ഇപ്പോഴും നുഴഞ്ഞു കയറാനാകാത്ത ഭീകരശൃംഖല; ദുര്‍ബലമായ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍; പഹല്‍ഗാം ആക്രമണത്തിനു ശേഷവും നിഴലായി തുടരുന്ന തീവ്രവാദ സാന്നിധ്യം; രാഷ്ട്രീയത്തിന്റെ മറവിലെ ആഹ്വാനങ്ങള്‍; ടിആര്‍എഫിനെ തീവ്രവാദ സംഘടനയാക്കുമ്പോഴും ആശങ്കകള്‍ ഒഴിയുന്നില്ല; ലഷ്‌കറെ- തോയ്ബ കളം മാറ്റിച്ചവിട്ടുന്നത് ഇങ്ങനെ
അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനെതിരേ ഇന്ത്യ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടും 2011-12 കാലത്തുണ്ടായതിനേക്കാള്‍ അല്‍പം പോലും കുറവ് കൂട്ടക്കൊലകളില്‍ സംഭവിച്ചിട്ടില്ലെന്ന് സൗത്ത് ഏഷ്യന്‍ ടെററിസം പോര്‍ട്ടലിന്റെ--- കണക്കുകളില്‍ പറയുന്നു. ഈ വര്‍ഷം ഇതുവരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 68 പേരെയാണ്. 2011ല്‍ 181 പേരും 2012ല്‍ 121 പേരും കൊല്ലപ്പെട്ടു.

ന്യൂഡല്‍ഹി: സെപ്റ്റംബറിലെ തെളിഞ്ഞ പ്രഭാതത്തില്‍ കശ്മീരിലെ മാള്‍ട്ടല്‍ഹാമ എന്ന ചെറിയ ഗ്രാമത്തില്‍നിന്ന് ഡയല്‍ഗാമിലെ മെറ്റല്‍-ഷട്ടറിംഗ് യൂണിറ്റിലേക്കു ജോലിക്കുപോയിരുന്ന ഖുര്‍ഷിദ് അഹമ്മദ് ഗാനി എന്ന സൗമ്യനായ ചെറുപ്പക്കാരന്‍. ബൈക്കില്‍ വീട്ടില്‍നിന്നു പുറപ്പെടുകയും തിരിച്ചെത്തുകയും ചെയ്തിരുന്ന യുവാവിനെ കഴിഞ്ഞ മാര്‍ച്ചില്‍ പോഷാമ, കാഞ്ചിയുള്ളാര്‍, അഡിജെന്‍ എന്നിവിടങ്ങളിലും ഏപ്രിലില്‍ ഷോപ്പിയാനിലെ ദേവ്പോര-പദ്പവാന്‍ ഗ്രാമങ്ങളിലും ജൂലൈയില്‍ കുല്‍ഗാമിലെ കുന്ദ്-മാല്‍വാന്‍ വനത്തില്‍ രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ക്കുമൊപ്പം ‘കാട്ടിലെ ദുഷ്ടാത്മാവിനെപ്പോലെ’ കണ്ടെത്തിയെന്നു ചിലര്‍ പറഞ്ഞപ്പോഴും ആരും ഒന്നും സംശയിച്ചിരുന്നില്ല.
പക്ഷേ, പഹല്‍ഗാമിലെ ബൈസരന്‍ മൈതാനത്ത് കുടുംബങ്ങള്‍ക്കൊപ്പം ഉല്ലാസത്തിലായിരുന്ന ആളുകള്‍ക്കുനേരെ ‘കലിമ’ ചൊല്ലിച്ചശേഷം വെടിയുതിര്‍ത്ത തീവ്രവാദികളുടെ നേതാവായിരുന്നു ഗാനിയെന്നു കണ്ടെത്തുമ്പോള്‍ ഞെട്ടാത്തവരില്ല. ഒരോ സമയത്തും പോലീസിന്റെയും സൈന്യത്തിന്റെയും പട്രോളിംഗില്‍നിന്ന് ഇയാള്‍ ഇത്രകാലം തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി. ഏറ്റവുമൊടുവില്‍ ഇന്ത്യയുടെ നിരന്തര ആവശ്യം പരിഗണിച്ചു ലഷ്‌കറെയുടെ ശാഖയായ ടിആര്‍എഫിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുമ്പോഴും ആശങ്കകള്‍ ഒഴിയുന്നില്ല. ഗാനിയെപ്പോലെ ഇന്ത്യയുടെ കണ്ണുവെട്ടിച്ച് ചെറുപ്പക്കാര്‍ കശ്മീര്‍ താഴ്‌വരകളില്‍ മരണത്തിന്റെ വ്യാപാരികളായി തുടരുന്നു എന്നതിലെ അപകടം ചെറുതല്ല. ലഷ്‌കറെ തൊയ്ബയുടെ പുതിയ പ്രവര്‍ത്തന രീതികള്‍ അത്യന്തം അപകടകരമാണെന്നു ചൂണ്ടിക്കാട്ടുന്നതാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.
അഷ്മുജിയിലെ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്ന് എട്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം പഠനം ഉപേക്ഷിച്ച ഗാനി, കശ്മീരില്‍ ലഷ്‌കറിന്റെ ഏറ്റവും അടുപ്പക്കാരനായ വ്യക്തിയാണെന്നു ഇന്ത്യന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ വിശ്വസിക്കുന്നു. സൂഷ്മമായ നിരീക്ഷണങ്ങളില്‍നിന്ന് കണ്ണുവെട്ടിക്കാന്‍ പ്രത്യേകം രൂപകല്‍പന ചെയ്ത ദുര്‍ബലമായ മൊബൈല്‍ നെറ്റ്‌വര്‍ക്കും തീവ്രവാദികള്‍ ഉപയോഗിക്കുന്നു.
ടിആര്‍എഫിനെ തീവ്രവാദികളായി പ്രഖ്യാപിച്ചതിലൂടെ അല്‍പം ആശ്വാസം തോന്നാമെങ്കിലും അവരെക്കുറിച്ചു വളരെച്ചെറിയ വിവരം മാത്രമാണ് ലഭ്യമാകുന്നത് എന്നത് ആശങ്കയും ഇരട്ടിയാക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് വക്താന് ‘ദി പ്രിന്റി’ന് അനുവദിച്ച പ്രതികരണത്തില്‍ ചൂണ്ടിക്കാട്ടുന്നു. ടിആര്‍എഫ്-ലഷ്‌കറെ നെറ്റ് വര്‍ക്കുകളെക്കുറിച്ചുള്ള ധാരണ വളരെ പരിമിതമാണ്. പര്‍വതങ്ങളില്‍ ജിഹാദികള്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ആശയവിനിമയ സംവിധാനങ്ങളിലേക്കു കടന്നു കയറാന്‍ പ്രയാസമാണ്. ടിആര്‍എഫിനുവേണ്ടി തോക്കെടുക്കുന്നവരെ പിന്തുണയ്ക്കുന്നവരെക്കുറിച്ചും വളരെക്കുറച്ചു വിവരങ്ങള്‍ മാത്രമാണുള്ളത്.
സിആര്‍പിഎഫ് യൂണിറ്റുകളെ വ്യാപകമായി വിന്യസിച്ചിട്ടും വനത്തിനുള്ളില്‍ കനത്ത ഓപ്പറേഷനുകള്‍ക്കു കശ്മീര്‍ ഡിജിപി നളിന്‍ പ്രഭാത് ഉത്തരവിട്ടിട്ടും ഇതുവരെ പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയ ഒരു ടിആര്‍എഫ്-എല്‍ഇടി തീവ്രവാദിയെപ്പോലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനെതിരേ ഇന്ത്യ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടും 2011-12 കാലത്തുണ്ടായതിനേക്കാള്‍ അല്‍പം പോലും കുറവ് കൂട്ടക്കൊലകളില്‍ സംഭവിച്ചിട്ടില്ലെന്ന് സൗത്ത് ഏഷ്യന്‍ ടെററിസം പോര്‍ട്ടലിന്റെ— കണക്കുകളില്‍ പറയുന്നു. ഈ വര്‍ഷം ഇതുവരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 68 പേരെയാണ്. 2011ല്‍ 181 പേരും 2012ല്‍ 121 പേരും കൊല്ലപ്പെട്ടു.

ഠ അതിര്‍ത്തിക്കുള്ളിലെ ബോസ്
കേരളത്തില്‍നിന്നും ലബോറട്ടറി ടെക്‌നീഷ്യന്‍ യോഗ്യതനേടിയ സജ്ജദ് ഗുളും തീവ്രവാദത്തിന്റെ മറ്റൊരു ഉദാഹരണമാണ്. നോര്‍ത്ത് കശ്മീരിലെ അജാസ്- ബന്ദിപ്പോരയില്‍നിന്ന് എത്തിയ ഇയാളും കുടുംബവും ശ്രീനഗറിലെ മാജ്ഗുണ്ടിലാണ് ലാബോറട്ടറി നടത്തിയിരുന്നത്. പിന്നീടിയാള്‍ ഹിന്ദുസ്ഥാന്‍ മഷീന്‍ ടൂള്‍ ഫാക്ടറിക്കു സമീപം വീടും സ്വന്തമാക്കി. ശ്രീനഗറിലെ ശ്രീ പ്രതാപ് കോളജില്‍നിന്ന് ബിരുദം നേടിയശേഷം ഏഷ്യ പസഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍നിന്നും 199ല്‍ ബിരുദം സ്വന്തമാക്കി. ഇക്കാലത്തൊന്നും ഇയാളെ ഭീകരവാദികളുമായി ബന്ധിപ്പിക്കുന്ന ഒരു സൂചനയും ലഭിച്ചിരുന്നില്ല.
എന്നാല്‍, 2002ല്‍ ഗുള്‍ ഡല്‍ഹിയിലെ ബോംബാംക്രമണത്തിന് ആവശ്യമായ ഹവാല ഫണ്ട് ഇടപാടു നടത്തിയെന്ന കേസില്‍ അറസ്റ്റിലായി. 5 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കുശേഷഗ 2007ല്‍ പുറത്തിറങ്ങി. 2016ല്‍ ഇയാളെ ഗ്രനേഡുകളുമായി കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു. സമയത്തു ചാര്‍ജ് ഷീറ്റ് നല്‍കാതെ വന്നതോടെ 2017ല്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ വ്യാജ പാസ്‌പോര്‍ട്ട് നേടി പാക് അധിനിവേശ കശ്മീരിലേക്കു കടന്നു. അവിടെ ‘കശ്മീര്‍ ഫൈറ്റ്’ എന്ന ബ്ലോഗിലൂടെ ഇന്ത്യയെ പിന്തുണയ്ക്കുന്ന ജേണലിസ്റ്റുകള്‍ക്കെതിരേ ഭീഷണികള്‍ മുഴക്കിത്തുടങ്ങി. അവരുടെ ഏറ്റവും വലിയ ഇരയായിരുന്നു ന്യൂസ്‌പേപ്പര്‍ എഡിറ്ററായ ഷുജാത് ബുക്താരി. മെഹ്ബൂബ മുഫ്തിയുമായി ഇദ്ദേഹത്തിനു ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഗുള്ളിന്റെ നേതൃത്വത്തിലുള്ള കൊലപാതകം.
ഠ വിലക്കു വരുമ്പോള്‍ അപ്രത്യക്ഷമാകുന്നവര്‍
2018 മുതല്‍ 2022 വരെ ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ‘ഭീകരവാദ’ പട്ടികയില്‍നിന്ന് ഒഴിവാകാന്‍ പാകിസ്താന്‍ കിണഞ്ഞു പരിശ്രമിക്കുമ്പോഴും ടിആര്‍എഫ് ഇതില്‍നിന്ന് ഒഴിവായിനിന്നു. എല്ലാ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങളും അപ്രത്യക്ഷമായി. 2022നുശേഷം നിയന്ത്രണം ഒഴിവായതോടെ പാകിസ്താനില്‍ ഇവര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.
കഴിഞ്ഞ വേനല്‍ക്കാലത്ത് ഗുള്‍ മുതിര്‍ന്ന ടിആര്‍എഫ് നേതാക്കളുമായി ഷോപ്പിയാനിലെ കെല്ലെര്‍ വനത്തില്‍ ചര്‍ച്ച നടത്തിയെന്ന് ഇന്റലിജന്‍സ് സംശയിക്കുന്നു. അന്നു നടത്തിയ ചര്‍ച്ചയുടെ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും അതിനുശേഷം ലഷ്‌കറെ-ടിആര്‍ഫ് തീവ്രവാദികള്‍ തുടര്‍ച്ചയായി ജനങ്ങള്‍ക്കും സൈന്യത്തിനും നേരെ ആക്രമണം അഴിച്ചുവിട്ടു. തിരിച്ചടികളില്‍ ജിഹാദികള്‍ കൊല്ലപ്പെട്ടപ്പോള്‍ ഇവരുടെ പോസ്റ്ററുകള്‍ വീരപരിവേഷങ്ങളുമായി പാകിസ്താന്‍ ഗ്രാമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
റാവല്‍പിണ്ടിയിലെ പുതിയ വീട്ടിലിരുന്ന് ഗുള്‍ ചെറിയതോതിലുള്ള ആക്രമണങ്ങള്‍ ശ്രീനഗറില്‍ നടത്തിയിരുന്നു. രാജ്യാന്തര നിയന്ത്രണങ്ങളുണ്ടായിട്ടും തങ്ങള്‍ എവിടെയും പോയിട്ടില്ലെന്നു തെളിയിക്കാനായിരുന്നു ഇത്. പോലീസിന്റെ ചാരനെന്നു കരുതിയിരുന്ന മീരാന്‍ അലി, പോലീസുകാരനായ അര്‍ഷാദ് അഹമ്മദ് മിര്‍, സ്‌കൂള്‍ ടീച്ചറായ സുപീന്ദര്‍ കൗര്‍, ദീപക് ചന്ദ് എന്നിവരെ ശ്രീനഗറിലെ ഗാന്ധി മെമ്മോറിയല്‍ കോളജിലെ വിദ്യാര്‍ഥികളായിരുന്ന മെഹ്‌റാന്‍ ഷല്ല കൊലപ്പെടുത്തിയത് ഏവരെയും ഞെട്ടിച്ചു. ജിഹാദികളുടെ യൂത്ത് ഐക്കണായിരുന്ന ബുഹ്‌റാന്‍ വാനി കൊല്ലപ്പെട്ടപ്പോള്‍ പോലീസിനെതിരേ കല്ലെറിഞ്ഞവരുടെ കൂട്ടത്തില്‍ മെഹറാനുമുണ്ടായിരുന്നു.
ഠ ലഷ്‌കറിന്റെ രാഷ്ട്രീയ തന്ത്രം
ഇന്ത്യയില്‍ നിരന്തരം കുഴപ്പങ്ങളുണ്ടാക്കുമ്പോഴും പാകിസ്താനില്‍ ലഷ്‌കര്‍ നേതാക്കള്‍ പ്രവര്‍ത്തനങ്ങളില്‍ കര്‍ശന നിയന്ത്രണം പുലര്‍ത്തുന്നു. സാജിദ് സൈഫുള്ള ജാട്ട് ആണ് ഇവരെ നിയന്ത്രിക്കുന്നതെന്നാണ് ഇന്റലിജന്‍സ് വിശ്വസിക്കുന്നത്. ‘സാജിദ് ലാംഗ്ഡ’ (അല്ലെങ്കില്‍ ലാം സാജിദ്) എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഇയാള്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കസൂറിനടുത്തുള്ള ചങ്ക മംഗ ഗ്രാമത്തില്‍ നിന്നുള്ളയാളാണ്.
മില്ലി മുസ്ലിം ലീഗ് അല്ലെങ്കില്‍ നാഷണല്‍ മുസ്ലിം ലീഗ് എന്നീ പാര്‍ട്ടികളിലൂടെയാണു ലഷ്‌കര്‍ നേതാക്കള്‍ അവരുടെ സന്ദേശങ്ങള്‍ നല്‍കുന്നത്. പഹല്‍ഗാം ആക്രമണത്തിനു മുമ്പും ഇവര്‍ പരസ്യമായി ഇന്ത്യക്കെതിരേ പ്രസംഗങ്ങള്‍ നടത്തിയിരുന്നു. മെയ് മാസത്തിലെ നാല് ദിവസത്തെ യുദ്ധത്തിനുശേഷം, ഫൈസല്‍ നദീം, അബ്ദുള്‍ റൗഫ് തുടങ്ങിയ ലഷ്‌കര്‍ കമാന്‍ഡര്‍മാര്‍ പാകിസ്താനില്‍ പരസ്യമായി പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
ഒരു ദശാബ്ദം മുമ്പ് സൃഷ്ടിച്ച രാഷ്ട്രീയ സാഹചര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുക എന്നതാണ് ലഷ്‌കറിന്റെ തന്ത്രം. സാജിദിനെപ്പോലുള്ള ലഷ്‌കര്‍ ജിഹാദ് കമാന്‍ഡര്‍മാര്‍ വളര്‍ന്നുവരുന്ന ഇസ്ലാമിക രാഷ്ട്രീയത്തെയും മുതലെടുത്തു. 2006 ല്‍, ശ്രീനഗറിലെ ലൈംഗിക തൊഴിലാളികള്‍ക്കെതിരേ ആക്രമണം നടത്തി. അടുത്ത വര്‍ഷം, ഒരു കശ്മീര്‍ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ പ്രചാരണം നടത്താനും ഇസ്ലാമിസ്റ്റുകള്‍ ഉപയോഗിച്ചു.
2008 ന്റെ തുടക്കത്തില്‍, വിദ്യാര്‍ഥികള്‍ പോപ്പ് നൃത്തം നടത്തിയത് പ്രചരിപ്പിച്ചെന്ന പേരില്‍ അനന്ത്‌നാഗില്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ടു. 2008-ല്‍, അമര്‍നാഥ് ക്ഷേത്രത്തിന് ഭൂവിനിയോഗ അവകാശങ്ങള്‍ അനുവദിച്ചതിനുശേഷവും അക്രമങ്ങള്‍ നടന്നു. ഇവിടെ ഹിന്ദുക്കളുടെ കുടിയേറ്റം നടത്തുന്നെന്നു ചൂണ്ടിക്കാട്ടി ഇസ്ലാമിസ്റ്റായ സയ്യിദ് ഷാ ഗീലാനി വിവാദ പ്രസ്താവനകള്‍ നടത്തി. ‘ഞാന്‍ എന്റെ രാജ്യത്തിനു മുന്നറിയിപ്പു നല്‍കുന്നു, നാം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇന്ത്യയും അതിന്റെ ശിങ്കികളും നമ്മെ കുടിയിറക്കും’ എന്നായിരുന്നു പ്രസ്താവന.
സാജിദ് കശ്മീരില്‍ നിന്ന് പലായനം ചെയ്‌തെങ്കിലും, അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഗ്രാമപ്രദേശങ്ങളില്‍ ആരാധനാ മൂര്‍ത്തികളായി വളര്‍ന്നു. ബഹാവല്‍പൂരില്‍ ജനിച്ച അബു ഖാസിം എന്നും അറിയപ്പെടുന്ന അബ്ദുള്‍ റഹ്‌മാന്റെ ശവസംസ്‌കാരത്തിന് പതിനായിരങ്ങളാണ് എത്തിയത്.

റുക്കയ്യ ദര്‍ എന്ന കശ്മീരി വനിതയെ വിവാഹം കഴിച്ച സാജിദിനെപ്പോലെ, അദ്ദേഹത്തിന്റെ പിന്‍ഗാമിയായ അബു ദുജാനയും 2016-ല്‍ ജിഹാദിസ്റ്റ് സോഷ്യല്‍ മീഡിയ ഐക്കണ്‍ ബുര്‍ഹാന്‍ വാനിയുടെ ശവസംസ്‌കാര ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍, ആഹ്ലാദഭരിതമായ കരഘോഷത്തോടെയാണ് എതിരേറ്റതെന്ന് ഇന്റലിജന്‍സ് പറയുന്നു.
ഇന്ത്യന്‍ സര്‍ക്കാര്‍ കശ്മീരിനു സംസ്ഥാന പദവി നല്‍കുന്നതു വൈകിപ്പിക്കുന്നതിനെയും ലഷ്‌കര്‍ പ്രോത്സാഹിപ്പിക്കുന്നു. കശ്മീരി യുവാക്കളില്‍ ക്രമേണ പ്രതിഷേധങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ഇതു സഹായിക്കുമെന്നാണ് ലഷ്‌കറിന്റെ വിലയിരുത്തലെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. നടപടികള്‍ വൈകുന്നതിന് അനുസരിച്ച് ലഷ്‌കര്‍ പ്രവര്‍ത്തകരില്‍ പലരും പിര്‍ പഞ്ചല്‍ പര്‍വത നിരകളില്‍ ഇന്ത്യന്‍ സേനയെ തുടര്‍ന്നും ആക്രമിക്കും.
വിശാലമായ ദേശീയ ചുറ്റുപാടുകളുമായി കശ്മീരിനെ സംയോജിപ്പിക്കുന്നതില്‍ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും മതാധിപത്യത്തിന്റെ പ്രവാഹങ്ങള്‍ ഇപ്പോഴും ഇവിടെ ശക്തമാണ്. ഇടയ്ക്കിടെ മിസൈലുകള്‍ വിക്ഷേപിച്ചുകൊണ്ട് ഇന്ത്യക്കു തീവ്രവാദത്തെ തോല്‍പിക്കാന്‍ കഴിയില്ല. അതിന് ഉദ്യോഗസ്ഥര്‍ ഇടപെടുന്ന സമൂഹത്തെക്കുറിച്ച് ആഴത്തിലുള്ള അറിവുകള്‍ ആവശ്യമാണ്. ഇന്നത് ഇല്ലെന്ന് ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥനും പറയുന്നു. ‘ജമ്മു കശ്മീര്‍ പോലീസിനെ കേന്ദ്രഭരണ പ്രദേശത്തിന്റെ കേഡറില്‍ ലയിപ്പിച്ചശേഷം ഇതുവരെ ഭീകരവാദവുമായി ദീര്‍ഘകാലം പൊരുതി നില്‍ക്കാന്‍ പ്രതിജ്ഞാബദ്ധരായ ഉദ്യോഗസ്ഥരെ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. സ്ഥിരമായ ഇന്റലിജന്‍സ് പ്രവര്‍ത്തനത്തിന് ആവശ്യമായ ആഴത്തിലുള്ള വ്യക്തിപരമായ ബന്ധങ്ങളും കെട്ടിപ്പടുത്തിട്ടില്ല’- അദ്ദേഹം പറഞ്ഞു.
After The Resistance Front’s terror designation, Lashkar is planning evil new war against India






