KeralaNEWS

വിഎസിനെ അധിക്ഷേപിച്ച് പോസ്റ്റിട്ടു; കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തു

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ അധിക്ഷേപ പോസ്റ്റിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തു. എറണാകുളം ഏലൂരിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകയായ വൃന്ദ വിമ്മിക്കെതിരെയാണ് കേസ്. ഫേസ്ബുക്കിലാണ് വൃന്ദ അധിക്ഷേപ പോസ്റ്റ് പങ്കുവച്ചത്.

വൃന്ദ വിമ്മി എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വളരെപ്പെട്ടന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ഡിവൈഎഫ് നേതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. ഉമ്മന്‍ചാണ്ടിയേയും കുടുംബത്തെയും വിഎസ് അധിക്ഷേപിച്ചത് ഒരു കോണ്‍ഗ്രസുകാരനും മറന്നുപോകരുതെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

Signature-ad

വി.എസിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് കുറിപ്പിട്ട ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യാസിന്‍ അഹമ്മദിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡി വൈ എഫ് ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പിന്നീട് ജാമ്യത്തില്‍ വിട്ടു.

വി.എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട അദ്ധ്യാപകനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം നഗരൂര്‍ സ്വദേശിയായ അനൂപിനെയാണ് (45) കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയെടുത്തതിനുശേഷം തുടര്‍ നടപടികളിലേയ്ക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. വി എസിന്റെ പേരെടുത്ത് പറയാതെയുള്ള പോസ്റ്റിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Back to top button
error: