ഉപരാഷ്ട്രപതി പദവിയില്‍നിന്ന് ജഗ്ദീപ് ധന്‍കറിന്റെ രാജി നിഗൂഢതയില്‍ പൊതിഞ്ഞ കടങ്കഥയോ? ഇരുണ്ടു വെളുത്തപ്പോള്‍ ഇന്ദ്രപ്രസ്ഥത്തില്‍ സംഭവിച്ചത്; രാജ്യസഭയില്‍ ‘ചാവേര്‍’ ആയിട്ടും മോദിയുടെ പ്രതികരണം 13 മണിക്കൂര്‍ വൈകി; ബിജെപി എംപിമാരെയും ധന്‍കറിനെതിരേ സജ്ജമാക്കി; ചുക്കാന്‍ പിടിച്ചത് മോദിയും രാജ്‌നാഥ് സിംഗും

ന്യൂഡല്‍ഹി: ‘ആയുരാരോഗ്യ സൗഖ്യം നേരുന്നു…’. രാജ്യസഭയില്‍ നിഷ്പക്ഷതയുടെ നാട്യം പോലുമില്ലാതെ ബിജെപിയുടെ നാവായിരുന്നിട്ടും ബംഗാള്‍ ഗവര്‍ണര്‍ എന്ന നിലയില്‍ ആ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവര്‍ എങ്ങനെ പെരുമാറരുത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നിട്ടും ഗവര്‍ണര്‍മാര്‍ക്കു ബില്ല് പാസാക്കാന്‍ മൂന്നുമാസം സമയം നിശ്ചയിച്ച സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച, രാജ്യത്തിന്റെ രണ്ടാമത്തെ പരമോന്നത ഭരണഘടനാ സ്ഥാനത്തിരുന്ന ഏക വ്യക്തിയായിരുന്നിട്ടും ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം ഈ ഒറ്റവാക്കില്‍ ഒതുങ്ങി. അതും ഏതാണ്ടു 13 മണിക്കൂറുകളോളം വൈകി, ധന്‍കറിനെ നേരിട്ടു സന്ദര്‍ശിക്കാന്‍പോലും മെനക്കെടാതെ സോഷ്യല്‍ മീഡിയയായ എക്‌സിലൂടെ.
ഒരുപക്ഷേ, സ്വന്തം പാളയത്തിലെ ഒരു നേതാവ് വിശ്രമ ജീവിതത്തിലേക്കു നയിക്കുമ്പോള്‍ പുറത്തുവരേണ്ടിയിരുന്ന വാക്കുകളുടെ മഹാപ്രളയമൊന്നും മോദിയില്‍നിന്നുണ്ടായില്ല. ഒപ്പം ‘ജഗ്ദീപ് ധന്‍കറിന് രാജ്യത്തെ സേവിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചു’ എന്ന കാര്യവും മോദി ഭംഗ്യന്തരേണ പറഞ്ഞു വയ്ക്കുന്നു. അതായത്, അദ്ദേഹത്തിനു തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിരവധി പദവികള്‍ നല്‍കിയെന്ന് അര്‍ഥം.
അധികാരത്തിന്റെ ഇടനാഴികളില്‍ ഏതാനും നാളുകളായി തുടര്‍ന്നിരുന്ന പടലപ്പിണക്കങ്ങളാണ് ഏതാനും മണിക്കൂറുകള്‍ക്കിടയിലെ ചടുല നീക്കങ്ങളായി പുറത്തുവന്നത് എന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകളെ ഉറപ്പിക്കുന്നതായിരുന്നു ധന്‍കറിന്റെ മുന്നറിയിപ്പില്ലാത്ത രാജി. സഭാധ്യക്ഷനെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിനെ തുടര്‍ച്ചയായി പ്രതിരോധിച്ചും പ്രതിപക്ഷ നേതാക്കള്‍ക്കുനേരെയുള്ള കടുംവെട്ടുകളുടെ പേരില്‍ രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങിയും ‘മോദി’യുടെ ചാവേറെന്ന ആക്ഷേപത്തില്‍ കുലുങ്ങാതെയും നിന്നയാള്‍ക്ക് ലഭിക്കേണ്ടിയിരുന്ന വിടവാങ്ങല്‍ സന്ദേശമായിരുന്നില്ല അത്. മോദിയുടെ ‘തണുത്ത’ ആശംസ പിണക്കങ്ങളുടെ ആഴങ്ങളിലേക്കുള്ള സൂചനയാണെന്ന വാദങ്ങള്‍ക്കു മൂര്‍ച്ച കൂടുന്നതും ഇവിടെയാണ്. ബിജെപി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അദ്ദേഹത്തിന്റെ രാജിയിലേക്കു നയിച്ചു എന്നാണു പൊതുവായ വിലയിരുത്തല്‍.

ജഗ്ദീപ് ധന്‍കര്‍ പരിധി ലംഘിച്ചെന്നും അദ്ദേഹത്തിനെതിരേ അവിശ്വാസ പ്രമേയം ഉടന്‍ വേണമെന്ന് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ തീരുമാനമായെന്നും ഇതാണു രാജിക്കു കാരണമെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരോഗ്യപരമായ കാരണങ്ങളാണു രാജിക്കായി ചൂണ്ടിക്കാട്ടുന്നതെങ്കിലും, വീട്ടില്‍നിന്നു പണച്ചാക്കുകള്‍ കണ്ടെത്തിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഇംപീച്ച്‌മെന്റിനായി പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന ധന്‍കറിന്റെ ആഹ്വാനം കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനു വിരുദ്ധമാണെന്നും അദ്ദേഹം പരിധിവിട്ടെന്നും അഭിപ്രായം ബിജെപിയില്‍ ഉയര്‍ന്നെന്നുമാണു റിപ്പോര്‍ട്ട്. ആറുമാസം മുമ്പ് ധന്‍കറിനെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷം ഇക്കുറി അദ്ദേഹത്തിനു പിന്തുണയുമായി വന്നതും ബിജെപി നേതൃത്വത്തെ ഞെട്ടിച്ചു. ഇതോടെയാണു ധന്‍കര്‍ ‘പരിധി ലംഘിച്ചു’ എന്ന് എംപിമാരെ ബിജെപി നേതൃത്വം അറിയിച്ചത്.
പ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് പ്രമേയം ധന്‍കര്‍ അംഗീകരിച്ചതിനു പിന്നാലെ മോദി മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുമായി യോഗം ചേര്‍ന്നു. പിന്നാലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ഓഫീസില്‍ മറ്റൊരു യോഗവും ചേര്‍ന്നെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. ഭരണകക്ഷിയിലെ എല്ലാ രാജ്യസഭാ എംപിമാരെയും അവിടെ വിളിച്ചു വരുത്താന്‍ ബിജെപിയുടെ ചീഫ് വിപ്പിനോട് രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. പത്തു പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് ബിജെപി എംപിമാരെ രാജ്‌നാഥ് സിങിന്റെ ഓഫിസിലേക്ക് വിളിപ്പിച്ചത്. തുടര്‍ന്ന് ഒരു പ്രധാന പ്രമേയത്തില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. ബിജെപി എംപിമാര്‍ക്ക് പിന്നാലെ എന്‍ഡിഎ ഘടകക്ഷിയില്‍പ്പെട്ട രാജ്യസഭാ എംപിമാരെയും വിളിപ്പിച്ചു.
എല്ലാവരോടും പ്രമേയത്തെക്കുറിച്ച് പുറത്തുപറയാന്‍ പാടില്ലെന്നും അടുത്ത നാല് ദിവസം ഡല്‍ഹിയില്‍ തന്നെ തുടരാനും നേതൃത്വം നിര്‍ദേശിച്ചു. പിന്നാലെ പ്രമേയത്തെക്കുറിച്ചും എംപിമാര്‍ അതില്‍ ഒപ്പുവച്ചുവെന്നും ഉള്ള വിവരം ധന്‍കറിനെ നേതൃത്വം അറിയിക്കുകയായിരുന്നു. ഇതോടെയാണ് രാത്രിക്കു രാത്രി ധന്‍കര്‍ ‘എക്‌സ്’ പേജിലൂടെ രാജി വിവരം പുറത്തുവിട്ടത്.
ഇന്നലെ വൈകിട്ടുവരെ സഭ നിയന്ത്രിച്ച ജഗ്ദീപ് ധന്‍കറിന് എന്ത് ആരോഗ്യ പ്രശ്‌നമാണുള്ളതെന്നായിരുന്നു രാജിവിവരം പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസിന്റെ ചോദ്യം. സമ്മര്‍ദത്തെ തുടര്‍ന്നാണു രാജിയെന്നു ഗൗരവ് ഗോഗോയും ജയ്‌റാം രമേശും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പരസ്യമായി പറഞ്ഞു.
തിങ്കളാഴ്ച രാജ്യസഭയില്‍ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ.പി. നഡ്ഡ നടത്തിയ പരാമര്‍ശങ്ങളും ഉപരാഷ്ട്രപതിയുടെ രാജയിലേക്കു നയിച്ചെന്നാണു വിവരം. ‘താന്‍ പറയുന്നതു മാത്രമേ സഭാധ്യക്ഷന്‍ രേഖപ്പെടുത്തൂ’ എന്നു നഡ്ഡ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസംഗത്തിനിടെയായിരുന്നു ഈ ഇടപെടല്‍. ഇക്കാര്യത്തില്‍ ധന്‍കര്‍ അസ്വസ്ഥനായിരുന്നു എന്നും സഭാ നടപടികള്‍ നിയന്ത്രിക്കാന്‍ അധികാരമുള്ള ‘ചെയറി’നോടുള്ള അനാദരവാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഇതും രാജിക്കു മുമ്പേയുള്ള പ്രകോപനമായി വിലയിരുത്തുന്നു.
തിങ്കളാഴ്ച മുതല്‍ ഇന്ദ്രപ്രസ്ഥത്തില്‍ നടന്ന അസാധാരണ നീക്കങ്ങളെ ഇങ്ങനെ ചുരുക്കാം.
തിങ്കളാഴ്ച ഉച്ചയ്ക്കു 12.30ന് രാജ്യസഭയുടെ ബിസിനസ് ഉപദേശക സമിതിയുടെ യോഗത്തില്‍ ജഗദീപ് ധന്‍കര്‍ പങ്കെടുത്തിരുന്നു. പാനല്‍ വീണ്ടും വൈകീട്ടു 4.30ന് യോഗം ചേരാന്‍ തീരുമാനിക്കുന്നു.
ഠ ഉച്ചയ്ക്ക് 2.00
ജസ്റ്റിസ് യശ്വന്ത് വര്‍മയെ നീക്കം ചെയ്യാനുള്ള പ്രമേയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. രാജ്യസഭ വര്‍ഷകാല സമ്മേളനത്തിനായി സമ്മേളിച്ചപ്പോഴാണ് പ്രതിപക്ഷ എംപിമാര്‍ നോട്ടിസ് അവതരിപ്പിച്ചത്. ഉപരിസഭയുടെ ചെയര്‍മാന്‍ കൂടിയായ ധന്‍കര്‍ നോട്ടിസ് സ്വീകരിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സഭയുടെ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ നീക്കം കേന്ദ്രസര്‍ക്കാരിനു രസിച്ചില്ല.
ഠ വൈകിട്ട് 4.07
പ്രതിപക്ഷ പിന്തുണയോടെ അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചതായി ഉപരാഷ്ട്രപതി സഭയെ അറിയിക്കുന്നു.
ഠ വൈകിട്ട് 4.30
ബിസിനസ് ഉപദേശക സമിതി യോഗം വീണ്ടും ചേരുന്നു, സര്‍ക്കാരില്‍ നിന്ന് ഒരു പ്രതിനിധിയും ഹാജരായില്ല. ഇതോടെ യോഗം മാറ്റിവച്ചു. യോഗത്തില്‍ സര്‍ക്കാര്‍ പ്രതിനിധി പങ്കെടുക്കാതിരുന്നതിനെ പ്രതിപക്ഷനേതാക്കള്‍ വിമര്‍ശിച്ചിരുന്നു. ഇത് ജഗദീപ് ധന്‍കറിനെ അസ്വസ്ഥനാക്കിയതായാണ് സൂചന. കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും കിരണ്‍ റിജിജുവുമായിരുന്നു സര്‍ക്കാരിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ എത്തേണ്ടിയിരുന്നത്. യോഗത്തിന് എത്താന്‍ സാധിക്കില്ലെന്ന് മുന്‍കൂട്ടി ഉപരാഷ്ട്രപതിയുടെ ഓഫിസിനെ അറിയിച്ചിരുന്നു എന്നാണ് ജെ.പി. നഡ്ഡ ഇന്ന് പറഞ്ഞത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ട്.
ഠ വൈകിട്ട് 5
കോണ്‍ഗ്രസ് നേതാക്കള്‍ ഉപരാഷ്ട്രപതിയെ കാണുന്നു, തുടര്‍ന്ന് പ്രതിപക്ഷ എംപിമാരുമായി മറ്റൊരു കൂടിക്കാഴ്ച നടത്തുന്നു.
ഠ രാത്രി 9.25
ഉപരാഷ്ട്രപതിയുടെ എക്സ് ഹാന്‍ഡില്‍ വഴി ജഗ്ദീപ് ധന്‍കര്‍ രാജി പ്രഖ്യാപിക്കുന്നു.
ഠ ജൂലൈ 22 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി
രാഷ്ട്രപതി ദ്രൗപദി മുര്‍മു ധന്‍കറിന്റെ രാജി സ്വീകരിക്കുന്നു
‘ദൈവിക ഇടപെടലിനു വിധേയമായി ശരിയായ സമയത്ത് 2027 ഓഗസ്റ്റില്‍ വിരമിക്കും’ എന്നു പത്തു ദിവസം മുമ്പ് പറഞ്ഞ ധന്‍കര്‍, വിടവാങ്ങല്‍ പ്രസംഗം പോലും നടത്താതെയാണു ചര്‍ച്ച് റോഡിലെ ഉപരാഷ്ട്രപതി ഭവനില്‍നിന്ന് പടിയിറങ്ങുന്നത്. ‘വിശദീകരിക്കാന്‍ കഴിയാത്ത നിഗൂഢതയില്‍ പൊതിഞ്ഞ കടങ്കഥ’ എന്നു പ്രതിപക്ഷം വിശേഷിപ്പിക്കുമ്പോള്‍ അതിനെ സാധൂകരിക്കേണ്ട തെളിവുകളും ഇനി പുറത്തു വരേണ്ടിയിരിക്കുന്നു.
modis-cold-farewell-message-for-ex-v-p-dhankhar-suggests-deeper-reasons-behind-sudden-exit






