെ മരണ ശേഷം ഗാസിയാബാദിൽ തിരിച്ചെത്തിയ ഹർഷവർധൻ ഇല്ലാത്ത രാജ്യത്തിന്റെ പേരിൽ വ്യാജ എംബസി തുറന്നു. ആളുകളുടെ വിശ്വാസം നേടിയെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങൾ വ്യാജമായി നിർമിച്ച് ‘എംബസി’യിൽ പ്രദർശിപ്പിച്ചു ഇയാൾ. ഇതാദ്യമായല്ല ഹർഷവർധൻ അന്വേഷണ ഏജൻസികളുടെ വലയിലാകുന്നത്. 2011ൽ സാറ്റലൈറ്റ് ഫോൺ അനധികൃതമായി കൈവശംവച്ച കുറ്റത്തിന് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.






