മുന്‍ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ കേസുകളുടെ പരമ്പര; അച്ഛനും മകനും ജയിലില്‍ കിടന്നത് നൂറിലേറെ ദിവസം; IPS ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ദാമ്പത്യ കലഹത്തിനിടെ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും കേസില്‍ കുടുക്കി ജയിലിലടച്ച ഐപിഎസ് ഓഫീസര്‍ പരസ്യമായി മാപ്പു പറയണമെന്ന് സുപ്രീം കോടതി. ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇരുവരോടും നീരുപാധികം മാപ്പ് ചോദിക്കുന്നത് പ്രസിദ്ധീകരിക്കണമെന്നും അത് കോടതിയെ ധരിപ്പിക്കണമെന്നും സുപ്രീം കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് എ.ജി മാസി എന്നിവരുടെ ബെഞ്ചാണ് ഉത്തരവിറക്കിയത്.
2022 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ യുവതി തന്റെ മുന്‍ഭര്‍ത്താവിനെതിരെ 15 കേസുകളാണ് ചുമത്തിയത്. വധശ്രമം, ലൈംഗികപീഡനം, ഗാര്‍ഹികപീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍ ചുമത്തിയത്. ഇവരും ഭര്‍ത്താവും തമ്മിലുള്ള വിവാഹമോചനത്തിന് പിന്നാലെ മകളുടെ സംരക്ഷണാവകാശത്തിനുമുള്ള കേസ് കുടുംബ കോടതിയില്‍ പുരോഗമിക്കവേയാണ് ഭര്‍ത്താവിനും ഭര്‍തൃപിതാവിനുമെതിരെ ഇവര്‍ പല കേസുകളും ചുമത്തിയത്.
തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള നിയമയുദ്ധം തുടങ്ങി. അത് ഹൈക്കോടതിയും കടന്ന് സുപ്രീം കോടതി വരെയെത്തി. 2018-ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. നീണ്ടകാലമായി തുടരുന്ന കേസുകള്‍ മൂലം ഭര്‍ത്താവ് 109 ദിവസവും അയാളുടെ പിതാവ് 103 ദിവസവും ജയിലില്‍ കിടക്കേണ്ടി വന്നു. ഈ കഷ്ടനഷ്ടങ്ങള്‍ക്കാണ് യുവതി മാപ്പ് പറയേണ്ടത്.
അവര്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ക്ക് ഒരു തരത്തിലും പരിഹാരമുണ്ടാക്കാനോ നഷ്ടപരിഹാരം നല്‍കാനോ കഴിയില്ല. ശാരീരികവും മാനസികവുമായ ആഘാതത്തിന് ധാര്‍മ്മികമായ പരിഹാരമെന്ന നിലയില്‍ പരസ്യമായ മാപ്പുപറച്ചില്‍ ആവശ്യമാണെന്ന് കോടതി പറഞ്ഞു. വെറുതെ മാപ്പുപറഞ്ഞാല്‍ പറ്റില്ലെന്നും എങ്ങനെയായിരിക്കണം അതിലെ വാക്കുകളെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതില്‍ ഒരുതരത്തിലും മാറ്റം വരുത്താന്‍ പാടില്ലെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഇതിന് പുറമെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, സഹപ്രവര്‍ത്തകരെയോ മേലുദ്യോഗസ്ഥരെയോ സ്വാധീനിച്ച് മുന്‍ഭര്‍ത്താവിനോ കുടുംബാംഗങ്ങള്‍ക്കോ എതിരെ പുതിയ നടപടി സ്വീകരിക്കുന്നതില്‍നിന്നും കോടതി ഐപിഎസ് ഉദ്യോഗസ്ഥയെ വിലക്കിയിട്ടുണ്ട്. അതേസമയം, ഭര്‍ത്താവിന്റെ കുടുംബം ക്ഷമാപണത്തെ ഒരു വേദിയിലും വെല്ലുവിളിക്കുകയോ ഉദ്യോഗസ്ഥയെ മുന്‍വിധിയോടെ സമീപിക്കുകയോ ചെയ്യരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ‘പ്രസ്തുത വ്യവസ്ഥയുടെ ഏതൊരു ലംഘനവും കോടതിയോടുള്ള അവഹേളനമായി’ കണക്കാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2018 മുതല്‍ വേര്‍പിരിഞ്ഞു താമസിക്കുന്നതിനാലും പരസ്പരമുള്ള നിയമ പോരാട്ടങ്ങളാലും ഇരുവരുടെയും വൈവാഹിക ജീവിതത്തില്‍ അനുഞ്ജനത്തിനുള്ള സാധ്യതയില്ലെന്ന് കണ്ട് ഇവരുടെ വിവാഹം കോടതി നിയമപരമായി അവസാനിപ്പിച്ചു. ഇരുകുടുംബങ്ങളും പരസ്പരം നല്‍കിയിട്ടുള്ള കേസുകളെല്ലാം കോട
തി അസാധുവാക്കുകയും ചെയ്തു. ഇവരുടെ മകള്‍ അമ്മയോടൊപ്പം തുടരട്ടെയെന്നും കുട്ടിയുടെ അച്ഛന് ഇടയ്ക്കിടെ കുട്ടിയെ കാണാനുള്ള അവകാശമുണ്ടാവുമെന്നും വിധിയില്‍ പറയുന്നു.






